ചെമ്പരത്തിവരിക്ക, പത്താംമുട്ടം വരിക്ക, തേൻവരിക്ക, സിലോൺ വരിക്ക, മുട്ടം വരിക്ക, തേൻ കുഴമ്പൻ, മുന്തിരിച്ചക്ക, എന്നിങ്ങനെ തുടങ്ങി ഒട്ടേറെ വെറൈറ്റികളുടെ ഒട്ടുതൈകൾ നഴ്‌സറികളിൽ നിന്നു കിട്ടും.
കറയില്ല വരിക്ക, പാലൂർ1.2, വടവരിക്ക, ഉത്തമ, എടുസെഡ്, കറിവരിക്ക (ബ്ളാക്ക് ജാക്ക്) കേസരി, ലാൽബാഗ് രാജ, ലാൽബാഗ് ഭീമ, എ-9, എ-10എന്നിവയും എല്ലാ കാലത്തും ചക്കപ്പഴത്തിന്റെ സ്വാദ് നമുക്കേകുന്ന, സീസണിനുമുമ്പേ കായ്ക്കുന്ന ചക്കയിനങ്ങളായ സദാനന്ദ, ശ്രീ വിജയ, സർവഥ, JAP-3, പ്രശാന്തി, സിംഗപ്പൂർ എന്നിങ്ങനെ ഒട്ടേറെയിനങ്ങളും കേരളത്തിലുടനീളമുള്ള നഴ്‌സറികളിൽ ലഭിക്കുന്നുണ്ട്.
ഒട്ടുതൈകൾ നടാം
മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ ചാണകപ്പൊടി അഞ്ചുകിലോ(മൂന്നുകിലോ കംമ്പോസ്റ്റ്) അഞ്ചുകിലോ കഴുകിയെടുത്ത ചകിരിച്ചോറ്. അരക്കിലോ വേപ്പിൻപിണ്ണാക്ക് എന്നിവ മേൽമണ്ണിനൊപ്പം ചേർത്ത് മിക്‌സാക്കിയ പോട്ടിങ് മിശ്രിതം നിറച്ച് അതിൽ തൈകൾ നടാം. നന്നായി ഉണങ്ങിയ ചാണകപ്പൊടിയെക്കാൾ ഈർപ്പം മുഴുവനായും നഷ്ടപ്പെടാത്ത ചാണകമാണ് ഉത്തമം.
വളഞ്ഞ തായ്‌വേര് മുറിക്കണം
പല നഴ്‌സറികളിലും പ്ലാസ്റ്റിക് കവറുകളിൽ കിട്ടുന്ന തൈകളുടെ തായ്‌വേരുകൾ വളരുവാൻ സ്ഥലമില്ലാതെ വളഞ്ഞുകിടക്കും അങ്ങനെയുള്ള തായ്‌വേര് വളഞ്ഞ അടിഭാഗം മുറിച്ചു മാറ്റിയ ശേഷം മാത്രമേ നടാവൂ. അല്ലെങ്കിൽ വേരു പിടിച്ച് പൊന്താൻ താമസം വരും. പുതിയ ഇലകൾ വളർന്ന് തൈകൾ പിടിക്കുന്നതുവരെ ഒന്നരാടൻ നന നൽകാം. നന്നായി പടർന്നു വളരുന്നതിനാൽ ഓരോ തൈകൾക്ക് വളരാൻ സ്ഥലം നൽകണം. െചടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം.
ഓരോ തടത്തിനും രണ്ടുകിലോ വെച്ച് ജൈവവളങ്ങൾ ഓരോ മാസത്തിലും നൽകാം. മൈക്രോ ന്യൂട്രീഷ്യന്റ് പോലുള്ള അല്പം രാസവളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും അപര്യാപ്തമായ പോഷകങ്ങൾ ലഭിക്കാൻ കാരണമാകുകയും ചെയ്യുന്നു. ആദ്യമൂന്നുവർഷം മാസത്തിൽ ഒരു തവണയെന്നനിലയിലും പിന്നീട് വർഷത്തിൽ രണ്ടുപ്രാവശ്യവും വളം ചേർക്കാം. വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും നനയുടെ ആവശ്യമില്ല.
ശിഖരങ്ങൾ ഉണങ്ങുകയാണെങ്കിൽ ഉണങ്ങിയയിടത്തുനിന്ന് അത് മുറിച്ചു മാറ്റണം. അല്ലെങ്കിൽ തടിതുരപ്പൻ എന്നകീടം ആക്രമിക്കും. സ്പർശന കീടനാശിനികൾ തളിച്ച് തടിതുരപ്പനെ നശിപ്പിക്കാം. കൊമ്പിന്റെ ഉണങ്ങിഭാഗം ചെത്തിമാറ്റിയയിടത്ത് ബോർഡോമിശ്രിതം തേച്ചു പിടിപ്പിക്കണം.
അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്നിടം നോക്കിയാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് അധികം വെള്ളം നിൽക്കുന്ന സ്ഥലവുമാകരുത്. വലിയ ഉയരത്തിൽ പോകാതെ കൊമ്പുകൾ കോതി നിർത്തിയാൽ എല്ലാകാലത്തും കൈയെത്തും ദൂരത്തുനിന്ന് തേനൂറുംചക്ക പറിച്ചെടുക്കാം.
Share your comments