കുള്ളൻ മാതളം മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ചെറുതാണ്. കുള്ളൻ മാതളത്തിൻറെ ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറങ്ങളുള്ള പൂക്കൾ കാണാൻ വളരെ മനോഹരമായതുകൊണ്ട് പൂന്തോട്ടത്തിലും ഇൻഡോർ പ്ലാൻറായി പാത്രങ്ങളിലും വളർത്താവുന്നതാണ്. ഇവ രണ്ടു മുതല്‍ നാല് അടി വരെ ഉയരത്തില്‍ വളരും. ഈ ഇനത്തിന് ചെറുതും തിളക്കമുള്ളതുമായ 2.5 സെ.മീ നീളമുള്ള ഇലകളാണുള്ളത്. പഴങ്ങള്‍ക്ക് ഒരു ചെറിയ ഗോള്‍ഫ് ബാളിന്റെ വലുപ്പമേ കാണുകയുള്ളു. കൊമ്പുകോതല്‍ നടത്താതെ വളര്‍ത്തുകയാണെങ്കില്‍ ആറടിയോളം ഉയരത്തില്‍ വളരും. വെട്ടിയൊതുക്കിയാല്‍ രണ്ടോ മൂന്നോ അടി മാത്രം ഉയരത്തിലും ചട്ടിയില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അറിയുമോ ഈ കുള്ളൻ പ്ലാവിന്റെ പ്രത്യേകത?
ഇവയുടെ പഴങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താൻ വളരെ സമയമെടുത്താണ്. ഏകദേശം ആറ് മാസങ്ങളോളം മരത്തില്‍തന്നെ നിന്നാണ് മുഴുവന്‍ ചുവന്ന നിറത്തിലായി മാറുന്നത്. എന്നാല്‍, ഇവയ്ക്ക് സാധാരണ മാതളത്തിനെപ്പോലുള്ള മധുരമുള്ള രുചിയുണ്ടാകില്ല. അതുകൊണ്ടുതന്നെ ഭക്ഷിക്കാനെന്നതിനേക്കാള്‍ അലങ്കാരത്തിനായാണ് കുള്ളന്‍ മാതളപ്പഴങ്ങള്‍ വളര്‍ത്തുന്നത്.
നല്ല വെയിലിലും പകുതി തണലത്തും വളരും. തിളങ്ങുന്ന ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള പൂക്കൾ കാണപ്പെടുന്നു. കൈകള്‍ കൊണ്ട് പരാഗണം നടത്തുന്നവയും പ്രാണികളാല്‍ പരാഗണം നടക്കുന്നവയുമുണ്ട്. എന്നിരുന്നാലും സ്വപരാഗണം നടക്കുന്ന തരത്തിലുള്ള ചെടി തന്നെയാണ് മാതളം.
ബന്ധപ്പെട്ട വാർത്തകൾ: മാതളം വീട്ടിനകത്ത് ചട്ടികളിൽ വളര്‍ത്തി വിളവെടുക്കാം
കുള്ളന്‍ ഇനത്തിൽപ്പെട്ട ഒരു മാതളമാണ് ജ്യോതി. ഇതിൽ ഉണ്ടാകുന്ന പഴങ്ങളുടെ ശരാശരി ഭാരം 200 ഗ്രാമായാണ് കണക്കാക്കുന്നത്. പഴത്തിൻറെ തോലിന് നല്ല ചുവന്ന നിറവും പിങ്കും ചുവപ്പും കലര്‍ന്ന അല്ലികളുമാണുള്ളത്. നാന എന്ന ഇനത്തിലാണ് ഭക്ഷ്യയോഗ്യമായ പഴങ്ങളുണ്ടാകുന്നത്. ഏകദേശം ഒരു മീറ്റര്‍ നീളത്തില്‍ വളരുന്ന ചെടിയില്‍ ഓറഞ്ചോ മാണിക്യക്കല്ലിന്റെ ചുവപ്പോ നിറമുള്ള പൂക്കളും ചെറിയ ഉത്പാദനശേഷിയുള്ള വിത്തുകളുമുണ്ടാകും.
പൂവിടാത്ത ചെടികളില്‍ ആവശ്യമുള്ളത്ര സൂര്യപ്രകാശം പതിയുന്നില്ലെന്ന് മനസിലാക്കണം. വേനല്‍ക്കാലത്ത് വീടിന് പുറത്തേക്ക് വെക്കുന്നതാണ് നല്ലത്. രാത്രികാല താപനില 10 ഡിഗ്രി സെല്‍ഷ്യസിലും കുറയുന്നതിന് മുമ്പ് വീടിനകത്തേക്ക് എടുത്തുവെക്കാനും മറക്കരുത്. തണ്ടു മുറിച്ച് നട്ടാണ് വളര്‍ത്താന്‍ എളുപ്പം. വേര് പിടിപ്പിക്കാനുള്ള ഹോര്‍മോണില്‍ മുക്കിയ നാല് ഇഞ്ച് നീളമുള്ള തണ്ടുകള്‍ ഈര്‍പ്പമുള്ള മണ്ണില്‍ കുഴിച്ചിട്ട ശേഷം ചൂടുള്ള അന്തരീക്ഷത്തിലേക്ക് വെച്ചാല്‍ മതി. വസന്തകാലത്ത് നട്ടാല്‍ ആദ്യത്തെ വര്‍ഷത്തില്‍ ജൂലൈ-ആഗസ്റ്റ് മാസമാകുമ്പോഴേക്കും ഓറഞ്ചും ചുവപ്പും കലര്‍ന്ന പൂക്കളുണ്ടാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും പൂവിടും.
വിത്ത് വിതയ്ക്കുകയാണെങ്കില്‍ 12 മി.മീ ആഴത്തില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് വിതയ്‌ക്കേണ്ടത്. മുളയ്ക്കാന്‍ പ്രകാശം ആവശ്യമുള്ളതിനാല്‍ വിത്തുകള്‍ മണ്ണിട്ട് മൂടരുത്. മുളച്ചുകഴിഞ്ഞാല്‍ നേരിട്ട് ശക്തിയായ വെള്ളമൊഴിക്കരുത്. ദുര്‍ബലമായ തൈകള്‍ക്ക് കേടുവരാന്‍ സാധ്യതയുണ്ട്. മൂന്നോ നാലോ ആഴ്ചകള്‍ക്ക് ശേഷമാണ് വിത്ത് മുളക്കുന്നത്. വളരെ നേര്‍പ്പിച്ച അളവിലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിച്ച് കളകളും കീടങ്ങളും നശിപ്പിക്കാം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments