Flowers

നിസ്സാരം, അനായാസം; വീട്ടിലെ പൂന്തോട്ടത്തിൽ സീനിയ വളർത്താം

zinnia flowers

വീട്ടിലെ പൂന്തോട്ടത്തിൽ സീനിയ വളർത്താം

പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളാൽ ഉദ്യാനത്തിലെ പ്രധാനിയാണ് സീനിയ. സിന്നിയ എന്നും ഇത് അറിയപ്പെടുന്നു. നിറങ്ങളിലെ വൈവിധ്യം ചിത്രശലഭങ്ങളെയും ചെറുകുരുവികളെയും ആകർഷിക്കുന്നതിനാൽ പൂത്തു തളിർത്ത് നിൽക്കുന്ന ഉദ്യാനത്തിൽ സീനിയയും ഒരു മുതൽക്കൂട്ടാണ്.

മുറികള്‍ അലങ്കരിക്കുവാന്‍ കട്ഫ്‌ളവറായി ഇത് ഉപയോഗിക്കുന്നു. മൂന്നിൽ കൂടുതൽ ദിവസം കേടുകൂടാതെ ഇവ സൂക്ഷിക്കാനാകും.

ഒരു വർഷമോ രണ്ടുവർഷമോ ചെടികൾക്ക് ജീവിത കാലയളവുളവുണ്ട്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങളാണ് ഇതിൻറെ സവിശേഷത. ഇരുപതോളം ഉപവർഗ്ഗങ്ങളിൽ സീനിയ കാണപ്പെടുന്നു.

സീനിയ ഏറ്റവും കൂടുതലുള്ളത് തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ്. സീനിയ എലിഗന്‍സ് എന്നാണ് ശാസ്ത്രനാമം. മഴക്കാലത്തും മഞ്ഞുകാലത്തും വളർത്താം.

ചെടിച്ചട്ടിയിലോ ഗ്രാബാഗിലോ നട്ടു വളർത്താൻ അനുയോജ്യമായ ചെടിയാണ് സീനിയ. ഇവയുടെ വേരുകൾ വശങ്ങളിലേക്ക് പടർന്ന് പിടിച്ച് വളരുന്നതിനാൽ ഉദ്യാനത്തിൽ നിലത്ത് നട്ട് പരിപാലിക്കുന്നതാണ് മികച്ച കൃഷിരീതി.

ഒരുനിരയിൽ മാത്രം ഇതളുകൾ ഉള്ളതും, അടുക്കുള്ളതുമായ വ്യത്യസ്ത ഇനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പിങ്ക്, പർപ്പിൾ, ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് പൂക്കൾ. ഒരു പൂവിൽ തന്നെ രണ്ട് നിറങ്ങളും മൂന്ന് നിറങ്ങളും ഉള്ളവയും കാഴ്ചയിൽ കൂടുതൽ മനോഹരമാണ്.

സീനിയയുടെ ഇലകൾ ഇളം പച്ച മുതൽ ഇടത്തരം പച്ച നിറത്തിലുള്ളവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.

zenia

പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കളാണ് സീനിയ

കൃഷിരീതി

കേരളത്തിൽ പൊതുവായി കണ്ടുവരുന്ന ചെടിയാണിത്.അതിനാൽ കേരളത്തിലെ നീർവാഴ്ചയുള്ള മണ്ണ് ഇതിനു അനുയോജ്യമാണ്. ഇതിന്റെ ആദ്യ രണ്ടു പൂക്കളിൽ നിന്നല്ലാതെ പിന്നീടുണ്ടാകുന്ന പൂക്കളിലെ വിത്തുകളാണ് നടീലിന് ഉപയോഗിക്കേണ്ടത്.

മണലും ചാണകപ്പൊടിയും ചേർത്ത മണ്ണിൽ വിത്തു പാകി മുളപ്പിച്ച എടുക്കുന്നത് ഉത്തമമാണ്. ഇവ 6 സെന്റീമീറ്റർ വരെ ഉയരത്തിലുള്ള തൈകളാകുമ്പോൾ പറിച്ചു മാറ്റിനടാം.

ശരിയായ പരിപാലനം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ പുഷ്പിക്കുന്ന ചെടിയാണിത്. ചെടിക്ക് പൊക്കം വക്കുമ്പോൾ ഉയർന്നു പൊങ്ങി വശങ്ങളിലേക്ക് വീഴാതിരിക്കാൻ കമ്പോ മറ്റോ കൊണ്ട് താങ്ങു നൽകുന്നതിന് ശ്രദ്ധിക്കണം.

ചെടിയുടെ ഇലകളിലും മറ്റും കീടങ്ങൾ ആക്രമിക്കാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ ഇവക്കു രാസകീടനാശിനികൾ തളിക്കണം. ഉണങ്ങിപൊടിഞ്ഞ കാലിവളം ചെടികളുടെ തടങ്ങളില്‍ നന്നായി ഇട്ടുകൊടുത്താൽ വലിപ്പമുള്ള  നിറയെ പൂക്കൾ ലഭിക്കും. മണ്ണില്‍ വളാംശം കുറവാണെങ്കില്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും. ഇത് വിളറിയ പൂക്കള്‍ ഉണ്ടാവാൻ കാരണമാകും. വെയില്‍ ധാരാളം ആവശ്യമുള്ള സസ്യമാണിത്.

വരണ്ട കാലാവസ്ഥയിലും സീനിയക്ക് വളരാൻ സാധിക്കുമെന്നതിനാൽ ഇടക്കിടക്ക് ജലസേചനം നടത്തേണ്ട ആവശ്യമില്ല. ആഴ്ചയിൽ ഏകദേശം ഒരു ഇഞ്ച് വരെ താഴ്ചയിൽ വെള്ളമെത്തുന്ന രീതിയിലാണ്  ജലസേചന രീതി. എന്നാൽ ദിവസവും നനക്കുന്നതും കൂടുതൽ ഗുണം ചെയ്യും.

വിത്ത് പാകിയുള്ള കൃഷിരീതിയല്ലാതെ, ഉണങ്ങിയ പൂക്കളിൽ നിന്നും വിത്ത്  പൊട്ടി മുളക്കാറുണ്ട്. മറ്റു ചെടികൾ പോലെ സസൂഷ്‌മ പരിപാലനം ആവശ്യമില്ലാത്തതിനാൽ തന്നെ പൂന്തോട്ടവളർത്തലിലെ തുടക്കക്കാർക്ക് സീനിയ വളരെ അനായാസം നട്ടു വളർത്താവുന്നവയാണ്. 


English Summary: zinnia flowers easy to plant in gardens

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine