മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ പഴമാണ് പപ്പായ. മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം ഒരു പോലെ ഫലം തരുന്ന പപ്പായ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സമൃദ്ധമായി വളരും.
പ്രത്യേകിച്ച് പരിചരണമൊന്നുമില്ലെങ്കിലും എളുപ്പത്തില്‍ വീട്ടുവളപ്പില്‍ പപ്പായ വളരും. എന്നാല്‍ പപ്പായയില്‍ വരുന്ന വൈറസ് രോഗങ്ങള്‍ ചിലപ്പോഴൊക്കെ നമ്മെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിനുളള ചില പ്രതിവിധികളിലേക്ക്.
വൈറസ് ബാധിച്ച പപ്പായച്ചെടിയുടെ ഇലകള്‍ വെളുത്ത് ചുരുണ്ട് പോകുന്നതായി കാണാറുണ്ട്. നാടന്‍ പപ്പായ ഇനങ്ങളില്‍ ഉളളതിനെക്കാള്‍ വൈറസ് രോഗങ്ങള്‍ കൂടുതലായും കണ്ടുവരാറുളളത് റെഡ് ലേഡി പോലുളള ഇനങ്ങളിലാണ്. വൈറസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് റിങ് സ്‌പോട്ട് വൈറസ്.
വൈറസ് രോഗങ്ങള്‍ പലപ്പോഴും നമുക്ക് തലവേദനയാകാറുണ്ട്. രോഗങ്ങളുളള തൈകള്‍ നടുന്നത് വഴിയും നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ വഴിയുമെല്ലാമാണ് വൈറസ് രോഗങ്ങള്‍ വ്യാപിക്കുന്നത്. അതിനാല്‍ തീര്‍ത്തും വിശ്വസിച്ച് വാങ്ങാവുന്ന സ്ഥലങ്ങളില്‍ നിന്ന് മാത്രം പപ്പായയുടെ തൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കാം.
മുഞ്ഞകള്‍, വെളളീച്ചകള്‍ എന്നിവയെല്ലാം വൈറസ് വാഹകരായി പറയപ്പെടുന്നു. അതിനാല്‍ ഇവയെ തടയാന്‍ സാധിച്ചാല്‍ വലിയൊരളവ് വരെ രോഗബാധ നിയന്ത്രിക്കാനാകും. ഇവയ്‌ക്കെതിരെ ജൈവ, രാസകീടനാശിനികള്‍ പ്രയോഗിക്കാവുന്നതാണ്.
പ്രതിവിധികള്‍ നോക്കാം
പപ്പായച്ചെടികളിലെ വൈറസ് ബാധ തടയാനായി വേപ്പെണ്ണ-സോപ്പ് മിശ്രിതം തളിച്ച് നല്‍കാവുന്നതാണ്. അഞ്ച് മില്ലി വേപ്പെണ്ണ, ഒരു ലിറ്റര്‍ വെളളം, 10 ഗ്രാം സോപ്പ് എന്നിവ ഈ മിശ്രിതം തയ്യാറാക്കാനായി ഉപയോഗിക്കാം. ഇതിനൊപ്പം 20 ഗ്രാം സ്യൂഡോമോണസ് ലായനി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയശേഷം തളിയ്ക്കാവുന്നതാണ്. ഇതല്ലെങ്കില്‍ ഒരു ലിറ്റര്‍ വെളളത്തില്‍ രണ്ട് മില്ലി നിംബിഡിസിന്‍ കലര്‍ത്തിയ ശേഷം തളിച്ചുകൊടുക്കാം.
രോഗബാധ കൂടുതലുണ്ടെങ്കില്‍ അഞ്ച് ഗ്രാം തയോമെത്തോക്‌സാം 20 ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ച് തളിച്ചുനല്‍കാവുന്നതാണ്. കൂടാതെ വൈറസ് ബാധയുണ്ടെങ്കിലും കായ്കളുളള മരമാണെങ്കില്‍ അതില്‍ 10 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ലായനി തളിക്കാവുന്നതാണ്. രോഗബാധ രൂക്ഷമായ ചെടികളാണെങ്കില്‍ അവ പിഴുത് മാറ്റുന്നതാണ് വൈറസ് വ്യാപിക്കാതിരിക്കാന്‍ നല്ലത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farming/fruits/papaya-the-king-of-fruits/
Share your comments