
ഏത് കാലത്തും കൃഷി ചെയ്യാവുന്ന ഒരു പഴമാണ് മുന്തിരി. വീട്ടുവളപ്പില് മുന്തിരി കൃഷി ചെയ്യുന്നവര് കുറവാണെങ്കിലും കേരളത്തില് വാണിജ്യാടിസ്ഥാനത്തിലുള്ള മുന്തിരി കൃഷിക്ക് പ്രചാരം ലഭിക്കുന്നുണ്ട്. മികച്ച പരിപാലനത്തിലൂടെ മുന്തിരി കൃഷി ലാഭകരമാക്കാന് സാധിക്കും.
വീട്ടുവളപ്പിലും മറ്റും മുന്തിരി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താകണം മുന്തിരി കൃഷി ചെയ്യേണ്ടത്. വേനലിലും മഴക്കാലത്തും നടാം.പച്ചത്തണ്ട് നടാന്‍ പാടില്ല. 30 സെന്റിമീറ്റര്‍ നീളമുള്ള വള്ളിയാണ് നടേണ്ടത്. അതിനായി നഴ്‌സറിയില്‍ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങുന്നതാകും നല്ലത്. കുഴിയുടെ നടുവില്‍ മണ്ണില്‍ നന്നായി ഉറപ്പിച്ച് വേണം നടാന്‍. മുന്തിരിവള്ളികള്‍ വളരുമ്പോള്‍ നന്നായി വളരുന്ന രണ്ടെണ്ണം മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുകളയണം. ഇലകളുള്ള ശാഖകള്‍ മുറിച്ചു കളയാം. മുന്തിരി പടര്‍ന്നാല്‍ നല്ല പന്തല്‍ ഒരുക്കാന്‍ ശ്രദ്ധിക്കണം. മുന്തിരി കൃഷിക്കായി ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. ഇല മുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ തടുക്കാന്‍ നേര്‍പ്പിച്ച ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കണം. കൊമ്പ് കോതല്‍ നടത്തിയാല്‍ വളം നല്‍കണം. വളമിട്ട ശേഷം ദിവസവും രണ്ട് നേരം നനച്ചു കൊടുക്കണം. ചെടി കായ്ക്കുന്നില്ലെങ്കില്‍ ചെറിയ ശാഖകള്‍ മുറിച്ചു നീക്കുക. പക്ഷികളുടെ ശല്യം ഇല്ലാതിരിക്കാന്‍ വലയിട്ടാല്‍ മതി.

വളം നല്‍കേണ്ട വിധം:
കാല്‍കിലോ കടലപ്പിണാക്ക് വെളളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ച് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം. ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെളളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടേണ്ടതാണ്. മാസത്തില്‍ ഒരു തവണ ഇങ്ങനെ ചെയ്യണം. അല്ലെങ്കില്‍ ഫിഷ് അമിനോ ആസിഡ് (മത്തി ശർക്കര ലായനി ) നേര്‍പ്പിച്ച് നല്‍കാവുന്നതുമാണ്.
ഉറമ്പിന്റെ ശല്യമില്ലാതിരിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് മണ്ണില്‍ വിതറുന്നത് നല്ലതാണ്. രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും കൂടെ എല്ലുപൊടിയും നല്‍കണം. രാസവളം പ്രയോഗിക്കേണ്ടതില്ല.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കുമ്പോള്‍ ലഭിക്കുന്ന വെര്‍മി ടീ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് ഇലച്ചുരുളല്‍ രോഗത്തെ അകറ്റാന്‍ നല്ലതാണ്. ഇലമുരടിപ്പ്, പൂപ്പല്‍രോഗം എന്നിവയെ തടുക്കാന്‍ ഇടയ്ക്ക് നേര്‍പ്പിച്ച വെര്‍മി കംപോസ്റ്റ് ടീയോ ബോര്‍ഡോമിശ്രിതമോ ഇലകളില്‍ തളിക്കണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതെയും മണ്ണ് തറഞ്ഞു പോകാതെയും നിലനിര്‍ത്തണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കുന്നത് ഒഴിവാക്കണം. മുന്തിരിയുടെ മധുരം കൂടാന്‍ ഇത് സഹായിക്കും.

മുന്തിരി വളളികളില്‍ പ്രൂണിംഗ് ചെയ്യേണ്ടുന്ന വിധം:
പൂവിടാനും കായ്പിടിക്കാനുമായി വളര്‍ന്നു കൊണ്ടിരിക്കുന്ന വളളികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിയാണ് പ്രൂണിംഗ്. ചെടി വളരുന്നതിനോടൊപ്പം ഇലകള്‍ക്കടുത്ത് വരുന്ന പറ്റുവളളികളേയും നീക്കം ചെയ്യേണ്ടതാണ്. തലപ്പ് നുളളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ തലപ്പ് വീണ്ടും നുളളിവിടണം. പന്തല്‍ മുഴുവന്‍ വളളി പടരുന്നത് വരെ ഈ പ്രക്രിയ തുടരണം. പത്ത് മാസം അടുക്കുന്നതോടെ ഒരു ചെടിയുടെ വളളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. ഈ ഘട്ടത്തില്‍ എല്ലാ തലപ്പ് വളളികളേയും ഒരടി നീളത്തില്‍ മുറിച്ചു മാറ്റി ഇലകളെ അടര്‍ത്തി മാറ്റണം. 15 ദിവസത്തിന് ശേഷം പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മുഴുവനായി ഇളംപച്ച നിറത്തിലുളള പൂക്കളും വന്നുതുടങ്ങും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നതായി കാണാം. ഈ സമയം അവയുടെ തലപ്പും നുളളിവിട്ട ശേഷം തൊട്ടുതാഴെയുളള മൂന്ന് ഇലകളും അടര്‍ത്തി മാറ്റണം. ഇതോടൊപ്പം സ്പ്രിംഗ് പോലുളള ചുറ്റുവളളികളും നീക്കണം. ശരിയായി പ്രൂണിംഗ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തലില്‍ വളളി മാത്രമായി കാണണം.
പ്രൂണിംഗിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. നല്ല മധുരമുള്ള മുന്തിരി ലഭിക്കാന്‍ മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം.പച്ചമുന്തിരി പഴുപ്പിക്കുന്നതിനായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല, മറിച്ച് പുളിച്ച മുന്തിരിയാകും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും പ്രൂംണിഗ് നടത്തുകയാണെങ്കില്‍ വര്‍ഷത്തില്‍ മൂന്ന് തവണ വരെ വിളവെടുക്കാം. പാകമായി വരുന്ന മുന്തിരിക്കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കുകയാണെങ്കില്‍ കിളികളേയും മറ്റും അകറ്റി നിര്‍ത്താം.
കടപ്പാട്:
കർഷകൻ :
താഷ്കെന്റ് പൈകട
Share your comments