വീട് അലങ്കരിക്കാൻ പറ്റിയ അതിമനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റാണ് വാലന്‍റൈന്‍ ചെടി. വാലന്‍റൈന്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നല്‍കാനായി ഇതിൻറെ ഇലകൾ ഉപയോഗിക്കുന്നു. ഹൃദയത്തിൻറെ ആകൃതിയിലുള്ള ഇലകളാണ് ഇതിനുള്ളത്. കാണുമ്പോള്‍ പ്ലാസ്റ്റിക് പൂക്കളാണെന്ന് തോന്നും. വടക്കുകിഴക്കേ സംസ്ഥാനങ്ങളിലാണ് ധാരാളം കാണാറുള്ളതെങ്കിലും കേരളത്തിലും വളര്‍ത്താവുന്നതാണ്. സൂര്യപ്രകാശം വലിയതോതില്‍ ആവശ്യമില്ലാത്ത ചെടികളാണിവ. രാത്രിയില്‍ വിടരുന്ന പൂക്കളാണ് ഇവയുടെ പ്രത്യേകത. തടിച്ച ഇലകളില്‍ വെള്ളം ശേഖരിച്ചുവെച്ചിട്ടുണ്ടാകും.
ഒരു വര്‍ഷത്തോളം വളര്‍ച്ചയുള്ള ചെടിയില്‍ നിന്ന് ഇലകള്‍ അടര്‍ത്തിയെടുത്ത് കറ കളഞ്ഞ് പോട്ടിങ്ങ് മിശ്രിതം നിറച്ച കപ്പിലോ ഗ്ലാസിലോ നട്ടാല്‍ വേര് പിടിപ്പിച്ചെടുക്കാം. ഈ ഇലകളില്‍ സന്ദേശങ്ങള്‍ എഴുതി പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ വര്‍ഷങ്ങളോളം വാടാതെ നില്‍ക്കും. ചെറിയ രീതിയില്‍ നനച്ചുകൊടുത്താല്‍ മതി. ഈ ചെടി വളരെ പതുക്കെ വളരുന്നതാണ്. നല്ല പച്ചനിറത്തിലായിരിക്കും ഇലകള്‍. ഇതിൻറെ പരിപാലനം വലിയ പ്രയാസമില്ലാതെ ചെയ്യാവുന്നതാണ്. വളരെ സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്താണ് ഇത് വളരാന്‍ ഇഷ്ടപ്പെടുന്നത്. പക്ഷേ മുഴുവന്‍ തണലുണ്ടാകരുത്.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് വാലന്റൈന്‍ ചെടി. ഒരു മാസത്തില്‍ ഒന്നോ രണ്ടോ തവണ നനച്ചാല്‍ മതി. വെള്ളം വാര്‍ന്നുപോകാന്‍ പറ്റുന്ന ദ്വാരങ്ങളുള്ള ചട്ടിയില്‍ മാത്രമേ ഈ ചെടി നടാന്‍ പാടുള്ളു. വളരെ കുറച്ച് മാത്രം വളപ്രയോഗം നടത്തിയാല്‍ മതി. വെള്ളത്തില്‍ ലയിക്കുന്ന വളമാണ് നല്‍കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ചെടിയില്‍ പൂക്കളുണ്ടാകുന്നില്ലെങ്കില്‍ തണലത്ത് നിന്ന് ചെടി നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. മഞ്ഞയും വെള്ളയും ചുവപ്പും കലര്‍ന്ന പൂക്കളാണുണ്ടാകുന്നത്. ചെടികള്‍ വളര്‍ന്ന് ധാരാളം ശാഖകളുണ്ടാകും.
നട്ടുവളര്‍ത്തേണ്ട വിധം
ഇലകളാണ് വേര് പിടിപ്പിച്ച് വളര്‍ത്താനുപയോഗിക്കുന്നത്. അടുത്തടുത്ത് രണ്ടു മുട്ടുകളുള്ള ഇലയോടുകൂടിയ ഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്. ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, മണല്‍, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് ഇല നടാം. ചുവന്ന മണ്ണും ചേര്‍ക്കാം. ഇലകള്‍ മുറിച്ചെടുക്കുമ്പോള്‍ കറയുണ്ടാകും. ഇത് വാര്‍ന്നുപോയി ഉണങ്ങിയ ശേഷമേ നടാന്‍ പാടുള്ളു. വേര് പിടിപ്പിക്കാനുള്ള ഹോര്‍മോണില്‍ മുക്കി നടുന്നത് നല്ലതാണ്. കമ്പ് കിളിര്‍ത്ത് വരാന്‍ തുടങ്ങിയാല്‍ വള്ളി പോലെ നീണ്ടുവളരും. അതിനുശേഷമേ ഇലകളുണ്ടാകൂ. ഇലകള്‍ വളര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ തണ്ടോടുകൂടി ചട്ടിയിലേക്ക് മാറ്റിനടാം.
Share your comments