തന്നിലടങ്ങിയിരിക്കുന്ന പോഷക സമൃദ്ധികൊണ്ട് ദൈവത്തിൻ്റെ ആഹാരമെന്ന് പേരുകിട്ടിയ ഒരു പഴമാണ് പേഴ്‌സിമൺ. മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, അയേൺ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമിൻ, നിയാസിന്, റാബോഫ്ളാവിൻ, കരോട്ടിൻ, അസ്‌കോർബിക് ആസിഡ് എന്നിവ വേണ്ടപോലെയുള്ള ഒരു പഴമാണിത്.
നല്ല തണുപ്പും ചൂടുകുറഞ്ഞ വേനൽക്കാലവും ഉള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളർന്നു കാണുന്നത്. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ന്നാലും പേഴ്സിമണ്ണിന് മുളയ്ക്കാനും വളരാനും യാതൊരു പ്രശ്നവുമില്ല. എന്നാൽ ചൂടുകൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് തീരെ കായ്ക്കില്ല. മാത്രമല്ല കാണ്ഡഭാഗങ്ങളിൽ വിണ്ടുകീറലും പൊളിഞ്ഞുപോരലും തുടങ്ങും.
പേഴ്സിമൺ ഒരു ഫലവൃക്ഷമാണെങ്കിലും അതിനെ അലങ്കാരച്ചെടിയായും തണുപ്പുരാജ്യങ്ങളിൽ വളർത്തിവരുന്നു. ഒട്ടേറെ ശിഖരങ്ങളും താഴേക്ക് തൂങ്ങിയ ഇലകളുമാണിതിനെ ഒരു അലങ്കാരച്ചെടിയെന്ന നിലയിൽ പ്രശസ്തമാക്കുന്നത്.ജപ്പാൻ, ചൈന, മ്യാന്മാർ , തായ്ലാന്റ് എന്നിവിടങ്ങളിൽ അലങ്കാരച്ചെടിയായും ഫലവൃക്ഷമായും ഇത് നട്ടുവളർത്തി വരുന്നുണ്ട്.
ഇന്ത്യയിൽ ഇത് നീലഗിരിയിൽ മെച്ചപ്പെട്ട രീതിയിൽ കൃഷിചെയ്തുവരുന്നു.കുർഗ്, കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും നന്നായി വളരുന്നു.
കൂടിയാൽ ഒമ്പതു മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന പേഴ്സിമണിൻ്റെ ഇലകൾക്ക് മഞ്ഞകലർന്ന ഇളംപച്ചനിറമുള്ള ഇലകളാണുണ്ടാവുക. ഇവക്ക് മൂപ്പെത്തുന്നതൊടെ തിളക്കം വർധിക്കും.
എന്നാൽ ശരത്ക്കാലത്ത് ഇതിന്റെ നിറം മാറി മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെയായി മാറും. പഴത്തിൻ്റെ സത്തിലടങ്ങിയിരിക്കുന്ന ടാനിൻ എന്ന വസ്തുവിൻ്റെ ഏറ്റക്കുറച്ചിലനുസരിച്ച് രണ്ടുതരത്തിലാണ് പേഴ്സിമൺ മരങ്ങൾ കണ്ടുവരുന്നത്. നല്ല കടുംരസമുള്ളത് തനനാക്ഷിയെന്നും കടുപ്പം കുറഞ്ഞത് ഫുയോ എന്നും അറിയപ്പെടുന്നു. ഫുയോ എന്നയിനമാണ് സാധാരണയായി കൃഷിചെയ്തുവരുന്നത്.
തൈകൾ തയ്യാറാക്കലും കൃഷിയും
വിത്ത് പാകി മുളപ്പിച്ചെടുത്തും നല്ല മാതൃസസ്യങ്ങളിൽ നിന്ന് ബഡ്ഡ്ചെയ്തും വശം ചേർത്തൊട്ടിച്ചും തൈകൾ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തു ദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. ബഡ്ഡ് ചെയ്ത തൈകൾ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. തടങ്ങളിൽ രണ്ടര മീറ്റർ ഇടവിട്ട് നട്ട് കൃഷിചെയ്യാം. കൃഷി ചെയ്യുമ്പോൾ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് പറിച്ചു നട്ട് വളർത്തിയെടുക്കാം.
പറിച്ചു നടുന്ന സ്ഥലത്ത് നല്ല തണൽ ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചില കർഷകർ ചെടി തഴച്ചു വളരാൻ ഹെക്ടറിന് 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപർഫോസ്ഫേറ്റും 50 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായിനല്കാറുണ്ട്. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.
പേഴ്സിമൺ ഇനം സസ്യങ്ങൾക്ക് കൊമ്പുകോതൽ നിർബന്ധമാണ്. പുതുതായുണ്ടാകുന്നതിൻ്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും കൊമ്പുകൾ വെട്ടിയൊതുക്കണം. ചെടിയുടെ കൊമ്പുകൾ വലിയ ഉയരത്തിലേക്ക് പോകാതെ മുറിച്ചുനിർത്തുന്നത് നല്ലതാണ്. ചെടികൾ നട്ട് മൂന്നു-നാലു വർഷത്തിനുള്ളിൽ ഇവ കായ്ച്ചുതുടങ്ങും. ചിലത് അഞ്ചാറുവർഷമാകും കായ്ക്കാൻ. മാർച്ചുമുതൽ ഓഗസ്സ് വരെയാണ് പൂവിടുന്നത്. നാലുമാസംകൊണ്ട് കായകൾ പറിക്കാനാവും. ഓഗസ്റ്റ് മുതൽ നവംബർ ഡിസംബർ വരെയാണ് വിളവെടുപ്പ് കാലം. വേനൽക്കാലത്ത് നനയും വളവും നല്കിയാൽ നല്ല കായ് ഫലംകിട്ടും.
ഒരു മരത്തിൽ നിന്ന് ശരാശരി 60-80 കായകൾ ലഭിക്കും. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ 50ഗ്രാം മുതൽ 250 ഗ്രാം വരെയുള്ള കായകൾ കിട്ടും. നന്നായി മൂത്തതിന് ശേഷമാണ് കായകൾ പറിച്ചെടുക്കേണ്ടത്. നന്നായി മൂത്തപഴങ്ങൾ തണുപ്പിച്ച് വെറുതെ കഴിക്കാം. ഐസ്‌ക്രീം, സലാഡ്, കേക്ക്, ജാം, പുഡ്ഡിങ്, എന്നിവ തയ്യാറാക്കാൻ പല രാജ്യങ്ങളിലും പേഴ്‌സിമൺ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വിത്ത് ഉണക്കിപ്പൊടിച്ച് പാനീയമാക്കിയും ഉപയോഗിച്ചുവരുന്നുണ്ട്.
Share your comments