മറയൂര്‍: മൂന്നാറിന്റെ തണുപ്പാസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകാൻ കാഴ്‌ചയുടെ നീലവസന്തം ഒരുക്കി നീലവാകപ്പൂക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
തേയിലത്തോട്ടങ്ങള്‍ക്ക് കുറകെയുള്ള വെള്ളച്ചാട്ടങ്ങളും നീരുറവകളും വേനലില്‍ വറ്റി വരണ്ടതോടെ ആ ഭംഗികളെയെല്ലാം പിറകിലാക്കി മറയൂരില്‍ – മൂന്നാര്‍ റോഡില്‍ പൂത്തു നില്‍ക്കുന്ന നീലവാക എന്നു പേരുള്ള ജക്രാന്ത മരങ്ങളാണ് ഇപ്പോൾ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നത്.
ഹെലിക്യാം ഉപയോഗിച്ച് ഷൂട്ട് ചെയ്‌ത ജക്രാന്ത പൂക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
മറയൂരിനും മൂന്നാറിനും ഇടയില്‍ സമുദ്രതീരത്തുനിന്നും എണ്ണായിരം അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്‌ഭാഗത്തുള്ള വാഗവരൈയിലാണ് ജക്രാന്ത മരങ്ങള്‍ പൂവിട്ടിരിക്കുന്നത്.
നീലവാക വിളിപ്പേരുള്ള ജക്രാന്ത തെക്കേ അമേരിക്കൻ സ്വദേശിയാണ്.ശാസ്ത്രീയ നാമം ജക്കറാന്ത മിമിസിഫോളിയ എന്നാണ്.
മൂന്നാർ തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണ കാലത്ത് യൂറോപ്യന്മാരാണ് പാതയോരങ്ങളിലും ബംഗ്ളാവിലുമൊക്കെ ഇത് വച്ച് പിടിപ്പിച്ചത്.അൻപത് അടിയിലേറെ ഉയരം വയ്ക്കുന്ന ഈ വൃക്ഷം വിദേശങ്ങളിലെ അലങ്കാര വൃക്ഷമാണ്.
Share your comments