ചക്ക, മാങ്ങ, പേരയ്ക്ക, പപ്പായ തുടങ്ങി ഫലസമൃദ്ധമാണ് നമ്മുടെ നാട്. എങ്കിലും വിദേശത്തുനിന്ന് വിരുന്നെത്തിയ അതിഥിപ്പഴങ്ങളോട് കൗതുകം നിറഞ്ഞൊരിഷ്ടം നമുക്കെല്ലാമുണ്ട്. കുറച്ചുകാലം മുമ്പുവരെ പഴക്കടകളിലും വഴിയോരത്തും മാത്രം കണികാണാന്‍ കിട്ടിയിരുന്ന പല വിദേശ പഴവര്‍ഗങ്ങളും ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടയില്‍ ഇത്തരം വ്യത്യസ്ഥമായ പഴങ്ങള്‍ മണ്ണില്‍ പരീക്ഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മികച്ച വരുമാനമാര്‍ഗമെന്ന നിലയില്‍ കൃഷി ചെയ്യുന്നവരുമുണ്ട്. ഇത്തരത്തില്‍ വിരുന്നെത്തി പിന്നീട് നമ്മുടെ നാട്ടിലെ താരങ്ങളായി മാറിയ ചില മറുനാടന്‍ പഴങ്ങളെ പരിചയപ്പെടാം.
ദുരിയാന്‍
പഴങ്ങളുടെ രാജാവെന്നാണ് തെക്കുകിഴക്കന്‍ ഏഷ്യക്കാരനായ ദുരിയന്‍ അറിയപ്പെടുന്നത്. ചക്കയുടെ ചുളകള്‍ പോലെയാണ് ഇതിന്റെ ഉള്‍വശം. ചക്കക്കുരുവിനെക്കാള്‍ വലിപ്പത്തിലുളള വിത്തുകളുണ്ടാകും. നന്നായി പരിചരിച്ച് വളര്‍ത്തിയാല്‍ ഒരു പഴത്തില്‍ നിന്ന് 40 മുതല്‍ നാനൂറുവരെ പഴങ്ങള്‍ ലഭിക്കും.
റംബുട്ടാന്‍
മലേഷ്യയില്‍ നിന്നാണ് റംബുട്ടാന്റെ കേരളത്തിലേക്കുളള വരവ്. ഇവിടെ വളരെയധികം പ്രചാരം നേടിയ മുളളന്‍ പഴം പോഷകങ്ങളാല്‍ സമ്പന്നമാണ്. കേരളത്തിന്റെ മലയോരപ്രദേശങ്ങളിലെല്ലാം ഇതിന്റെ കൃഷി ഇപ്പോള്‍ വ്യാപകമായുണ്ട്. കടുംചുവപ്പുനിറത്തിലും മഞ്ഞനിറത്തിലും കാണപ്പെടുന്നു. ആണ്‍-പെണ്‍ വ്യത്യാസമുളള ഈ മരം ഏതാണ്ട് രണ്ടരമീറ്റര്‍ ഉയരത്തില്‍ വരെ വളരും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് കേരളത്തില്‍ റംബുട്ടാന്റെ വിളവെടുപ്പുകാലം.
പുളിയെ മധുരമാക്കും മിറക്കിള്‍ ഫ്രൂട്ട്
പേരു സൂചിപ്പിക്കുന്ന പോലെ ഒരു അദ്ഭുതമാണ് മിറാക്കിള്‍ ഫ്രൂട്ട്. ഈത്തപ്പഴക്കുരുവിനോളം വലിപ്പമുളള ഈ പഴം കഴിച്ചതിന് ശേഷം പുളിയുളള എന്ത് കഴിച്ചാലും മധുരരസമാണ് രുചിക്കുക. ഇതിലുളള മിറാക്കുലിന്‍ എന്ന ഘടമാണ് പുളിരസത്തെ മധുരമാക്കി മാറ്റുന്നത്. ഈ അദ്ഭുതം ഒരു മണിക്കൂറോളം നാവില്‍ തങ്ങിനില്‍ക്കും.
ലോങ്ങന്‍
ശരീര ക്ഷീണം അകറ്റി ഊര്‍ജ്ജസ്വലത നല്‍കുന്ന ഒരു ഫലമാണ് ആണ് ലോങ്ങന്‍. നല്ല സൂര്യപ്രകാശമുള്ളി ടുത്താണ് ലോങ്ങന്‍ നട്ടുപിടിപ്പിക്കേണ്ടത്. കേരളത്തിന്റെ സമതലങ്ങള്‍ക്കും, ഹൈറേഞ്ചിനും വളരെ യോജിച്ച ഒരു ഫലവൃക്ഷമായി ഉയരാന്‍ ലോങ്ങന് സാധ്യതകള്‍ ഏറെയാണ്. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പ്രകൃതമായതിനാല്‍ ഓഫ് സീസണിലും പഴങ്ങള്‍ ഉല്‍പാദിപ്പിച്ച് വളരെ ഉയര്‍ന്ന വില ലഭ്യമാക്കാന്‍ സാധിക്കും. അതിമധുരമുളള പഴമാണ് ലോംഗന്‍. ബബിള്‍ഗമ്മിന്റെ ഗന്ധമാണിതിന്.
ഡ്രാഗണ്‍ ഫ്രൂട്ട്
സുന്ദരമായ രൂപമാണ് ഈ പഴത്തിന്റെ മുഖ്യ ആകര്‍ഷണം. ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം നമ്മുടെ നാട്ടിലും ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. ഒരു ചെടിയില്‍നിന്ന് എട്ടുമുതല്‍ പത്തുവരെ പഴങ്ങള്‍ ലഭിക്കും. ഒരു പഴത്തിന് 450 ഗ്രാം വരെ തൂക്കമുണ്ടാകും. നമുക്കേറ്റവും പരിചിതമായ കളളിച്ചെടികളുടെ കുടുംബത്തില്‍ നിന്നാണ് ഇതിന്റെ വരവ്. സവിശേഷമായ രൂപം പോലെ തന്നെ ഇതിന്റെ സ്വാദും വ്യത്യസ്ഥമാണ്. ഒപ്പം ഊര്‍ജ്ജദായകവും ജീവകങ്ങളുടെ സ്രോതസ്സും. ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ചു മാത്രം മതി. ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തുന്നവര്‍ക്ക് പഴങ്ങള്‍ വില്‍പ്പന നടത്തി മികച്ച വരുമാനം നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത
മില്‍ക്ക് ഫ്രൂട്ട്
സപ്പോട്ടയുടെ കുടുംബക്കാരനാണ് മില്‍ക്ക്ഫ്രൂട്ട്. സ്റ്റാര്‍ ആപ്പിള്‍ എന്നും ഈ പഴം അറിയപ്പെടുന്നു. പാല്‍ പോലെ വെളുത്ത ദ്രാവകം ഈ പഴത്തിന്റെ ഉള്ളിലുണ്ട്. പഴത്തിനകത്തെ ഉള്‍ക്കാമ്പിന് നക്ഷത്രാകൃതി ആയതിനാല്‍ ഇതിനെ സ്റ്റാര്‍ ആപ്പിള്‍ എന്നും വിളിക്കാറുണ്ട്. വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് മില്‍ക്ക്ഫ്രൂട്ടിന്റെ തൈകള്‍ നന്നായി വളരുന്നത്. ഇത് വേരുപിടിച്ചു കഴിഞ്ഞാല്‍ വേഗം വളരും. വേര് പിടിച്ചുകഴിഞ്ഞാല്‍ ഏത് കാലാവസ്ഥയും തരണം ചെയ്യാനുള്ള കഴിവുമുണ്ട്. മില്‍ക്ക് ഫ്രൂട്ടിന്റെ ജന്മദേശം മധ്യഅമേരിക്കയാണെന്ന് പറയപ്പെടുന്നു. അതുപോലെ വെസ്റ്റ് ഇന്‍ഡീസിലും ഈ പഴം ഉണ്ട്.
വെല്‍വെറ്റ് ആപ്പിള്‍
കണ്ടാല്‍ ആപ്പിള്‍ പോലെ തോന്നുമെങ്കിലും ഇതിന് ആപ്പിളുമായി യാതൊരുവിധ ബന്ധവുമില്ല. വെല്‍വെറ്റ് പോലെയാണ് ഇതിന്റെ പുറംതൊലി. ഫിലിപ്പീനില്‍ നിന്നുളള ഈ പഴത്തിന് കേരളത്തിലും ഇപ്പോള്‍ പ്രചാരമേറെയാണ. പൂന്തോട്ടത്തില്‍ അലങ്കാരവൃക്ഷമായും വെല്‍വെറ്റ് ആപ്പിള്‍ വളര്‍ത്തുന്നവരുണ്ട്.
പീനട്ട് ബട്ടര്‍ ഫ്രൂട്ട്
നിലക്കടലയുടെ രുചിയുളള പഴമാണ് പീനട്ട് ബട്ടര്‍ഫ്രൂട്ട്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളരുന്ന ഇവയ്ക്ക് അധികം വലിപ്പം വയ്ക്കില്ല. മഞ്ഞ കലര്‍ന്ന ചുവപ്പുനിറമുളള കായകള്‍ പഴുക്കുമ്പോള്‍ കടും ചുവപ്പുനിറമായി മാറും. കറികളിലിടാനും മറ്റും പീനട്ട് ബട്ടര്‍ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്.പഴുത്ത കായ്കളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പാകി പീനട്ട് ബട്ടറിന്റെ തൈകള്‍ ഉണ്ടാക്കാം. ഒരു വര്‍ഷം നന്നായി പരിചരിച്ചതിനു ശേഷമേ തൈകള്‍ പറിച്ചു നടാന്‍ പാടുള്ളൂ. ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കും.
Share your comments