ദീര്‍ഘമായ മഴ ലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയുളളതും ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ പ്രദേശത്താണ് സാധാരണയായി കുരുമുളക് നന്നായി വളരുന്നത്. കേരളത്തിലെ ഞാറ്റുവേലകള്‍ പ്രധാനമായും തിരുവാതിര ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്.
തണ്ടുകള്‍ മുറിച്ചു നട്ടാണ് കുരുമുളകിന്റെ തൈകള്‍ സാധാരണയായി ഉത്പാദിപ്പിക്കുന്നത്. നടുന്നത് പ്രധാനമായും ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നു വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകള്‍ മുറിച്ച് കീഴ്ഭാഗവും, മേല്‍ഭാഗവും മുറിച്ചു നീക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍ നില്‍ക്കത്തക്കവണ്ണം നടുന്നു. ഇങ്ങനെ നടുന്ന വള്ളികള്‍ക്ക് തണല്‍ അത്യാവശ്യമാണ്. കൂടാതെ ഇവര്‍ക്ക് നമ്മള്‍ നല്ല രീതിയില്‍ നനച്ചു കൊടുക്കുകയും വേണം. ഇങ്ങനെ നട്ട വള്ളികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ നടാവുന്നതാണ്.
ഏപ്രിൽ -മെയിൽ പുതു മഴ പെയ്യുന്നതോടെ താങ്ങു മരങ്ങൾ നടാം. മുരുക്ക്, കിളിഞാവൽ, പെരുമരം, സുബാബുൾ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ കുരുമുളക് കൃഷി ചെയ്യുമ്പോൾ അക്വേഷ്യ, പ്ലാവ് തുടങ്ങിയവ താങ്ങായും മറ്റു ആദായത്തിനായി നട്ടുവളർത്താം. ഉയർന്ന പ്രദേശങ്ങളിൽ മുരുക്ക് സിൽവർ ഓക്ക് എന്നിവ കുരുമുളക് നടുന്നതിന് രണ്ടു മൂന്നു വർഷം മുൻപ് തന്നെ നട്ടുപിടിപ്പിക്കണം. താങ്ങുകൾ നടുന്നത് 40 മുതൽ 50 സെൻറീമീറ്റർ താഴ്ച്ചയിലുള്ള കുഴികളിൽ ആയിരിക്കണം. സമതലത്തിൽ 3 മീറ്ററും ചെരിവുള്ള പ്രദേശങ്ങളിൽ ചെടികൾ തമ്മിൽ രണ്ട് മീറ്ററും വരികൾ തമ്മിൽ നാലു മീറ്ററും അകലം പാലിക്കണം. നട്ടതിനുശേഷം ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കുന്നത് കമ്പ് മണ്ണിൽ ഉറച്ച് നിൽക്കുന്നതിന് സഹായിക്കും. താങ്ങു മരത്തിൽ നിന്നും 15 സെൻറീമീറ്റർ അകലത്തിൽ വടക്കുവശത്തായി 50*50*50 സെൻറീമീറ്റർ ആഴത്തിൽ കുഴികൾ എടുക്കണം. കുഴി ഒന്നിന് 50 ഗ്രാം ട്രൈക്കോഡർമ എന്നതോതിൽ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേൽമണ്ണുമായി കലർത്തി കുഴി നിറയ്ക്കണം.
ജൂൺ-ജൂലൈ കാലവർഷം തുടങ്ങുന്നതോടെ വേരുപിടിച്ച രണ്ടോ മൂന്നോ വള്ളികൾ വീതം കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണ് ഉറപ്പിക്കുന്നത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ സഹായിക്കും. വളർന്നുവരുന്ന തലകൾ താങ്ങു മരങ്ങളിൽ കെട്ടി നിർത്തണം. ചെടിക്ക് ആവശ്യമായ തണൽ നൽകുകയും വേണം. താങ്ങായി വളർത്തുന്നതെങ്കിൽ മരത്തിൻറെ തടിയിൽ നിന്ന് ഒന്നര മീറ്റർ അകലെ കുരുമുളക് തൈകൾ നടണം.
മികച്ച ഇനങ്ങൾ
മേൽത്തരം ഇനങ്ങൾ -പന്നിയൂർ 1, പന്നിയൂർ 2, പന്നിയൂർ 3, പന്നിയൂർ 4, പന്നിയൂർ 5, പന്നിയൂർ 6, പന്നിയൂർ 7, പന്നിയൂർ 8 വിജയ്, ശുഭകര, പഞ്ചമി പൗർണമി, മലബാർ എക്സൽ.
നാടൻ ഇനങ്ങൾ - കരിമുണ്ട, നീലമുണ്ട, കൊറ്റ നാടൻ, കുതിരവാലി, അറക്കളം മുണ്ട, ബാലൻ കോട്ട, കല്ലുവള്ളി.
Share your comments