തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും എത്തുന്ന വാടിയ നീര് നഷ്ടപെട്ട മൂപ്പുകൂടിയ കരിമ്പ് കഴിച്ചേ നമുക്ക് ശീലമുള്ളൂ. കരിമ്പ് നമ്മുടെ നാട്ടിൽ വളരില്ല എന്നൊരു മിഥ്യാധാരണയാണ് കരിമ്പ് കൃഷിചെയ്യാൻ കർഷകരെ പ്രേരിപ്പിക്കാത്തത്. യഥാർത്ഥത്തിൽ കരിമ്പ് നന്നായി വളരുന്ന ഒരു സ്ഥലമാണ് കേരളം. നല്ല നീര് വാർച്ചയും ജലസേചന സൗകര്യവുമുണ്ടെങ്കിൽ എല്ലാത്തരം മണ്ണിലും കരിമ്പ് വളരും. ഒക്ടോബര് മുതൽ ഡിസംബർ വരെയുള്ള കാലത്താണ് പ്രധാനമായും കരിമ്പ് കൃഷി ചെയ്യുന്നത്. നടുന്നതിലുണ്ടാകുന്ന കാലതാമസം വിളവിനെയും പഞ്ചസാരയുടെ അളവിനെയും കുറയ്ക്കും. മാധുരി, മധുരിമ, തിരുമധുരം, മധുമതി എന്നിവയാണ് പ്രധാനപ്പെട്ട കരിമ്പിനങ്ങൾ.
കരിമ്പ് കൃഷി ചെയ്യാനായി നന്നായി കിളച്ചൊരുക്കിയ നിലത്തു 75 മുതൽ 90 വരെ സെമീ അകലത്തിലും 25 സെമി താഴ്ചയിലും എടുത്ത നീളത്തിലുള്ള കുഴികളിൽ കരിമ്പ് നടാം. നടീൽ വസ്തുവായി മൂന്നു കണ്ണുകൾ വീതം ഉള്ള കരിമ്പിൻ കഷണങ്ങൾ ആണ്. കപ്പ നടുന്നതിൽ നിന്നും വ്യത്യസ്തമായി ഇവ ചരിച്ചു വച്ചാണ് നടുന്നത്. കരിമ്പ് നട്ടു 75 ദിവസം കഴിയുമ്പോൾ കള പറിയ്ക്കുകയും മണ്ണിട്ട് മൂടുകയും വേണം രണ്ടാമത്തെ മണ്ണിട്ട് മൂടലിനൊപ്പം വളങ്ങൾ ചേർക്കാം. കരിമ്പ് വളർന്നു വരുമ്പോൾ കൂടുതലുള്ളതും കേടുള്ളതുമായ ഇളപ്പുകൾ ഒടിച്ചു കളയണം .നാട്ട ശേഷം മൂന്നുമാസത്തെ കാലയളവിനുള്ളിൽ കരിമ്പ് വിളവെടുക്കാം.
Share your comments