മഴ മാറിയാൽ കടലാസ് പൂക്കൾ ധാരാളമായി ഉണ്ടാകും. ചെടിയിൽ ഏറെനാൾ കൊഴിയാതെ നിൽക്കുന്ന പൂക്കൾ തന്നെയാണ് ബോഗൺവില്ല നട്ടുപിടിപ്പിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാരണം. ഇളം കമ്പുകൾ നട്ടുപിടിപ്പിച്ചും, നവീന ഇനങ്ങളുടെ തൈകൾ പതിവച്ചും കൃഷി ഒരുക്കാവുന്നതാണ്.
ശരിയായ വളപ്രയോഗം നടത്തിയാൽ ബോഗൺവില്ലയിൽ എപ്പോഴും പൂക്കൾ ഉണ്ടാകും. എന്നാൽ പൂക്കൾ നിറയെ ഉണ്ടാകാനുള്ള മറ്റൊരു വഴിയാണ് കമ്പുകോതൽ.
കമ്പുകോതൽ എങ്ങനെ?
ദിവസവും ആറു മണിക്കൂർ നല്ല വെയിൽ ലഭ്യമായാൽ മാത്രമാണ് ഈ ചെടിയിൽ നല്ല രീതിയിൽ പൂവ് ഉണ്ടാകുകയുള്ളൂ. വെയിൽ ലഭ്യമായാൽ മാത്രം പോരാ ശരിയായ രീതിയിൽ കൊമ്പുകോതൽ നടത്തുകയും വേണം. കൊമ്പുകോതൽ നടത്തിയാൽ ചെടി കുറ്റിച്ചെടിയായി പരിപാലിക്കാൻ എളുപ്പമാണ്.
ബന്ധപ്പെട്ട വാർത്തകൾ : ബോഗൻവില്ലയിൽ ഈ ഒരൊറ്റ പ്രയോഗം ചെയ്താൽ എല്ലാ കാലാവസ്ഥയിലും നിറയെ പൂക്കൾ ഉണ്ടാകും
മെയ് മാസം അവസാനം മഴയ്ക്ക് മുൻപ് ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു കളയണം. ഇങ്ങനെ ചെയ്യുന്ന പക്ഷം മഴക്കാലത്ത് ധാരാളമായി പൂക്കൾ ഉണ്ടാകുന്നു. വർഷക്കാലം കഴിഞ്ഞാൽ നന പരിമിതപ്പെടുത്തണം. ഇത് കടലാസ് ചെടിയിൽ പൂക്കൾ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കും. ചെടി പൂവിടുന്നത് വരെ ഇലകൾ വാടുന്ന അവസ്ഥയിൽ മാത്രം നന നൽകുക. അതിനുശേഷം കമ്പു കോതിയ ചെടി ധാരാളമായി പുഷ്പിക്കാൻ റോക്ക് ഫോസ്ഫേറ്റും പൊട്ടാസ്യം നൈട്രേറ്റും അടങ്ങിയ കൂട്ടു വളം നൽകണം. മിശ്രിതത്തിൽ ഉണ്ടാകുന്ന പുളിപ്പ് മാറ്റുവാൻ അല്പം കുമ്മായം വിതറുന്നത് നല്ലതാണ്. മെയ്- ജൂൺ മാസങ്ങളിലാണ് ചെടി ഗ്രാഫ്റ്റ് ചെയ്യാനും പതി വെച്ച് തൈകൾ തയ്യാറാക്കുവാനും ഏറ്റവും മികച്ച സമയം.
ബന്ധപ്പെട്ട വാർത്തകൾ : ബൊഗേൻ വില്ല പൂന്തോട്ടത്തിലെ റാണി
പൂവിടാൻ തുടങ്ങിയ ചെറിയ ചെടികൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഗ്രാഫ്റ്റ് ചെയ്ത പലനിറങ്ങളിൽ പൂവിട്ട ചെടിക്ക് മികച്ച വില തന്നെ വിപണിയിൽ ലഭ്യമാകുന്നു. വിവിധ ആകൃതിയിൽ അതായത് കുട, ബോൾ എന്നിങ്ങനെ പല ആകൃതിയിൽ ചെടികൾ ഒരുക്കി വിപണിയിലേക്ക് എത്തിക്കുന്നതും, ഒറ്റ റൂട്ട് സ്റ്റോക്കിൽ പത്തിലധികം ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ ചെടികളും വാങ്ങുവാൻ ആവശ്യക്കാർ ധാരാളമുണ്ട് ഈ മേഖലയിൽ.
ബന്ധപ്പെട്ട വാർത്തകൾ : ബോഗൺവില്ല പൂന്തോട്ടത്തിൽ വളർത്തേണ്ട വിധം
Share your comments