റോസാപ്പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. വീട്ടുമുറ്റത്ത് വിവിധ നിറങ്ങളിലുളള റോസാപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്ന കാഴ്ച ആരെയും ഒന്നാനന്ദിപ്പിക്കും. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താവുന്ന മിനിയേച്ചര്‍ റോസാപ്പൂക്കള്‍ വീട്ടിനുളളില്‍ സുഗന്ധം നിറയ്ക്കും.
റോസാപ്പൂക്കളിലെ ഒരിനമാണ് മിനിയേച്ചര്‍ റോസാപ്പൂക്കള്‍. ഈ റോസാപ്പൂക്കളുടെ വലിപ്പം താരതമ്യേന കുറവായിരിക്കും. തണ്ടുകള്‍, പൂക്കള്‍, ഇലകള്‍ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികള്‍ ഒരടിയില്‍ കൂടുതല്‍ പൊക്കത്തില്‍ വളരാറില്ല.സാല്യൂട്ട്, ഐവറി പാലസ്, ഓട്ടം സ്പെളന്‍ഡര്‍, അര്‍ക്കാനം, വിന്റര്‍ മാജിക്, കോഫീ ബീന്‍ എന്നിവ ഇത്തരത്തില്‍ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെറിയ ഇനം റോസാപ്പൂക്കളാണ്.
വീട്ടിനുളളിലും ബാല്‍ക്കണിയിലും ചെറിയ സ്റ്റാന്റുകളില്‍ ഘടിപ്പിക്കാവുന്ന പാത്രങ്ങളില്‍ ഇത്തരം പൂക്കള്‍ വളര്‍ത്താം. വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ മണ്ണില്‍ ജൈവവളം ചേര്‍ക്കാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഇതിനായി വേണ്ടത്. റോസാച്ചെടി വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ മതിയായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
നേരിട്ടുള്ള സൂര്യപ്രകാശം നന്നായി ലഭിച്ചാല്‍ ഇവ തഴച്ചു വളരും. വീടിനകത്ത് വരണ്ട അന്തരീക്ഷമാണെങ്കില്‍ ആര്‍ദ്രത നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചെടികള്‍ വളര്‍ത്തുന്ന പാത്രം കുറച്ച് വെള്ളത്തില്‍ പെബിള്‍സ് ഇട്ട് വെച്ച ട്രേയ്ക്ക് മുകളില്‍ വെച്ചാല്‍ മതി. ഈ വെള്ളം ബാഷ്പീകരിക്കുമ്പോള്‍ ചെടിക്ക് ആവശ്യമായി ഈര്‍പ്പം ലഭിക്കും. മണ്ണിന്റെ മുകള്‍ഭാഗം തൊട്ടുനോക്കിയാല്‍ ഈര്‍പ്പമില്ലെങ്കില്‍ മാത്രം നനച്ചാല്‍ മതി. ചെടി ഒരിക്കലും വരണ്ട മണ്ണില്‍ വളര്‍ത്തരുത്.
എല്ലാ കാലാവസ്ഥയിലും വളരുമെന്നതിനാല്‍ കൃത്യമായിത്തന്നെ വളപ്രയോഗം നടത്തേണ്ടതുണ്ട്. മഞ്ഞനിറമുളള ഇലകള്‍ പറിച്ചുമാറ്റാവുന്നതാണ്. കൂടുതല്‍ പൂക്കളുണ്ടാകാനായി സീസണനുസരിച്ച് ചെറുതായി പ്രൂണിങ്ങും ചെയ്യാം. ഇതിന് പൂക്കള്‍ മുറിച്ചുമാറ്റേണ്ടതില്ല. മറ്റ് റോസാപ്പൂക്കളെ അപേക്ഷിച്ച് ഫംഗസ് ബാധയേല്‍ക്കാനുളള സാധ്യതകളും കുറവാണ്.
Share your comments