മീനാമ്പഴം, എനിയേംപഴം തുടങ്ങിയ വേറിട്ട പേരുകളിൽ അറിയപ്പെടുന്ന പഴമാണ് ആത്തപ്പഴം. അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശമാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ആത്തച്ചക്കയുടെ പല ഇനങ്ങളും രുചിയിലും രൂപത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. വളരെ സ്വാദിഷ്ടമായ ഈ ഫലം പോഷകങ്ങളാൽ സമൃദ്ധമാണ്.
അനോണേസിയെ സസ്യകുടുംബത്തിലെ അനോണ എന്ന ജനുസ്സിൽ ഉൾപ്പെട്ട ആത്തച്ചക്കയുടെ കുടുംബത്തിൽ വിവിധതരത്തിലുള്ള പഴങ്ങളുണ്ട്.
അതായത്, ചില ഫലങ്ങൾ കാൻസറിനെ പ്രതിരോധിക്കുമെങ്കിൽ, മാംസപേശികൾക്കും ഞരമ്പുകൾക്കും നന്നായി ഗുണം ചെയ്യുന്നവയും ഇക്കൂട്ടത്തിലുണ്ട്.
നമ്മുടെ തൊടിയിലും വീട്ടുവളപ്പിലും കാണുന്ന ഇത്തരം മരങ്ങളും അവയുടെ ഫലങ്ങളും ഇന്ന് വ്യാപകമായി കാണപ്പെടുന്ന പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ്. കേരളത്തിൽ കണ്ടുവരുന്ന വ്യത്യസ്ത ആത്തച്ചക്കകളെ പരിചയപ്പെടാം.
ഹനുമാൻ പഴം
അനോണ ചെറിമോല എന്നാണ് ശാസ്ത്രീയ നാമം. അമേരിക്കയാണ് സ്വദേശം. ഡിസംബർ- ജൂൺ മാസങ്ങളിലാണ് ഇവ പൂവിടുന്നത്.
രാമപ്പഴം
സ്വാദിൽ കേമനാണ് ആത്തച്ചക്കയിലെ രാമപ്പഴമെന്ന ഇനം. ഇതിന്റെ ഫലവും ഇലയും ഔഷധ മേന്മയുള്ളതാണ്. ശരീര ശക്തി വർധിപ്പിക്കുന്നതിന് രാമപ്പഴം സഹായിക്കുന്നു. കൂടാതെ, രാമപ്പഴത്തിന്റെ വേരിൽ നിന്ന് കഷായമുണ്ടാക്കി പനിക്കും മറ്റും മരുന്നായും ഉപയോഗിക്കാറുണ്ട്.
രാമപ്പഴത്തിന്റെ വേരിന്റെ തൊലി ചതച്ച് മോണയില്‍ വച്ചാല്‍ പല്ലുവേദന ശമിക്കുമെന്നും നാട്ടുവൈദ്യങ്ങളിൽ പറയുന്നു.
കടലാത്ത
അനോണ ഗ്ലാബ്ര എന്നാണ് ശാസ്ത്രീയ നാമം. ഇവയുടെ പൂക്കൾക്ക് ക്രീം നിറമാണ്. ജനുവരി-ഏപ്രിൽ മാസങ്ങളിലാണ് കടലാത്ത മരം പൂവിടുന്നത്.
മുള്ളാത്ത
അനോണ മൂരിക്കേറ്റ എന്നാണ് ശാസ്ത്രീയ നാമം. ആത്തപ്പഴത്തിൽ തന്നെ വലിപ്പത്തിൽ മുൻപന്തിയിലുള്ള പഴമാണ് മുള്ളാത്ത. കാൻസറിന് ഉത്തമ പ്രതിവിധിയാണെന്ന് പറയുന്നതിനാൽ തന്നെ കാൻസർ ചക്ക എന്നും ഇവ അറിയപ്പെടുന്നു. ഏപ്രിൽ- ഒക്ടോബർ മാസങ്ങളിലാണ് പൂവിടുന്നത്.
പറങ്കിച്ചക്ക
അനോണ റെറ്റിക്കുലേറ്റ എന്നാണ് ശാസ്ത്രീയ നാമം. ജന്മദേശം അമേരിക്ക. മെയ്- ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ പൂക്കുന്നത്.
സീതപ്പഴം
അനോണ സ്‌ക്വാമോസ എന്നാണ് ശാസ്ത്രീയ നാമം. ആത്തപ്പഴത്തിൽ ഏറ്റവും സുപരിചിതവും സുലഭവുമായി ലഭിക്കുന്ന ഇനമാണ് സീതപ്പഴം. മുന്തിരി ആത്തി എന്നും ഇത് ചിലയിടങ്ങളിൽ അറിയപ്പെടുന്നു. പലവിധ ഔഷധഗുണങ്ങളുള്ള ഒരു ഫലമാണിത്.
പാലക്കാട് ജില്ലയിലും മലബാർ മേഖലയിലും ഇതിനെ ചക്കപ്പഴം എന്നും വിളിക്കുന്നു. സീതപ്പഴത്തിന്റെ അകത്തെ കുരുവും മാംസള ഭാഗവും ചക്കയോട് സാദൃശ്യം ഉള്ളതിനാലാണ് ഈ പേര് വരാൻ കാരണം. ജൂൺ- ഒക്ടോബർ മാസങ്ങളാണ് ഇവയുടെ പൂക്കാലം.
വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് ആത്തച്ചക്ക. അള്‍സര്‍, അസിഡിറ്റി എന്നിവയ്ക്കെതിരെ സീതപ്പഴം ഫലപ്രദമായി പ്രവർത്തിക്കും.
ചെറുമധുരവും പുളിയും ചേർന്ന മുള്ളൻ ചക്കയ്ക്കാവട്ടെ അർബുദത്തെ നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ കായ്കളിലും ഇലയിലും അടങ്ങിയിരിക്കുന്ന 'അസറ്റോജനിനസ്' എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
Share your comments