ഇന്ന് മഹാഗണിയുടെ ഗുണങ്ങൾ പരിചയപ്പെടാം. വീട്ടുമുറ്റങ്ങളിൽ വലിയ പന്തൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ വൃക്ഷം. ഫർണിച്ചറുകൾക്കും മറ്റുമായി ലോകത്തിന്റെ പലയിടത്തും ഇതിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.
തടിക്കു പുറമെ, പ്രമേഹം, ഹൈപ്പർലിപിഡീമിയ തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ വിത്ത് ഉപയോഗപ്രദമാണ്. തണൽവൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു. മധ്യ അമേരിക്കയിലെ പലയിടങ്ങളിലും ഔഷധമായും ഇത് ഉപയോഗിക്കുന്നുണ്ട്.
പൂർണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലും തടി ആവശ്യങ്ങൾക്കായി മഹാഗണി വച്ച് പിടിപ്പിക്കുന്നു. താരതമ്യേന വില കുറവും എന്നാൽ കട്ടിൽ, മേശ തുടങ്ങി ഒരു വീട്ടിലെ മിക്ക ഉപകരണങ്ങൾക്കും മഹാഗണി പര്യാപ്തമാണ്.
മഹാഗണിയുടെ തടി കട്ടിയുള്ളതും കൂടുതൽ സ്ഥിരതയുള്ളതുമായതിനാൽ തന്നെ വിദേശ രാജ്യങ്ങളിൽ ഓക്കിനേക്കാൾ വ്യാപകമായി ഫർണിച്ചറുകൾക്ക് ഇത് പ്രയോജനകരമാണ്. അതായത് റെഡ് ഓക്കിന് 1290ഉം, വൈറ്റ് ഓക്കിന് 1360ഉം ആണ് കാഠിന്യമുള്ളതെങ്കിൽ മഹാഗണിക്ക് ഇത് 2200 ആണെന്ന് പറയാം.
തേക്കിനേക്കാൾ ഇവക്കു കാഠിന്യം കുറവാണ്. അതിനാൽ തന്നെ മഹാഗണിയുടെ വിലയും തേക്കിനേക്കാൾ താരതമ്യേനെ കുറവാണെന്നു പറയാം. ഏകദേശം 10 വർഷം പ്രായമുള്ള മഹാഗണിയുടെ തടിയ്ക്ക് ഇന്ത്യയിലെ വില 15,000 മുതൽ 20,000 വരെയാണ്.
വംശനാശഭീഷണി നേരിടുന്ന ഒരു മരം കൂടിയായതിനാൽ തെക്കേ അമേരിക്കയിൽ സ്വാഭാവികമായി വളരുന്ന മേഖലകളിൽ മഹാഗണി മുറിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നിരുന്നാലും മൂപ്പെത്തിയ വിത്തുകൾ മരത്തിന്റെ മുകളിൽ വച്ചു തന്നെ പൊട്ടി വ്യാപകമായി പരന്ന് മുളച്ച് വളരുന്നതുകൊണ്ട് ഇവയുടെ ചുവട്ടിൽ മറ്റു സസ്യങ്ങൾക്ക് വളരാൻ സാധിയ്ക്കാതെ സാധിക്കാതെ വരുന്നു. ഇവ നാട്ടുസസ്യങ്ങൾക്ക് അതിനാൽ ഭീഷണിയാവുന്നു.
വേനൽക്കാലത്ത് മഹാഗണി ഇല കൊഴിച്ച് മണ്ണിനെ മൂടുന്നു. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ ഒരു പുതപ്പ് പോലെ ഇത് പ്രയോജനം ചെയ്യുന്നു.
മാർച്ച് മുതൽ ജൂൺ വരെയാണ് മഹാഗണി പൂവിടുന്നത്. ഇവയുടെ പഴത്തിനുള്ളിൽ 50 ലധികം വിത്തുകളുണ്ട്. ഫലം ഇളം തവിട്ട് നിറത്തിലാകുമ്പോൾ വിത്ത് ശേഖരണം നടത്തണം. 12 മീറ്റർ അകലത്തിലായാണ് വിത്ത് പാകേണ്ടത്.
മഹാഗണിയുടെ മറ്റു ഗുണങ്ങൾ
ചെറുതും ഇടത്തരവുമായ ബോട്ടുകളുടെ നിർമാണത്തിന് ഫലപ്രദമായ മരം ആണ് മഹാഗണി. സംഗീതോപകരണങ്ങൾ നിർമിക്കാനും മഹാഗണി നല്ലതാണ്. മഹാഗണിയുടെ ചെറിയ ഇനങ്ങൾ വിറകിനായും കരിയാക്കി മാറ്റാനും ഉപയോഗിക്കുന്നു.
മഹാഗണി വ്യാപകമായി വളരുന്ന പ്രദേശങ്ങളിൽ, ഇതിന്റെ വിത്തുകൾ പൊടിച്ചു അവ വെള്ളത്തിൽ കലർത്തി കുടിയ്ക്കാറുണ്ട്. മനുഷ്യശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മഹാഗണി വിത്തുകൾ ക്ക് സാധിക്കും.
ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു. രക്ത ചംക്രമണം വർധിപ്പിക്കുന്നതിന് ഇവക്കാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മഹാഗണിയുടെ വിത്തുകളുടെ ദോഷവശങ്ങളെ കുറിച്ചും ധാരാളം പഠനം നടത്തി വരികയാണ്.
Share your comments