
ദീർഘകാലം നിലനിൽക്കുന്ന ഒരു ഓഷധിയാണ് വെള്ള മഞ്ഞൾ (കുർകുമ സെഡോറിയ). കൊച്ചി മഞ്ഞൾ, കൂവ, വെള്ള മഞ്ഞൾ, കാട്ടുമഞ്ഞൾ, മഞ്ഞ കച്ചൂരം, കച്ചൂരം, കച്ചൂര മഞ്ഞൾ എന്നൊക്കെ അറിയപ്പെടുന്നു. ഈ ഇനത്തിൻറെ സ്വദേശം ഒരു പക്ഷേ നോർത്ത് ഈസ്‌റ്റ് ഇന്ത്യയും തെക്കു കിഴക്കൻ ഏഷ്യയും ആയിരിക്കാം. തെക്കേ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രത്യേകിച്ച്, മലേഷ്യ, ദക്ഷിണ ചൈന, തായ്വാൻ, ജപ്പാൻ എന്നിവിടങ്ങളിലും വെളുത്ത മഞ്ഞൾകൃഷി ചെയ്യുന്നു.
മാംസളമായ ഭൂകാണ്ഡത്തിന്റെ പുറം ഭാഗത്ത് ചാരനിറം കലർന്ന തവിട്ടുനിറവും അകത്ത് ഇളം മഞ്ഞകലർന്ന വെള്ളയുമാണ്. ഇവയുടെ ഇലകൾ തിളക്കമുള്ള പച്ചനിറമുള്ളതും പലപ്പോഴും ഉപരിതലത്തിൽ പർപ്പിൾ നിറമുള്ള ഞരമ്പ് ഉള്ളതുമാണ്.
ഭൂകാണ്ഡത്തിൽ 83.22% ഈർപ്പം, 6.64% മൊത്തം ചാരം, 0.64% ആസിഡിൽ ലയിക്കാത്ത ചാരം, 15.53% ആൽക്കഹോളിൽ ലയിക്കുന്ന സത്തുകൾ, 18.96% വെള്ളത്തിൽ ലയിക്കുന്ന സത്തുകൾ, 12.51% ഷുഗർ, 15.70% അന്നജം, 2.8% മൊത്തം അസ്ഥിര എണ്ണ എന്നിവ അടങ്ങിയിരിക്കുന്നു.
മഞ്ഞ നിറം നൽകുന്ന കുർക്കുമിൻ ഇതിൽ നിന്നുള്ള അന്നജത്തിന് നേരിയ മഞ്ഞനിറമാണ്. ഈ ചെടിയുടെ വേരിന് പലതരം ഔഷധ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. രോഗാണുക്കളെ നശിപ്പിക്കാനും, പൂപ്പൽ വളർച്ച തടയാനും, അലർജി, അർബുദം എന്നിവയെ ചെറുക്കാനും, വേദന സംഹാരിയായും, വീക്കം കുറയ്ക്കാനും, ശരീര കോശങ്ങളെ സംരക്ഷിക്കാനും, കരളിനെ സംരക്ഷിക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഭൂകാണ്ഡത്തിൽ നിന്നുലഭിക്കുന്ന എണ്ണയിൽ 1,8 സിനിയോൾ (18.5%), പിസിമെൻ (18.42%), ഫെല്ലൻഡ്രീൻ (14.93%) എന്നിവ പ്രധാന ഘടകങ്ങളായി കണ്ടെത്തിയിട്ടുണ്ട്.
Share your comments