'ഫിലോസാന്' എന്നത് മലയന്‍ പദമാണ്. 'പുലാസ്' എന്നാല്‍ മലയന്‍ ഭാഷയില്‍ 'ചുറ്റിത്തിരിയ്ക്കുക' എന്നര്‍ത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരു കയ്യില്‍ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പു തുറക്കുന്ന രീതിയില്‍ ഒന്നു വട്ടം തിരിച്ചാണ് ഇത് അടര്‍ത്തി എടുക്കുന്നത്. തോടു തന്നെ വട്ടത്തില്‍ മുറിഞ്ഞ് അടര്‍ന്നു പോരുന്ന ഈ വിളവെടുപ്പു രീതിയില്‍ നിന്നാണ് ഈ മധുരഫലത്തിന് 'ഫിലോസാന്‍' എന്ന പേരു കിട്ടിയത്.
ദക്ഷിണ മലേഷ്യയാണ് ഫിലോസാന്റെ ജന്മദേശം. മലയയിലെ പെറാക്കിനു ചുറ്റുമുളള വനപ്രദേശങ്ങളില്‍ ഫിലോസാന്റെ വന്യ ഇനങ്ങള്‍ വളര്‍ന്നിരുന്നു. എന്നാല്‍ ഫിലിപ്പീന്‍സില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഫിലോസാന്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. അപൂര്‍വമായി മാത്രമെ ഫിലോസാന്‍ പഴങ്ങള്‍ വിപണിയില്‍ എത്തിയിരുന്നുളളൂ. പുറംലോകത്തിന് അധികമൊന്നും ഈ മധുരഫലത്തെക്കുറിച്ച് അറിയുമായിരുന്നില്ല. കേരളത്തിലെ കാലവസ്ഥയില്‍ ഫിലോസാന്‍ നന്നായി വളരുകയും കായ് പിടിക്കുകയും ചെയ്യുമെന്ന് കണ്ടിരിക്കുന്നു. സമാനമായ മറ്റു പഴങ്ങളുടെ കാര്യത്തിലെന്നതുപോലെ മലേഷ്യയില്‍ ജോലിയായിരുന്ന് തിരിച്ചു നാട്ടിലെത്തിയവര്‍ തന്നെയാണ് ഫിലോസാനെയും മലയാളമണ്ണിന് പരിചയപ്പെടുത്തിയത്. ഏതാണ്ട് 20 വര്‍ഷം മുമ്പു തന്നെ ഫിലോസാന്‍ കേരളത്തിലെത്തിയെങ്കിലും ഈയടുത്തകാലത്താണ് ഇത് കൃഷിസ്‌നേഹികളുടെ സവിശേഷ ശ്രദ്ധ നേടിയത്.
കാഴ്ചയില്‍ മലേഷ്യന്‍ റമ്പൂട്ടാനോട് സാദൃശ്യമുളള ഫിലോസാന്‍ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിതസ്വഭാവമുളളതാണ്. കാഴ്ചയില്‍ സുന്ദരമായ ഒരു അലങ്കാര വൃക്ഷം. റമ്പൂട്ടാനോട് സാമ്യമുണ്ടെങ്കിലും ഫിലോസാന്‍ പഴത്തിന് റമ്പൂട്ടാനെക്കാള്‍ കൂടുതല്‍ മധുരവും സ്വാദുമുണ്ട്. തേനിനെ വെല്ലുന്ന സ്വാദാണിതിന്. ഫിലോസാന്റെ പുറംതോടിന് മലേഷ്യന്‍ റമ്പൂട്ടാന്റേതുപോലെ തൊങ്ങലുകളില്ലെങ്കിലും നല്ല ചുവപ്പു നിറവും ചക്കയുടെ മുളളുപോലെ കട്ടിയുളള ആവരണവുമുണ്ട്. ചെറിയ ഇലകളോടുകൂടിയ പഴക്കുലയില്‍ 10 മുതല്‍ 25 വരെ തൂക്കമുണ്ടാകും. എന്നാല്‍ റമ്പൂട്ടാന്റെതുപോലെ പുറംതൊലിയില്‍ മുളളുകളില്ല. തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുളള മൃദുലമായ കാമ്പ് ഇത് വളരെ മധുരോദാരവും നീരു നിറഞ്ഞതുമാണ്. ഉളളില്‍ ചെറിയ വിത്തുമുണ്ട്. കാമ്പ് വിത്തില്‍ നിന്ന് വേഗം വേര്‍പെടുത്തിയെടുക്കാം. ഇതിന്റെ വിത്തുകള്‍ അതേപടി കഴിയ്ക്കുന്ന പതിവുണ്ട്. ഇവയ്ക്ക് ഏതാണ്ട് ബദാമിനോട് സമാനമായ രുചിയാണ്. പഴത്തിന്റെ രണ്ടറ്റവും അമര്‍ത്തിയാല്‍ കാമ്പ് പുറത്തു വരും.
സാധാരണയായി രണ്ടുതരം ഫിലോസാന്‍ പഴങ്ങള്‍ കാണാറുണ്ട്. ഒന്ന് കടും ചപവപ്പുനിറമുളളതും ഇനിയൊന്ന് ഇളം ചുവപ്പു നിറമുളളതും. 'നെഫേലിയം മ്യൂട്ടാബിലി' എന്നാണ് ഇതിന്റെ സസ്യനാമം. മലേഷ്യയില്‍ ഫിലോസാന്റെ ചില പുതിയ ഇനങ്ങള്‍ക്ക് തന്നെ ജന്മം നല്‍കിയിട്ടുണ്ട്.
നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുളള ഏതു മണ്ണിലും ഫിലോസാന്‍ വളര്‍ത്താം. ജൈവവളങ്ങളോടാണ് ഇതിന് പ്രിയം കൂടുതല്‍. ചതുപ്പു സ്ഥലങ്ങളില്‍ വളരാറില്ലെങ്കിലും എക്കല്‍ മണ്ണടിയുന്ന നദീതീരങ്ങളില്‍ ഫിലോസാന്‍ മരങ്ങള്‍ നന്നായി വളര്‍ന്നു കാണുന്നു. അന്തരീക്ഷാര്‍ദ്രത കൂടിയ സ്ഥലങ്ങള്‍ ഇതിന് ഇഷ്ടമാണ്. 8 മുതല്‍ 10 മീറ്റര്‍ വരെ ഇടയകലം നല്‍കിയാണ് തൈകള്‍ നടുക. വിത്തു പാകിയുളള കൃഷി ഫിലോസാന്റെ കാര്യത്തില്‍ വിജയപ്രദമല്ല. കാരണം വിത്തു മുളച്ചു വരുന്ന തൈകള്‍ ആണോ പെണ്ണോ ആകാന്‍ സാധ്യതയുണ്ട്. പതിത്തൈകള്‍ക്കും വിജയസാധ്യത കുറവാണ്. എന്നാല്‍ വശം ചേര്‍ത്തൊട്ടിച്ചെടുക്കുന്ന ബഡ്ഡ് തൈകള്‍ മികവ് പുലര്‍ത്തുന്നു. ഇന്ന് ബഡ്ഡ് തൈകള്‍ കേരളത്തിലും വാങ്ങാന്‍ കിട്ടും. ഇത് എല്ലു പൊടിയും വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ നടണം. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഈ വളമിടല്‍ ആവര്‍ത്തിക്കാം. തൈകള്‍ക്ക് തണലും നല്‍കണം.
ഫെബ്രുവരി മാസമാണ് ഫിലോസാന്‍ പുഷ്പിക്കുന്നത്. ബഡ്ഡുതൈകള്‍ 3 മുതല്‍ 5 വര്‍ഷത്തിനകം കായ് പിടിക്കാന്‍ തുടങ്ങും. ജൂണ്‍-ജൂലായ് മാസമാകുമ്പോള്‍ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും. കട്ടിയായ ഞെട്ടായതിനാല്‍ പഴം താനെ പൊഴിഞ്ഞു വീഴുകയില്ല. ബഡ്ഡുതൈകള്‍ക്ക് കീട-രോഗബാധയും കുറവാണ്. അതുകൊണ്ടു തന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുളള ജൈവ കൃഷിക്ക് ഏറ്റവും ഇണങ്ങിയ ഫലവൃക്ഷമാണ് ഫിലോസാന്‍ കുലയിലെ ഭൂരിഭാഗം പഴങ്ങളും. ചുവപ്പോ മഞ്ഞയോ നിറഭേദം കാട്ടുമ്പോള്‍ വിളവെടുപ്പിന് സമയമായി എന്നു മനസ്സിലാക്കാം. വാണിജ്യകൃഷിയില്‍ നന്നായി പരിചരിച്ചു വളര്‍ത്തുന്ന തോട്ടങ്ങളില്‍ മറ്റു നാടുകളില്‍ കായ്പിടിക്കുന്ന ആദ്യവര്‍ഷം തന്നെ ഹെക്ടറിന് ഒരു ടണ്ണോളം പഴങ്ങള്‍ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. പത്തു വര്‍ഷത്തിലേറെയായ തോട്ടങ്ങളില്‍ ഇത് 20 ടണ്‍ വരെ ഉയരാറുണ്ട്.
കേരളത്തിലെ വിപണിയില്‍ ഇന്ന് ഫിലോസാന് ആവശ്യക്കാരാര്‍ ഏറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഫിലോസാന്‍ പച്ചയായി ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുളള പുറംതോടായതിനാല്‍ ഫിലോസാന്‍ പഴത്തിന് കുറെനാള്‍ 'ഫാം ഫ്രെഷ്' ആയി നിലനില്‍ക്കാനും പ്രകൃതി കഴിവു നല്‍കിയിരിക്കുന്നു. പോഷകസമൃദ്ധമാണ് ഫിലോസാന്‍ പഴം. കാല്‍സ്യം, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.പഴുത്ത പഴത്തിന്‍ കാമ്പുപയോഗിച്ച് സ്വാദിഷ്ഠമായ ജാം തയ്യാറാക്കുന്ന പതുവുണ്ട്. ഇതിന്റെ കുരു തിളപ്പിച്ചോ വറുത്തോ എടുത്ത് കൊക്കോയോട് സമാനമായ ഒരു ലഘുപാനീയം തയ്യാറാക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ സോപ്പു നിര്‍മാണത്തിനുപയോഗിക്കുന്നു. ഇലകളും വേരും ഔഷധസ്വഭാവമുളള കൂട്ടുകള്‍ തയ്യാറാക്കാന്‍ എടുക്കുന്നു. ഇത് ഉത്തമ വിരനാശിനിയുമാണ്. ഫിലോസാന്‍ പഴം ശീതീകരിച്ചോ ഉണക്കിയോ എടുത്തത് ഐസ്‌ക്രീം, പുഡ്ഡിങുകള്‍ എന്നിവയ്ക്ക് സ്വാദും സുഗന്ധവും പകരാന്‍ ഉപയോഗിക്കുന്നു.
Suresh Muthukulam, Joint Director and Principal Information Officer (Retd)
Share your comments