-
-
Fruits
മുന്തിരി വിളയും കേരളത്തിലും
കേരളത്തിന്റെ പൊതുവെയുളള കാലാവസ്ഥ മുന്തിരിക്കൃഷിക്ക് അനുയോജ്യമല്ലെന്നാണ് പറയുക. പക്ഷേ, അല്പം ശ്രദ്ധിച്ചാല്‍ ഇവിടത്തെ കാലാവസ്ഥയിലും നമുക്ക് മുന്തിരി കൃഷിചെയ്യാം.
കേരളത്തിന്റെ പൊതുവെയുളള കാലാവസ്ഥ മുന്തിരിക്കൃഷിക്ക് അനുയോജ്യമല്ലെന്നാണ് പറയുക. പക്ഷേ, അല്പം ശ്രദ്ധിച്ചാല്‍ ഇവിടത്തെ കാലാവസ്ഥയിലും നമുക്ക് മുന്തിരി കൃഷിചെയ്യാം. ലോകത്ത് എണ്ണായിരത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്. ഇറ്റലിയാണ് ലോകത്തില്‍ മുന്തിരി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം.
ഇന്ത്യയില്‍ മഹാരാഷ്ടയിലാണ് മുന്തിരി കൂടുതലായിട്ട് കൃഷി ചെയ്യുന്നതെങ്കിലും വിളവിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശാണ് മുന്നില്‍. തമിഴ്‌നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിലും വന്‍തോതില്‍ മുന്തിരി കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ് മുന്തിരിക്കൃഷി.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ എന്ന സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
നടുന്ന രീതി
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്. മുന്തിരി പടര്‍ത്തിക്കയറ്റുന്നതിനു ബലമുള്ള പന്തല്‍ വേണം. അല്ലെങ്കില്‍ മുന്തിരിയുടെ ഭാരം വരുമ്പോള്‍ പന്തല്‍ നശിച്ചു പോകും. ചെടികള്‍ തമ്മിലും ചുവടുകള്‍ തമ്മിലും ആറ് അടി വീതം അകലം കൊടുക്കുന്നതാണ് നല്ലത്. അതിനു സാധിക്കുന്നില്ലെങ്കില്‍ ചുവടുകള്‍ തമ്മില്‍ നാലരയടി അകലമായാലും മതി.
നടീല്‍ വസ്തുക്കള്‍
ഒരു വര്‍ഷം പ്രായമായതും പെന്‍സില്‍ വണ്ണമുള്ളതുമായ മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്റി മീറ്റര്‍ നീളമാണ് നടീല്‍ വസ്തുക്കള്‍ക്കു വേണ്ടത്. തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് (കണ്ണുകള്‍ക്ക്) ചേര്‍ന്നാകരുത്. രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ മുറിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുവാക്കുന്നത്. പച്ചകെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍ സൂക്ഷിക്കുന്നതാണ്. ഒരുമാസത്തോളം ഇങ്ങനെ സൂക്ഷിക്കുന്നതാണ് മികച്ച വിളവു തരുന്നതായി കണ്ടിരിക്കുന്നത്. അതിനു ശേഷം ഇത്തരം വള്ളികള്‍ നഴ്‌സറിയില്‍ നട്ടുകിളിര്‍പ്പിച്ചെടുക്കാം.
നടീല്‍
മുന്തിരിവള്ളി നടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഒരു കണ്ണ് മാത്രമേ മണ്ണിനു മുകളിലേക്കു കാണാവൂ. മുപ്പതു സെന്റിമീറ്റര്‍ നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയിലേക്കു പോകണം. പോളിബാഗുകള്‍ക്കുള്ളിലോ ഉയര്‍ത്തിയെടുത്ത നഴ്‌സറിത്തടങ്ങളിലോ തൈകള്‍ വളര്‍ത്താം. തടങ്ങിളിലാണ് കൃഷിയെങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും ചുവടുകള്‍ തമ്മില്‍ മുപ്പതു സെന്റിമീറ്ററും അകലം നല്‍കണം. തൈകള്‍ നന്നായി വേരുപിടിച്ചു കിട്ടുന്നതിന് എട്ടുപത്തു മാസം വേണ്ടിവരും. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന് ഏറ്റവും യോജിച്ചത്.
നഴ്‌സറി തടങ്ങളില്‍ നിന്നു മാറ്റി നടേണ്ടത് സമചതുരക്കുഴികളിലേക്കാണ്. കുഴികള്‍ക്കോരോന്നിനും അറുപതു സെന്റിമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കണം. കുഴി എടുത്തതിനു ശേഷം വെയില്‍ കൊണ്ടു പരുവപ്പെടുന്നതിനു പത്തുദിവസം തുറന്നിടണം. അതുകഴിഞ്ഞാല്‍ നേരത്തെ കോരിയെടുത്ത മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി നടീല്‍ മിശ്രിതം തയ്യാറാക്കി കുഴി നിറയ്ക്കണം. മേല്‍മണ്ണിനു പുറമെ ഇരുപതു കിലോഗ്രാം ചാണകപ്പൊടിയും അരകിലോ വീതം രാജ്‌ഫോസും പൊട്ടാഷും ചേര്‍ക്കണം. മണ്ണില്‍ നിന്നുള്ള രോഗങ്ങളെയും കീടങ്ങളെയും തുരത്തുന്നതിന് കുഴിയൊന്നിന് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കുന്നതു നല്ലതാണ്. മേല്‍ മണ്ണിന്റെ പോരായ്മ പരിഹരിക്കുന്നതിന് ചുറ്റിലും നിന്ന് മണ്ണു വെട്ടിക്കയറ്റുകയും ചെയ്യാം. കുഴിയുടെ മധ്യത്തിലായി വേരുപിടിപ്പിച്ച തൈകള്‍ നട്ട് ചുറ്റിലും മണ്ണ് അമര്‍ത്തിയുറപ്പിക്കണം.
പ്രൂണിങ്ങ്
ചെടിയുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിക്കാണ് പ്രൂണിംഗ് എന്നു പറയുന്നത്. പ്രൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു. ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന വള്ളികള്‍ നീക്കണം. തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസങ്ങള്‍ കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും.
വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്പ്രിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് പ്രൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാത്രമായ് കാണണം.പ്രൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും പ്രൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.
English Summary: grape wine
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments