
മണ്ണിൽ എന്തൊക്കെ പോഷകങ്ങളുണ്ടെന്ന് അറിയാൻ മണ്ണ് പരിശോധന നടത്തണം. സൾഫർ ഉൾപ്പെടെയുള്ള പോഷണങ്ങളുടെ അളവ് ഈ പരിശോധനയിലൂടെ മനസ്സിലാക്കാം. സ്പൈസസ് ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കർഷ്കർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയുടെ ഫലങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ അളവിൽ സൾഫർ വളപ്രയോഗം നടത്താനുള്ള നിർദ്ദേശം ലഭിക്കും. വിവിധ വിളകൾക്ക് വളരുന്ന ഘട്ടങ്ങളിൽ വ്യത്യസ്ത അളവിൽ സൾഫർ ആവശ്യമാണ്. കൃഷി വകുപ്പ് നൽകുന്ന നിർദ്ദേശങ്ങളോ കൃഷിരീതികളെ പറ്റിയുള്ള പുസ്തകങ്ങളോ നോക്കി വളം ഇടുന്ന രീതി ക്രമീകരിക്കണം.
മണ്ണിൻ്റെ ഇനവും അതിൻ്റെ സ്വഭാവവും ചെടികൾക്ക് ലഭിക്കുന്ന സൾഫറിനെ ബാധിക്കുന്നു. ഉദാഹരണത്തിന്, മണൽ കലർന്ന മണ്ണിൽ കളിമണ്ണിൽ നിന്നും വ്യത്യസ്തമായി സൾഫർ കൂടുതൽ തവണകളായി ചേർക്കേണ്ടി വന്നേക്കാം. മണ്ണിൻ്റെ പി.എച്ച്. മൂല്യവും സൾഫർ ലഭ്യതയെ ബാധിക്കുന്നു. ക്ഷാര സ്വഭാവമുള്ള മണ്ണിൽ കൂടുതൽ സൾഫർ ആവശ്യമായി വന്നേക്കാം. മണ്ണ് പരിശോധനയിൽ സൾഫറിന്റെ കുറവ് കണ്ടെത്തിയാൽ, ആ കുറവ് നികത്താൻ വേണ്ട സൾഫറിന്റെ അളവ് കണക്കാക്കണം. ഈ കണക്കുകൂട്ടലിൽ. പരിശോധിച്ച സൾഫർ അളവും, പ്രത്യേക കൃഷിക്ക് ലക്ഷ്യം വച്ചിരിക്കുന്ന, അല്ലെങ്കിൽ ഏറ്റവും ഉചിതമായ സൾഫർ അളവും, തമ്മിൽ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. '
സസ്യങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട സൾഫർ അളവ് നിശ്ചയിക്കണം. ഉദാഹരണത്തിന്, പൂവിടലും കായ്‌പിടുത്തവും പോലുള്ള പ്രധാന സമയങ്ങളിൽ സസ്യങ്ങൾക്ക് കൂടുതൽ സൾഫർ ആവശ്യമായി വന്നേക്കാം. വളപ്രയോഗ പദ്ധതിയിൽ നിലവിലുള്ള സൾഫർ ഉറവിടങ്ങളും കണക്കിലെടുക്കണം. മണ്ണിൽ അഴുകിക്കിടക്കുന്ന ജൈവ വസ്തുക്കൾ, മുൻകാല വിളക്ളുടെ അവശിഷ്ടങ്ങൾ, കാറ്റിലൂടെ ലഭിക്കുന്ന സൾഫർ എന്നിവ മണ്ണിലെ സൾഫർ അളവ് വർദ്ധിപ്പിക്കാൻ ഇടയുണ്ട്. അമിതമായി സൾഫർ ഇടാതിരിക്കാൻ ഈ ഉറവിടങ്ങളും കണക്കാക്കണം.
മണ്ണിൻ്റെയും കൃഷിയിറക്കുന്ന വിളയുടെയും ആവശ്യത്തിന് അനുയോജ്യമായ സൾഫർ വളങ്ങൾ തിരഞ്ഞെടുക്കുക. വ്യത്യസ്‌ത സൾഫർ വളങ്ങളിൽ 2 ലയിക്കാനുള്ള കഴിവും പോഷണം നൽകാനുള്ള വേഗവും വ്യത്യസ്തമായിരിക്കും. സൾഫർ ചേർക്കുന്ന അളവ് മണ്ണിലെ സൾഫറിന്റെ അപര്യാപ്തതയേയും കൃഷി ചെയ്യുന്ന വിളയെയും ആശ്രയിച്ച് ഹെക്ടറിന് ഏതാനും കിലോഗ്രാം മുതൽ അധികരിച്ച നിലയിൽ വ്യത്യാസപ്പെടാം.
സാധാരണയായി ഹെക്ടറിന് 10 മുതൽ 50 കിലോഗ്രാം വരെ മൂലക സൾഫർ എന്ന കണക്കിൽ വളം ചേർക്കാറുണ്ടെങ്കിലും ഇതും വ്യത്യാസപ്പെട്ടേക്കാം. സാധാരണയായി കേരളത്തിൽ സൾഫർ കുറവുള്ള മണ്ണിൽ ഹെക്ടറിന് 25 കിലോഗ്രാം സൾഫർ എന്ന നിരക്കിൽ ഇടാൻ ശുപാർശ ചെയ്യുന്നു. സൾഫറിന്റെ കുറവ് പരിഹരിച്ചാൽ, കർഷകർക്ക് വിളവ്, ഗുണനിലവാരം, മണ്ണിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ചെടിക്ക് ആവശ്യമായ സൾഫർ ഇല്ലാത്ത ഏലത്തോട്ടങ്ങളിൽ ഹെക്ടറിന് 20 കിലോഗ്രാം ന്യൂട്രിയന്റ് ഗ്രേഡ് ബെൻ്റോണൈറ്റ് സൾഫർ എന്ന നിരക്കിൽ ഇന്ത്യൻ കാർഡമം റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യുന്നു. മണ്ണിൻ്റെ സ്ഥിരതയുള്ള പരിപാലനത്തിന് സൾഫർ അളവ് അത്യാവശ്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.
Share your comments