Flowers

ആര്‍ക്കും വളര്‍ത്താം ഓര്‍ക്കിഡ് കൃഷി

orchid

ദൈവം സൃഷ്ടിച്ച ഏറ്റവും ഭംഗിയുളള ഓര്‍ക്കിഡ് പൂക്കളാണ് വശ്യമായ സൗന്ദര്യവും സുദീര്‍ഘമായ സൂക്ഷിപ്പു കാലവും. അത്യാകര്‍ഷകമായ നിറങ്ങളും ആകാര വൈവിദ്ധ്യവുമാണ് ഈ പുപ്രത്തെ അമൂല്യമാക്കുന്നത്. മുപ്പതിനായിരത്തില്‍ പരം സ്പീഷീസുകളും 730 ജനുസ്സുകളും ഒന്നര ലക്ഷത്തോളം സങ്കരഇനങ്ങളും ഇതില്‍ നിലവിലുണ്ട്. സ്വാഭാവിക വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയെ രണ്ടായി തരം തിരിക്കാം. വൃക്ഷങ്ങളില്‍ പിടിച്ചു വളരുന്ന എപ്പിഫൈറ്റുകളും മണ്ണില്‍ വളരുന്നവയും കായിക വളര്‍ച്ചാരീതിയനുസരിച്ച് ഇവയില്‍ മോണോപോഡിയല്‍, സിംപോഡിയല്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്.

പരിചയം

മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ ഒറ്റക്കമ്പായി മുകളിലേക്ക് വളരുന്നു ഉദാ:- അരാക്‌നിസ്, വാന്‍ഡ, ഫലനോപ്‌സിസ്. സിംപോഡിയല്‍ ഓര്‍ക്കിഡുകള്‍ ആകട്ടെ ഭൂമിക്ക് സമാന്തരമായി വളരുന്ന ഭൂകാണ്ഡങ്ങളില്‍ നിന്ന് കമ്പുകള്‍ കൂട്ടമായി ഉദ്പാദിപ്പിക്കുന്നു. ഉദാ:- ഡെന്‍ഡ്രോബിയം, ഒണ്‍സീഡിയം (ഡാന്‍സിംഗ് ഗേള്‍), കാറ്റ്‌ലിയ, സിംബീഡിയം.

orchid

വളര്‍ച്ചാ ഘടകങ്ങള്‍ സൂര്യപ്രകാശം ലഭിക്കുന്നതും ആവശ്യത്തിനു തണലും (50 ശതമാനം) ഉളള സ്ഥലമാണ് ഓര്‍ക്കിഡ് കൃഷിയ്ക്കനുയോജ്യം. കേരളത്തിലെ തെങ്ങിന്‍തോപ്പുകളില്‍ ഓര്‍ക്കിഡ് കൃഷി ചെയ്യുന്നുണ്ട്. ചൂടും ഈര്‍പ്പവും നല്ല വായു സഞ്ചാരവും ഉറപ്പാക്കണം. സാധാരണ 50-80 ശതമാനം ആപേക്ഷിക ആര്‍ദ്രതയാണ് ഏറ്റവും അഭികാമ്യം. എപ്പിഫൈറ്റുകള്‍ ആയ ഓര്‍ക്കിഡുകള്‍ വേരുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പവും പോഷകങ്ങളും വലിച്ചെടുക്കുന്നു. അതിനാല്‍ ഇവയ്ക്ക് വളങ്ങള്‍ ഇലകളില്‍ ദ്രവരൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് നന്ന്.

തണല്‍ഗൃഹങ്ങളിലാണ് വളര്‍ത്തുന്നതെങ്കില്‍ 50 ശതമാനം തണല്‍ തരുന്ന കറുത്ത വലകള്‍ മുകള്‍ വശത്തും കമ്പി വല വശങ്ങളിലും ഉപയോഗിക്കാം. വശങ്ങള്‍ തുറന്നിടുകയുമാവാം. പ്രകാശസാന്ദ്രതയ്ക്കനുസൃതമായി ഒന്നോ അതില്‍ കൂടുതലോ വലകള്‍ ഒന്നി മുകളില്‍ ഒന്നായി ുപയോഗിക്കാം.

പോളി ഹൗസുകളിലാണ് വളര്‍ത്തുന്നതെങ്കില്‍ അനുയോജ്യമായ ജലസേചന സംവിധാനങ്ങള്‍ ഘടിപ്പിക്കണം. ഫാന്‍ ആന്റ് പാഡ് സിസ്റ്റം, ഫോഗ്ഗര്‍ മൈക്രോ സ്പ്രിങ്ക്‌ളര്‍ എന്നിവ. ചെലവുകൂടി നോക്കിയിട്ടുവേണം ഇവ തെരെഞ്ഞെടുക്കാന്‍. സ്ഥലത്തെ കാലാവസ്ഥ (ചൂട്, അന്തരീക്ഷ ആര്‍ദ്രത, വെളിച്ചത്തിന്റെ സാന്ദ്രത) എന്നിവയ്ക്കനുസരിച്ച് വളര്‍ത്താനുദ്ദേശിക്കുന്ന ഓര്‍ക്കിഡ് ഇനത്തിന്റെ ആവശ്യം കണക്കിലെടുത്ത് ജലസേചനത്തിന്റെ അളവും തോതും ടൈമറുകളുടെ സഹായത്തോടെ കൃത്രിമമായി നിയന്ത്രിക്കാം.

orchid

ജനുസ്സുകള്‍/ ഇനങ്ങള്‍

കേരളത്തില്‍ വളര്‍ത്താനനുയോജ്യമായ ജനുസ്സുകള്‍ അരാക്‌നിസ്, അരാന്തറ, വാന്‍ഡ, ഫലനോപ്‌സിസ്, അരാന്‍ഡ, മൊക്കാറ, ഡെന്‍ഡ്രോബിയം, കാറ്റ്‌ലിയ, ഓണ്‍സീഡിയം എന്നിവയാണ്

ഡെന്‍ഡ്രോബിയം ഇനങ്ങള്‍

കേരളത്തില്‍ ഏറ്റവും പ്രചാരമേറിയ ജനുസ്സാണ് ഡെന്‍ഡ്രോബിയം. എമ്മാവൈറ്റ്, സ്‌നോവൈറ്റ്, സോണിയ 17, ഇര്‍സാകുള്‍, കാസിം വൈറ്റ്, മാഡം പാം പഡോര്‍.ഫലനോപ്‌സിസ് ഇനങ്ങള്‍:-താരതമ്യേന കൂടുതല്‍ തണലും തണുപ്പും ഇഷ്ടപ്പെടുന്നു. പുഷ്പിക്കാനായി ഇവയ്ക്ക് തണുപ്പ് അത്യാവശ്യമാണ് അമാബലിസ്, പിങ്ക്‌സണ്‍സെറ്റ്, വയലേസിയ, ഗ്രേസ് പാം.

ഒണ്‍സീഡിയം ഇനങ്ങള്‍ :- ഗോള്‍ഡന്‍ ഷവര്‍, ലക്കിഗേള്‍, സ്വീറ്റ് ഷുഗര്‍
വാന്‍ഡ ഇനങ്ങള്‍:-വീതികൂടിയ ഇലയുളളവ, പെന്‍സില്‍ പോലെയുളള ഇലയുളളവ, ഇടത്തരം എന്നിങ്ങനെയുണ്ട്. ഡോക്ടര്‍ അനേക്, പച്ചാരപിങ്ക്, റെഡ് ജെം
അരാക്‌നിസ് ഇനങ്ങള്‍:- മാഗി ഓയി, റെഡ് റിബണ്‍, യെല്ലോ റിബണ്‍.
സങ്കര ഇനങ്ങള്‍:- ക്രിസ്‌റ്റെയിന്‍, പീറ്റര്‍ ഭാവര്‍ട്ട്, മജുള, ഗോള്‍ഡന്‍ സാന്‍ഡ്
അരാന്ത്ര ഇനങ്ങള്‍:- ജയിംസ് സ്‌റ്റോറി, ആനി ബ്ലാക്ക്, മൊഹമ്മദ് ഹനീഫ്
അസ്‌കോസെന്‍ഡ (ത്രിമൂര്‍ത്തി സങ്കരങ്ങള്‍) :- മൊക്കാറ, ഹോര്‍ട്ടുമാറ, കഗ്വാര

orchid

പ്രജനനം

പരമ്പരാഗതമായി കായിക പ്രവര്‍ദ്ധനരീതിയാണ് അവലംബിച്ചുപോരുന്നത്. മോണോപോഡിയല്‍ ഓര്‍ക്കിഡുകളുടെ സ്വീഡോബള്‍ബ് (കപടകാണ്ഡം) വേര്‍പിരിച്ച് നടുന്നു. ചില ഇനങ്ങളില്‍ ഇവയുടെ മുകളില്‍ പൊടിപ്പുകള്‍ (കിക്കികള്‍) ഉണ്ടാകും. പൂര്‍ണവളര്‍ച്ചയെത്തിയ കിക്കികള്‍ ഉണ്ടാകുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ കിക്കികള്‍ വേര്‍തിരിച്ചു നടാം.

അണുവിമുക്തമായ സാഹചര്യങ്ങളില്‍ മാത്രമെ വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ ഉദ്പാദിപ്പിക്കാന്‍ കഴിയുകയുളളൂ. ഇങ്ങനെ വികസിപ്പിച്ചെടുത്ത് തൈകള്‍ പൂക്കുന്നതിന് 2-5 വര്‍ഷങ്ങള്‍ വരെ സമയമെടുക്കും. ടിഷ്യുകള്‍ച്ചര്‍ വഴിയാണ് വ്യാവസായികാടിസ്ഥാനത്തില്‍ നടീല്‍ വസ്തു ഉദ്പാദിപ്പിക്കുന്നത്.

നടീല്‍ രീതി

മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ അഗ്രഭാഗം മുറിച്ചു നടുന്നു. നീണ്ട ഞാറ്റടികള്‍ തയ്യാറാക്കി തൊണ്ടിന്‍ കഷ്ണങ്ങള്‍ അടുക്കണം. ഓരോ ബെഡ്ഡിലും 2-3 വരികളുണ്ടാകും. വരികള്‍ തമ്മില്‍ 45 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 30 സെ. മീറ്ററും അകലം വേണം. രണ്ടുമാസമാകുമ്പോള്‍ പൊടിപ്പു വരും.
മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ മണ്‍നിരപ്പിനു മുകളിലായി 15-20 സെ. മീ. ഉയരമുളള ബാസ്‌കറ്റുകളില്‍ ചെറുതാക്കിയ ഉണങ്ങിയ ഓട്ടിന്‍ കഷ്ണങ്ങളും തൊണ്ടു കഷ്ണങ്ങളും കരിക്കട്ടയും ചെടിയുടെ വളര്‍ച്ചയ്ക്ക് യോജിച്ചവയാണ്. മാധ്യമത്തിനു മുകളില്‍ ചെടി നട്ട് താങ്ങ് കൊടുക്കണം.
മണ്‍ചട്ടികളിലോ പ്ലാസ്റ്റിക് ചട്ടികളിലോ നടുന്നതെങ്കില്‍ വശങ്ങളില്‍ നിറയെ ദ്വാരങ്ങളുളളവ തെരെഞ്ഞെടുണം. ഇതില്‍ ഓട്ടിന്‍ കഷ്ണങ്ങള്‍, തൊണ്ടു കഷ്ണങ്ങള്‍, കരിക്കട്ട ഇവയിലേതെങ്കിലും നിറച്ച് നടണം. നട്ടശേഷം പച്ചചാണകത്തില്‍ മുക്കി നടുന്നതും ഫലപ്രദമാണ്.

വളം, വളപ്രയോഗം

തറയില്‍ വളര്‍ത്തുന്ന മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ക്ക് പച്ചചാണകം മാസത്തിലൊരിക്കല്‍ തളിക്കണം. ഒരു ചതുരശ്രമീറ്ററിന് ഒരു കിലോ ചാണകം 5 ലിറ്റര്‍ വെളളത്തില്‍ കലക്കിയതു മതിയാകും. കായികവളര്‍ച്ചയ്ക്കായി നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ ഇലകളില്‍ തളിയ്ക്കണം. പൂവിടുന്ന സമയം 1:2:2 എന്ന അനുപാതത്തിലാണ് തളിക്കേണ്ടത്. ഈ മിശ്രിതം 2-3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു തവണ തളിക്കണം. പിണ്ണാക്ക് (10 ഇരട്ടി വെളളം ചേര്‍ത്തത്), ചാണകം (25 ഇരട്ടി വെളളം ചേര്‍ത്തത്), ഗോമൂത്രം (25 ഇരട്ടി വെളളം ചേര്‍ത്തത്), എന്നിവ ആഴ്ചയില്‍ 2-3 തവണ തളിയ്ക്കുന്നത് നല്ലതാണ്.

സസ്യസംരക്ഷണം

കീടങ്ങള്‍:- ഇലപ്പേന്‍, മുഞ്ഞ, മണ്ഡരി, മൃദു ശല്‍ക്ക കീടങ്ങള്‍, മീലിമൂട്ടകള്‍, വണ്ട്, പുഴുക്കള്‍, ഒച്ച് എന്നിവയാണ് ഓര്‍ക്കിഡുകളെ ആക്രമിക്കുന്ന കീടങ്ങള്‍. ഏറ്റവും കൂടുതല്‍ ശല്യമുണ്ടാക്കുന്നത് ഒച്ചുകളാണ്. ഇവ ഇളം തണ്ട്, വേരുകള്‍, മൊട്ടുകള്‍ എന്നീ ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു. ഇവ രാത്രികാലങ്ങളില്‍ ആക്രമിക്കുകയും പകല്‍ ഒളിഞ്ഞിരിക്കുകയും ചെയ്യും. ഇവയെ ശേഖരിച്ച് ഉപ്പുവെളളത്തില്‍ ഇട്ട് നശിപ്പിക്കാം. മെറ്റാല്‍ഡിഹൈഡ് കൊണ്ടുളള കെണികളും ഉപയോപ്രദമാണ്. ഒരു ബ്രഷിന്റെ സഹായത്തോടെ ശല്‍ക്കകീടങ്ങളെ തുരത്താം.
മീലിമൂട്ടകള്‍ക്കെതിരെ വെര്‍ട്ടിസീലിയം 10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുന്നത് നല്ലതാണ്. ഇലയുടെ ഇരു വശവും വീഴും വിധം തളിയ്ക്കണം.

 

രോഗങ്ങള്‍

അഴുകല്‍/ ബ്ലാക്ക് റോട്ട്

കൂടുതല്‍ ഈര്‍പ്പമുളള അവസ്ഥയിലാണ് ഈ രോഗം കാണുന്നത്. ഇലഖലില്‍ കറുപ്പു കലര്‍ന്ന പച്ച നിറത്തില്‍ വെളളം നനഞ്ഞതുപോലെയുളള പാടുകളുണ്ടാകും. പിന്നീട് മഞ്ഞളിച്ച് കൊഴിഞ്ഞു പോകും. മാങ്കോസെബ് അല്ലെങ്കില്‍ കാപ്റ്റാന്‍ രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടിയില്‍ തളിക്കണം.

ആന്ത്രാക്‌നോസ് (കരിച്ചില്‍)

ഇല, തണ്ട്, പൂങ്കുല എന്നീ ഭാഗങ്ങളില്‍ തവിട്ട് നിറത്തിലുളള പൊട്ട് പ്രത്യക്ഷമാകുന്നു. ഇലകള്‍ കൊഴിയും. പൂക്കള്‍ കരിയും. രോഗം ബാധിച്ച ഭാഗങ്ങള്‍ നശിപ്പിക്കണം. കാര്‍ബണ്‍ഡാസിം ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം.

വേരു ചീയല്‍

വെളളം കെട്ടി നില്‍ക്കുന്നതു തടയാണം. പായല്‍ പിടിക്കാതെ നോക്കണം. ഇതിന് ബ്ലീച്ചിംഗ് പൗഡറുപയോഗിച്ച് പരിസരം വൃത്തിയാക്കണം. രോഗബാധയുളള ചെടികള്‍ പിഴുതു മാറ്റി മാങ്കോസെബ് 2.5 ഗ്രാം അല്ലെങ്കില്‍ കാപ്റ്റാന്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടികളിലും വേരുകളിലും വീഴുംവിധം തളിക്കണം.

ഇലപ്പുളളി രോഗം

കറുപ്പും തവിട്ടു നിറത്തിലുമുളള പുളളിക്കുത്തുകള്‍ ഇലകളില്‍ കാണുന്നു. പുളളിക്കുത്തിനു ചുറ്റും മഞ്ഞവലയവും കാണാം. ഇല കരിയും. നനവ് അധികമാകാതെ ശ്രദ്ധിക്കണം. കാര്‍ബന്‍ഡാസിം ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം.

ബാക്ടീരിയല്‍ അഴുകള്‍

ഇലകളില്‍ ചാരനിറം കലര്‍ന്ന പച്ചനിറമുളള പാടുകളുണ്ടായി ഇവ വലുതായി ദുര്‍ഗന്ധമുണ്ടാകുകയും, തവിട്ടുനിറമാവുകയും ചെയ്യും. കാപ്റ്റാന്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി എല്ലാ ചെടികളിലും തളിക്കണം.

വിളവെടുപ്പ്

പൂങ്കുലകളിലെ എല്ലാ പൂവുകളും വിരിയുന്നതിനു മുമ്പ് വിളവെടുക്കണം. കേരളത്തില്‍ ഓര്‍ക്കിഡ് കൃഷിയ്ക്ക് വളരെയധികം സാധ്യതകളാണുളളത്. കാലാവസ്ഥയിലെ വൈവിദ്ധ്യം കാരണം കൂടുതല്‍ ചൂട് ആവശ്യമായ ഡെന്‍ഡ്രോബിയം മുതല്‍ തണുത്ത കാലാവസ്ഥയിഷ്ടപ്പെടുന്ന സിംബീഡിയം, ഫലനോപ്‌സിസ് എന്നീ ഇനങ്ങള്‍ വരെ കൃഷി ചെയ്യാം.

തുടക്കത്തില്‍ സമ്പന്നരായ വീട്ടമ്മമാര്‍ വിനോദത്തിനു വേണ്ടി മാത്രമാണ് ഓര്‍ക്കിഡ് കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അനേകം കര്‍ഷകര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ആവശ്യക്കാര്‍ ഏറിയതോടെ ഓര്‍ക്കിഡ് പൂക്കള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കും ഇനമനുസരിച്ച് ആദായകരമായ വില കിട്ടുന്നുമുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുളള നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വയനാടിനെ പുഷ്പകൃഷിക്കുളള പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇനിയുളള പ്രവര്‍ത്തനങ്ങളിലൂടെ പുഷ്പകൃഷിയ്ക്ക് പ്രത്യേകിച്ച് ഓര്‍ക്കിഡ് കൃഷിയ്ക്ക് - സമീപ ഭാവിയില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന്.

ഡോ. എസ് സിമി, സുവിജ എന്‍. വി, സഫിയ എന്‍.ഇ, കെ.വി.കെ അമ്പലവയല്‍, വയനാട്


Share your comments