കേരളം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ പാഴ്‌ചെടിയായാണ് നോനി അല്ലെങ്കിൽ മഞ്ഞണാത്തി വളർന്നിരുന്നത്. പിൽക്കാലത്താണ് ഇതിൻറെ പോഷകഗുണങ്ങളെ കുറിച്ച് അറിഞ്ഞുതുടങ്ങിയത്. ഇന്ന് നോനി ‘സർവരോഗ സംഹാരി’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പത്ത് -പതിനഞ്ചോളം അടി ഉയരത്തിൽ നിറയെ ശാഖോപശാഖകളായി സമൃദ്ധമായ ഇലകളോടെ കുറ്റിച്ചെടിയായാണ് ഇതിന്റെ വളർച്ച. നേരിയ ഉപ്പുരസമുള്ള മണ്ണിലാണ് ഇതിന്റെ സ്വാഭാവിക വളർച്ച. കുഴൽ രൂപത്തിലുള്ള ചെറിയ വെള്ളപ്പൂക്കൾ മുട്ടുകളിലാണുണ്ടാകുക. പ്രാരംഭത്തിൽ പച്ചനിറത്തിൽ കാണുന്ന കായ്കൾ തുടർന്ന് മഞ്ഞനിറമാകുകയും മൂക്കുന്നതോടെ വിളറി വെളുത്ത് ചെടിയിൽനിന്ന് കൊഴിഞ്ഞുവീഴുകയും ചെയ്യും. പഴത്തിനുള്ളിൽ ധാരാളം വിത്തുകളുണ്ടാകും. കാലവ്യത്യാസമില്ലാതെ ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യും.
ഈ ചെടിയിൽനിന്ന് തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശങ്ങളിലടക്കം വിപണിയേറിയതിനാൽ വിവിധ മരുന്നു കമ്പനികൾക്കായി ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ നോനി കൃഷി ചെയ്തുവരുന്നുണ്ട്.
വിളഞ്ഞ് പാകമായ കായ്കളിൽനിന്ന് വിത്ത് രേഖരിക്കാം. വിത്തിനോട് ചേർന്നുള്ള പശപോലുള്ള ആവരണം നീക്കം ചെയ്യാൻ പരുപരുത്ത പ്രതലത്തിൽ ഉരച്ചെടുക്കണം. തുടർന്ന്, വെള്ളത്തിൽ കഴുകിയെടുത്ത് ഇളം വെയിലിൽ ഉണക്കി വിത്തിനായി ഉപയോഗിക്കാം.
നടുന്നതിനുമുമ്പ് വിത്തിന്റെ അഗ്രഭാഗം അൽപ്പം മുറിച്ചുകളഞ്ഞാൽ വിത്ത് എളുപ്പം മുളച്ച് വരും. തണ്ട് മുറിച്ചു നട്ടും എളുപ്പം വേര് പിടിപ്പിച്ച് വളർത്താം.നോനിയുടെ കായ്കൾക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും ഇതിന്റെ ഇലയും പൂവും വേരും എല്ലാം ഏറെ ഔഷധ പ്രാധാന്യമുള്ളതാണത്രെ.
പ്രോസിറോനിൻ (Proxeronine) എന്ന രാസവസ്തുവാണ് പ്രധാനമായും നോനിയിലെ ഔഷധഗുണമുള്ള ഘടകം. ഇതിന് പുറമെ ആന്തോക്വിനോൺ ( Anthoquinone), ലിനോലിക് ആസിഡ് (Linolic acid), ബീറ്റാ കരോട്ടിൻ (Beta carotene ), സ്കോപ്‌ളെക്ടിൻ (Scoplectin), ബീറ്റാ സിറ്റാസ്റ്റിറോൾ (Beta Sitasterol),
പെക്റ്റിൻ (Pectin), വിറ്റാമിൻ ബി വിഭാഗത്തിലെ എല്ലായിനം വിറ്റാമിനുകളും വിറ്റാമിൻ സി, ആന്തോസയാനിൻ (Anthocyanin) എന്നിവയും അടങ്ങിയിട്ടുണ്ട്.
Share your comments