മൂന്നാറിന്റെ പച്ചപ്പിനിടയിൽ വയലറ്റ് വസന്തം തീർത്ത് വഴിയരികുകളിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ജക്കരാന്ത മരങ്ങൾ. മൂന്നാറിലെ വയലറ്റ് വസന്തം. ഇത് കാണാനായി സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ മൂന്നാറിൽ.
മൂന്നാർ- ഉടുമല്‍പേട്ട റൂട്ടിൽ യാത്ര ചെയ്യുമ്പോൾ റോഡിനിരുവശവും ഉള്ള തേയിലത്തോട്ടങ്ങളിൽ അങ്ങിങ്ങായും ഇരവികുളം, ചിന്നാർ റൂട്ടിലും മൂന്നാർ മറയൂർ വഴിവളവുകളിൽക്കൂടി സഞ്ചരിക്കുന്നവർക്കും മൂന്നാറിനും മറയൂരിനും ഇടയിലായുള്ള ഉമിയാംമലയിലെ താഴ്വാരമായ വാഗവരൈയിലും പൂത്തുനിൽക്കുന്ന ജക്കരാന്ത മരങ്ങൾ കാണാം. ഇവ കൂടുതലായി പൂത്തുനിൽക്കുന്ന കാഴ്ച ഇപ്പോൾ കാണാം.
ലാറ്റിൻ അമേരിക്കയാണ് ജക്കരാന്തസുകളുടെ സ്വദേശം. നൂറ്റാണ്ടുകൾക്കു മുൻപ് വിദേശത്തു നിന്നുമാണ് ജക്കരാന്ത മൂന്നാറിലെത്തുന്നത്. നീലവാക, പരീക്ഷാ മരം, എക്സാം ട്രീ എന്നുമൊക്കെ ഇതിന് പേരുകളുണ്ട്. Jaccarantha Mimosifolia എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. മെക്സിക്കോ, ക്യൂബ, മധ്യ തെക്കൻ അമേരിക്ക, ജമൈക്ക തുടങ്ങിയ പ്രദേശങ്ങളാണ് ഈ വൃക്ഷത്തിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ജനുസ്സില്‍പ്പെട്ടതാണ് ജക്കരാന്ത. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ജക്കരാന്ത പൂക്കുന്നത്. വേനൽക്കാലത്ത് ഇലകൾ മൊത്തം പൊഴിഞ്ഞ് ശിഖരങ്ങൾ കാണാത്ത വിധം മരത്തിൽ പൂക്കൾ നിറയും.
സൗത്ത് ആഫ്രിക്കയിലെ അഡ്മിനിസ്ട്രേറ്റീവ് ക്യാപിറ്റൽ ആയ പ്രിട്ടോറിയ അറിയപ്പെടുന്നതേ ജക്കരാന്ത സിറ്റി എന്നാണ്. ഓസ്ട്രേലിയയിലും മറ്റും കലാലയങ്ങളിലെ പരീക്ഷാകാലത്താണ് ജക്കരാന്ത പൂവിടുന്നത്. അതുകൊണ്ടു തന്നെ വിദ്യാർഥികളിൽ Purple Panic എന്ന ഒരു മൂഡ് തന്നെ ഇവയുണ്ടാക്കിയിട്ടുണ്ട്. പ്രൊജക്ടുകളും അസ്സയിൻമെന്റുകളും ഒക്കെ പൂർത്തീകരിക്കേണ്ട സമയം കൂടിയായതിനാലാണ് Exam tree എന്ന പേര് ഇതിന് കിട്ടിയത്. എന്നാൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവ്വകലാശാലയിൽ വാർഷിക പരീക്ഷയ്ക്ക് പോകുമ്പോൾ അവിടെ പൂത്തു നിൽക്കുന്ന ജക്കരാന്ത പുഷ്പങ്ങൾ തലയിലോ ദേഹത്തോ വന്നു വീണാൽ മാര്‍ക്കു വരുമ്പോൾ എല്ലാത്തിനും മികച്ച മാർക്ക് ലഭിക്കുമെന്ന രസകരമായ വിശ്വാസവും ഇതിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്.
ചില രാജ്യങ്ങളിൽ ജക്കരാന്ത മരങ്ങൾ ഒരു അധിനിവേശ സസ്യമായാണ് കരുതപ്പെടുന്നത്. വളരെ ശക്തമായ വേരുപടലങ്ങൾ ധാരാളം വെള്ളം വലിച്ചെടുക്കുന്നു. വീടുകളുടെയോ പൈപ്പുകളുടെയോ അടുത്ത് നട്ടാൽ ഇവയുടെ വേരുകൾ അവയ്ക്കു നാശമുണ്ടാക്കും. ജലനഷ്ടം ഉണ്ടാക്കുന്നതിനാൽ ആരും പുതിയതായി ജക്കരാന്തകൾ വച്ച് പിടിപ്പിക്കരുത് എന്ന നിർദേശവും പ്രിട്ടോറിയയിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയായാലും ജക്കരാന്ത പൂക്കൾ കണ്ണിനും മനസിനും തരുന്ന കുളിർമയെപ്പറ്റി പറയാതെ നിവൃത്തിയില്ല.
Share your comments