1. Flowers

വര്‍ഷം 15 ലക്ഷം രൂപ വരുമാനം ജര്‍ബറ പൂക്കളിലൂടെ

നീളന്‍ പൂത്തണ്ടിന്റെ അറ്റത്ത് വിവിധ വര്‍ണങ്ങളില്‍ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന ജര്‍ബറ പൂക്കള്‍ നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്

Arun T
ജര്‍ബറ പൂക്കള്‍
ജര്‍ബറ പൂക്കള്‍

നീളന്‍ പൂത്തണ്ടിന്റെ അറ്റത്ത് വിവിധ വര്‍ണങ്ങളില്‍ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന ജര്‍ബറ പൂക്കള്‍ നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. സൂര്യകാന്തി വര്‍ഗ്ഗത്തില്‍പ്പെട്ട ജര്‍ബറ ആഫ്രിക്കന്‍ ഡെയ്‌സി, ബാര്‍ബെര്‍റ്റോന്‍ ഡെയ്‌സി എന്നും അറിയപ്പെടുന്നു. ആഫ്രിക്കന്‍ സ്വദേശിയാണ്. ജര്‍മ്മന്‍ സസ്യശാസ്ത്രഞ്ജനായ ട്രൗഗോട്ട് ജര്‍ബറിന്റെ ഓര്‍മയ്ക്കായാണ് ഈ ചെടിക്ക് ജര്‍ബറ എന്നു പേരിട്ടത്. ദക്ഷിണഫ്രിക്കന്‍ സ്വദേശിയാണിത്. ലോകത്ത് ഇന്ന് പ്രചാരത്തിലുളള അഞ്ചാമത്തെ പ്രധാന പൂവാണ് ജര്‍ബറ. ചുവപ്പു നിറത്തിലുള്ള റൂബി റെഡ്, സാന്‍ഗ്രിയ, മഞ്ഞ നിറത്തിലുള്ള ഡോണി, സൂപ്പര്‍നോവ, മാമ്മത്, ടാലസ, റോസ് നിറത്തിലുള്ള റൊസാലിന്‍, സാല്‍വഡോര്‍, പിങ്ക് നിറത്തിലുള്ള പിങ്ക് എലഗന്‍സ്, മര്‍മറ, എസ്മര, ഓറഞ്ച് നിറത്തിലുള്ള കരേറാ, ഗോലിയാത്, മാരസോള്‍, ക്രീം നിറത്തിലുള്ള ഫരീദ, ദല്‍മാ, സ്‌നോഫ്‌ളേക്ക്, വിന്റര്‍ ക്വീന്‍ ,റൂബി റെഡ്, ക്രീം നിറത്തിലുള്ള സ്നോ ഫ്ലേക്ക്, അർക്ക അശ്വ, യേർകാട് 1, യേർകാട് 2 എന്നിങ്ങനെ അനേകം ഇനങ്ങൾ ലഭ്യമാണ്.

പ്രജനനരീതി

വിത്തുപാകിയും ചുവടു മുറിച്ചു നട്ടും ജര്‍ബറ വളര്‍ത്താം. വിത്തുകള്‍ മുളച്ച് ഒന്നൊന്നര മാസമായാല്‍ പറിച്ചു നടാം. ചുവടു മുറിച്ചുനടീലാണ് എളുപ്പം. ടിഷ്യുകള്‍ച്ചര്‍ തൈ നട്ടും വാണിജ്യാടിസ്ഥാനത്തില്‍ ധാരാളം ജര്‍ബറ കൃഷി ചെയ്തുവരുന്നു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ചയും വായു സഞ്ചാരവും വളക്കൂറുമുള്ള മണ്ണാണ് ജര്‍ബറക്ക് ഉത്തമം. എന്നാല്‍ കടുത്ത വേനല്‍ കാലത്തു ഷെയിഡ് നെറ്റുകള്‍ ഉപയോഗിക്കണം.

അലങ്കാരസസ്യമായി വീടുകളിൽ ജർബറ വളർത്തുമ്പോൾ ചിനപ്പുകൾ അടർത്തിയെടുത്ത് നടുന്നതാണ് നല്ലത്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ടിഷ്യുകൾച്ചർ പ്രജനനരീതിയാണ് ഉത്തമം.

കൃഷി രീതികൾ

ജർബറ കൃഷി ചെയ്യുന്ന മണ്ണ് അണുനശീകരണം നടത്തുന്നത് പലവിധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഇതിനായി നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ 20 സെന്റിമീറ്റർ ഉയരത്തിൽ ബെഡ് ഉണ്ടാക്കിയ ശേഷം ഒരു ചതുരശ്ര മീറ്ററിന് അഞ്ച് ലിറ്റർ വെള്ളം എന്ന തോതിൽ നനച്ച് 150 ഗേജ് കനമുള്ള നിറമില്ലാത്ത പോളിത്തീൻ കവർ ഉപയോഗിച്ച് അടച്ചു സൂക്ഷിക്കാം. 35 ദിവസങ്ങൾക്ക് ശേഷം ഈ മണ്ണ് കൃഷിക്കായി ഉപയോഗിക്കാം. കള വിത്തുകളും രോഗ കീടങ്ങളും നശിക്കുന്നതിന് സൂര്യതാപീകരണം നല്ലതാണ്. ഇങ്ങനെ തയ്യാറാക്കിയ മണ്ണിലേക്ക് ചാണക പൊടി, മണൽ, ഉമി എന്നിവ 2:1:1 എന്ന അനുപാതത്തിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ജർബറ കൃഷിചെയ്യാൻ അനുയോജ്യമായ പി എച് 6 മുതൽ 6.5 വരെയാണ്.

ചെടികൾക്കിടയിലും വരികൾക്കിടയിലും 35 മുതൽ 40 സെന്റീമീറ്റർ വരെ അകലം പാലിക്കണം. നടുന്ന സമയത്ത് ഇലക്കവിളുകളിൽ മണ്ണ് വീഴാതിരിക്കാൻ ശ്രദ്ധിക്കണം.വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ട്രിപ്പ് ജലസേചന രീതി ഉപയോഗിക്കാം. ചട്ടികളിൽ നടുമ്പോൾ മണ്ണില്ലാത്ത മാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കൊക്കോ പീറ്റ്, വെർമികുലൈറ്റ്, പെർലൈറ്റ് എന്നിവ ഉപയോഗിക്കാം

വളപ്രയോഗം

അലങ്കാര സസ്യമായി വീടുകളിൽ ജർബറ വളർത്തുമ്പോൾ പൂർണമായും ജൈവരീതിയിൽ തന്നെ കൃഷി ചെയ്യാം. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ലാഭകരമാക്കുന്നതിന് നേർവളങ്ങൾ നൽകുന്നത് നല്ലതാണ്. ആദ്യ മൂന്ന് മാസം 20 ഗ്രാം യൂറിയ, 70 ഗ്രാം രാജ് ഫോസ്, 30 ഗ്രാം പൊട്ടാഷ് എന്നിവ ഒരു ചതുരശ്ര മീറ്ററിന് ( 6-7 ചെടികൾ ) എന്ന തോതിൽ നൽകാം. ഇത് രണ്ടു തവണകളായി വേണം നൽകാൻ. പുഷ്പിക്കാൻ തുടങ്ങുമ്പോൾ 30 ഗ്രാം യൂറിയ 100 ഗ്രാം രാജ്ഫോസ് 50 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയും രണ്ടു തവണകളായി ചേർത്തുകൊടുക്കാം.

ബെഡ്ഡുകളിൽ നിന്നും കളകൾ അപ്പപ്പോൾ നീക്കം ചെയ്യണം. ആദ്യത്തെ രണ്ടു മാസം ഉണ്ടാകുന്ന പൂമൊട്ടുകൾ പറിച്ചു മാറ്റാം. 15 ദിവസത്തിലൊരിക്കൽ മണ്ണിളക്കിക്കൊടുക്കുന്നതും നല്ലതാണ്.

ജര്‍ബറക്ക് നന നിര്‍ബന്ധം. കൂടുതല്‍ വെള്ളം ചുവട്ടില്‍ തങ്ങാതെ പൂവാളി കൊണ്ട് കുറേശ്ശെ നനയ്ക്കുകയോ തുള്ളിനന രീതി ഏര്‍പ്പെടുത്തുകയോ ചെയ്യാം .
വായു സഞ്ചാരം സുഗമമാക്കാന്‍ മണ്ണിളക്കണം. ആദ്യ രണ്ടു മാസം വരെ ഉണ്ടാകുന്ന മൊട്ടുകള്‍ അടര്‍ത്തി മാറ്റാം. തുടര്‍ന്നു വിടരുന്ന മൊട്ടുകള്‍ മാത്രം വളരാന്‍ അനുവദിക്കുക. ഉണങ്ങിയ ഇലകള്‍ യഥാസമയം മാറ്റി തടം വൃത്തിയായി സൂക്ഷിക്കണം. നട്ട് മൂന്നാം മാസം മുതല്‍ വലിയ പൂക്കള്‍ കിട്ടും.

നീരൂറ്റി കുടിക്കുന്ന പ്രാണികളെയകറ്റാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇലയിലും തണ്ടിലും തളിക്കണം. പൂപ്പല്‍ രോഗം നിയന്ത്രിക്കാന്‍ ഒരു ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ജൈവവളങ്ങള്‍ ദ്രവരൂപത്തില്‍ നല്‍കുന്നതും ചെടിയെ ചെറുപ്രാണികളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കും.

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കാം. മഞ്ഞക്കെണി, നീലക്കെണി എന്നിങ്ങനെയുള്ള കെണികൾ ഉപയോഗിക്കുന്നതും നല്ലതാണ്.

പൂത്തണ്ട് ചെടിയില്‍നിന്നു മുറിച്ചെടുക്കുന്നതിനു പകരം രണ്ടു വശങ്ങളിലേക്ക് ചരിച്ചു പൊട്ടിച്ചെടുക്കണം. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാം. നന്നായി പരിപാലിച്ചാല്‍ ഒരു ചെടിയില്‍ നിന്ന് ഒരുവര്‍ഷം 50 പൂക്കള്‍ വരെ കിട്ടും. പൂവൊന്നിന് ശരാശരി 3 രൂപ. ഒരു ചെടിയില്‍ നിന്ന് 150 രൂപ. ആയിരം ചതുരശ്ര കിലോമീറ്ററില്‍ 10,000 ചെടി നട്ടാല്‍ വര്‍ഷം 15 ലക്ഷം രൂപ വരുമാനം. സുദീര്‍ഘമായ സൂക്ഷിപ്പു കാലമുളളതിനാല്‍ കട്ട്ഫ്‌ളവര്‍ വ്യവസായത്തില്‍ ജര്‍ബറ നിര്‍ബന്ധം ചേരുവയാണ്. ഏതു മുറിക്കും ഉദ്യാനത്തിനും വര്‍ണ്ണപ്രഭ ചൊരിയാന്‍ ജര്‍ബറ പൂക്കള്‍ക്ക് കഴിഞ്ഞു. ടേബിള്‍ അറേജ്‌മെന്റില്‍ കട്ട്ഫ്‌ളവര്‍ ആയും ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ ബെഡ്ഡിങ് പ്‌ളാന്റ് ആയും വളര്‍ത്താം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ വാണിജ്യ ജര്‍ബറക്കൃഷിയ്ക്കുണ്ട്. ഇതുപോലെ വയനാട് ജില്ലയിലെ കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജര്‍ബറ വാണിജ്യകൃഷിയുണ്ട്.

English Summary: To make lakhs as income cultivate jabera flowers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds