കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴം; അതാണ് ദുരിയാന്‍. തെക്കു കിഴക്കന്‍ ഏഷ്യയില്‍ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാന്‍ അറിയപ്പെടുന്നത്. ഫുഡ്‌ബോളിന്റെ വലിപ്പവും പുറത്ത് കൂര്‍ത്തു മൂര്‍ത്ത നീളന്‍ കട്ടിമുളളുകളും അനന്യസാധാരണമായ ഗന്ധവും ഇത്രയുമാണ് ദുരിയാന്‍ പഴത്തിന്റെ മുഖമുദ്രകള്‍. ദുരിയാന്‍ പഴത്തിന് അരോചകമായ ഗന്ധം ആണ്.
കണ്ടാല്‍ ഒരു ചെറിയ ചക്കപ്പഴം; അതാണ് ദുരിയാന്‍. തെക്കു കിഴക്കന്‍ ഏഷ്യയില്‍ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാന്‍ അറിയപ്പെടുന്നത്. ഫുഡ്‌ബോളിന്റെ വലിപ്പവും പുറത്ത് കൂര്‍ത്തു മൂര്‍ത്ത നീളന്‍ കട്ടിമുളളുകളും അനന്യസാധാരണമായ ഗന്ധവും ഇത്രയുമാണ് ദുരിയാന്‍ പഴത്തിന്റെ മുഖമുദ്രകള്‍. ദുരിയാന്‍ പഴത്തിന് അരോചകമായ ഗന്ധം ആണ്. അതിനാല്‍ 'സ്വര്‍ഗ്ഗത്തെപ്പോലെ സ്വാദിഷ്ഠവും നരകത്തെപ്പോലെ ഗന്ധവും' ഉളള ഫലം എന്ന് ചില രസികന്മാര്‍ ദുരിയാനെ വിശേഷിപ്പിക്കാറുണ്ട്. ഒരു പക്ഷെ സ്വാദു കൊണ്ട് ഇത്രയേറെ ആരാധകരും ദുര്‍ഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുളള മറ്റൊരു പഴം സസ്യകുലത്തില്‍ തന്നെ ഉണ്ടെന്നും തോന്നുന്നില്ല.
എന്താണ് ദുരിയാന്‍ പഴത്തിന്റെ സ്വാദ്? ഇത് കഴിച്ചിട്ടുളളവര്‍ക്ക് വ്യക്തമായി ഒരിക്കലും നിര്‍വചിക്കാന്‍ സാധിച്ചിട്ടേ ഇല്ല. അത്രത്തോളം അമൂര്‍ത്തഭാവമാണ് ദുരിയാന്‍ പഴത്തിന്റെ സവിശേഷസ്വാദിന്. ചോക്ലേറ്റും ഉളളിയും കലര്‍ന്ന സ്വാദാണ് പഴത്തിന് എന്ന് ചിലര്‍ പറയും. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രമുഖ ബ്രിട്ടീഷ് പരിസ്ഥിതിവാദിയായ ആല്‍ഫ്രഡ് റസ്സല്‍ വാലസ് ദുരിയാന്‍ പഴത്തിന്റെ അപൂര്‍വസ്വാദിനെ കുറിച്ച് ഇങ്ങനെ എഴുതി ''സ്വാദിഷ്ടമായ ആത്തപ്പഴത്തിനുളളില്‍ സ്വാദും സുഗന്ധവും ഒത്തിണങ്ങിയ ബദാം അങ്ങിങ്ങു നിക്ഷേപിച്ചതു പോലെയാണ് ദുരിയാന്‍...''
പരിചയം
ബോര്‍ണിയോ, സുമാത്ര പ്രദേശങ്ങളിലാണ് ദുരിയാന്റെ ജനനം. ഇന്നിപ്പോള്‍ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമെ തായ്‌ലന്റ്, ദക്ഷിണ ഫിലിപ്പീന്‍സ്, ന്യൂഗിനി, ഇന്ത്യ, ശ്രീലങ്ക, വിയറ്റ്‌നാം മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടെയെല്ലാം ദുരിയാന്‍ വളര്‍ത്തുന്നു. 'ദുരി' എന്ന മലയന്‍ പദത്തില്‍ നിന്നാണ് ഈ പഴത്തിന് 'ദുരിയാന്‍' എന്ന പേര് പേരു കിട്ടിയത്. 'ദുരി' എന്നാല്‍ 'മുളളുകള്‍ നിറഞ്ഞ പഴം' എന്നയര്‍ഥത്തില്‍ ഇതിന് 'ദുരിയാന്‍' എന്നു പേരിട്ടത് തികച്ചും അന്വര്‍ഥമാണെന്ന് കാണാം.
സാധാരണഗതിയില്‍ ദുരിയാന്‍ മരം 25 മുതല്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് നിത്യഹരിത സ്വഭാവം. വര്‍ഷത്തില്‍ 1500-2000 മില്ലി മീറ്റര്‍ മഴയും 25-30 ഡിഗ്രി സെല്‍ഷ്യസ് ചൂടും വളര്‍ച്ചയ്ക്ക് അനുകൂലം. ഉഷ്ണമേഖലാപ്രദേശങ്ങള്‍ ഇതിന് വളരാന്‍ ഇഷ്ടമാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പനില തീരെ താഴ്ന്നാല്‍ ഇലകരിച്ചില്‍ ഉണ്ടാകും. വളക്കൂറുളള എക്കല്‍ മണ്ണും പശിമരാശി മണ്ണുമാണ് ദുരിയാന്‍ കൃഷിക്ക് അനുയോജ്യം.
പ്രജനനവും കൃഷിയും
വിത്തു പാകി മുളപ്പിച്ച് തൈകളാക്കിയോ ഒട്ടിക്കല്‍, മുകുളനം തുടങ്ങിയ രീതികളുപയോഗിച്ചോ ദുരിയാനില്‍ വംശവര്‍ദ്ധന നടത്താം. കൃഷിയിടം വൃത്തിയാക്കി മണ്ണിളക്കിയൊരുക്കുക. 50 മുതല്‍ 100 സെന്റീ മീറ്റര്‍ വലിപ്പത്തിലും താഴ്ച്ചയിലും കുഴികളെടുക്കുക. ഇതില്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് നിറച്ചിട്ട് തൈ നടുന്നു. അടുത്തടുത്തു നടുമ്പോള്‍ തൈകള്‍ തമ്മില്‍ 10 മീറ്റര്‍ അകലം വേണം. വരികള്‍ തമ്മില്‍ 7.5 മീറ്റര്‍ നല്‍കാം. ഇത്തരത്തില്‍ നടുമ്പോള്‍ വാണിജ്യ കൃഷിയില്‍ ഒരു ഹെക്ടറില്‍ 200 നകം എണ്ണം തൈകള്‍ നടാം. ലഭ്യമായ ഏതെങ്കിലും രാസവളമിശ്രിതം അടിവളമായി 40 ഗ്രാം തോതില്‍ ചെടിയൊന്നിന് നല്‍കുക. രണ്ടു മാസത്തെ വളര്‍ച്ച കഴിയുമ്പോള്‍ 10 ഗ്രാം മിശ്രിതം നല്‍കുക. നാലാം മാസം ഇത് 40 ഗ്രാമും ആറാം മാസം 30 ഗ്രാമും എട്ടാം മാസം 40 ഗ്രാംമും പത്താം മാസം 50 ഗ്രാമും ഒരു വര്‍ഷമാകുമ്പോള്‍ 60 ഗ്രാമും എന്ന ക്രമത്തില്‍ ഇത് വ്യത്യാസപ്പെടുത്തുന്നു. രണ്ടു വയസ്സു പ്രായമായ ദുരിയാന്‍ മരത്തിന് 250 ഗ്രാമാണ് രാസവളമിശ്രിതത്തിന്റെ ശുപാര്‍ശ. വളപ്രയോഗ വേളയില്‍ മണ്ണില്‍ ഈര്‍പ്പം നിര്‍ബന്ധമാണ്.
ഇതര പരിചരണങ്ങള്‍
മരം വളരുന്നതിനനുസരിച്ച് ഉണങ്ങിയ ശിഖരങ്ങളും അനാവശ്യമായി നീണ്ടു വളരുന്ന കൊമ്പുകളും മുറിച്ചു നീക്കി വളര്‍ച്ച നിയന്ത്രിക്കുന്നതില്‍ തെറ്റില്ല. വേനല്‍ക്കാലത്ത് മരച്ചുവട്ടില്‍ തൊണ്ട്, കരിയില, വൈക്കോല്‍ എന്നിവ കൊണ്ട് പുതയിടാനും ശുപാര്‍ശ ചെയ്യുന്നു.
വിളവ്
നന്നായി പരിചരിച്ചു വളര്‍ത്തുന്ന ഒരു ദുരിയാന്‍ മരം 3-4 വര്‍ഷം കൊണ്ട് കായ് പിടിക്കാന്‍ തുടങ്ങും. പത്തു വര്‍ഷമായ മരത്തില്‍ നിന്ന് നല്ല വിളവ് കിട്ടും. മെയ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഫലോല്‍പാദനകാലം. മരത്തില്‍ നിന്നു തന്നെ പാകമാകുക എന്നതാണ് ദുരിയാന്‍ പഴത്തിന്റെ സ്വഭാവം. പഴുത്ത കായ്കള്‍ താനേ പൊഴിഞ്ഞു വീഴും.
മേന്മകള്‍
• ശരീരത്തിലെ സീറോട്ടോണിന്‍ നില ഉയര്‍ത്തുക വഴി ശാരീരികാസ്വാസ്ഥ്യം നല്‍കുന്നു. ക്ഷീണം അകറ്റുന്നു. സന്തോഷം പ്രദാനം ചെയ്യുന്നു.
• പേശീ നിര്‍മാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
• വാര്‍ദ്ധക്യസഹജമായ വൈഷമ്യതകള്‍ ലഘൂകരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു.
ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കുവാനുളള സഹന ശേഷിയും മാനസികാരോഗ്യവും നല്‍കുന്നു.
രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. ത്വക്ക് രോഗങ്ങളെ അകറ്റുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാകുന്നു.
ലോക ദുരിയാന്‍ ഉല്‍സവം
തായ്‌ലന്റിലെ ചന്ദാബുരി പ്രവശ്യയില്‍ എല്ലാ വര്‍ഷവും മെയ് മാസം ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ലോക ദുരിയാന്‍ ഉല്‍സവം സംഘടിപ്പിക്കുക പതിവാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിയാന്‍ തോട്ടങ്ങള്‍ നിലവിലുളള മേഖലയും കൂടെയാണിത്. വിവിധതരം ദുരിയാന്‍ പഴങ്ങള്‍ രുചിക്കാന്‍ ഒരപൂര്‍വ അവസരം കൂടെയാണ് ദുരിയാന്‍ ഉല്‍സവം.
Share your comments