ദീർഘകാല വിളകളായ കുരുമുളക് കാപ്പി എന്നിവയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. റബ്ബർ തോട്ടത്തിൽ സൂര്യപ്രകാശം കുറവേ കിട്ടുകയുള്ളൂ.
നാലാം വർഷം ആകുമ്പോഴേക്കും മരങ്ങളുടെ ഇലച്ചിൽ കൂടുന്നതോടെ ഇടവിളകൾക്ക് വേണ്ടത്ര സൂര്യപ്രകാശം കിട്ടാതെ, വളർച്ചയും ആദായവും കുറയും. ഇതിനൊരു പരിഹാരമാണ് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം, വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം ശുപാർശചെയ്ത പുതിയ നടീൽരീതി. തൈകളുടെ എണ്ണത്തിൽ കാര്യമായ കുറവുവരുത്താതെതന്നെ കൂടുതൽകാലം ഇടവിളകൾ കൃഷിചെയ്യാമെന്നൊരു മേന്മകൂടി ഈ നടീൽ രീതിക്കുണ്ട്.
ഇതിൽ റബർനിരകളെ രണ്ടുനിരകൾവീതമുള്ള ജോടികളായി കണക്കാക്കുന്നു. ഓരോ ജോടിയിലെയും രണ്ടു നിരകൾ തമ്മിൽ അഞ്ച് മീറ്ററും രണ്ടുജോടി നിരകൾ തമ്മിൽ ഒമ്പതു മീറ്ററും അകലം നൽകണം. നിരകളിലെ തൈകൾ തമ്മിൽ 3.2 മീറ്റർ അകലമാണ് നൽകേണ്ടത്. ഈ രണ്ടു ജോഡി നിരകൾക്കിടയിൽ സൂര്യപ്രകാശം കൂടുതൽകാലം ലഭ്യമായതിനാൽ, ഇടവിളകൾ ദീർഘകാലം കൃഷിചെയ്യാൻപറ്റും. ഈ രീതിയിൽ ഹെക്ടറിൽ 440 റബർതൈകൾ നടാം. കൂടുതൽ സൂര്യപ്രകാശം ആവശ്യമുള്ള പച്ചക്കറികൾ, വാഴ മുതലായവ ആദ്യവർഷങ്ങളിലും, ഭാഗികമായ സൂര്യപ്രകാശത്തിലും വളരുന്ന കിഴങ്ങുവർഗത്തിൽപ്പെട്ട ചേന, ചേമ്പ്, കാച്ചിൽ മുതലായവ പിന്നീടുള്ള വർഷങ്ങളിലും കൃഷിചെയ്യാം
സാധാരണ നടീൽരീതിയിൽ, റബർ നട്ട് മൂന്നുവർഷം മാത്രമേ പൈനാപ്പിൾപോലുള്ള ഇടവിളകളിൽനിന്ന് ആദായകരമായി വിളവെടുക്കാൻ പറ്റൂ. എന്നാൽ പുതിയ നടീൽരീതിയിൽ ഏഴുവർഷംവരെ പൈനാപ്പിൾ കൃഷിചെയ്ത് ആദായമെടുക്കാൻ കഴിയും. ഈ നടീൽരീതിയിൽ രണ്ടുജോടി റബർനിരകൾക്കിടയിൽ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നതിനാൽ ഇവിടെ കൃഷിചെയ്യുന്ന ദീർഘകാല വിളകളായ കൊക്കൊ, കാപ്പി എന്നിവയിൽനിന്ന് താരതമ്യേന കൂടുതൽ ആദായം പ്രതീക്ഷിക്കാം.
Share your comments