<
  1. Fruits

റമ്പുട്ടാന്‍- മുളളന്‍പഴത്തിന്റെ മാധുര്യം

നഗരങ്ങളിലെ വഴിയോരക്കാഴ്ചകള്‍ക്ക് ഈയടുത്തകാലത്ത് ചന്തം ചാര്‍ത്തിയ പരദേശിപ്പഴമാണ് 'റമ്പുട്ടാന്‍'. പുറംതോടില്‍ നിന്ന് മുളളുകള്‍ എഴുന്നു നില്‍ക്കുന്നതിനാല്‍ ആദ്യമൊക്കെ പലരും ഇതിനെ 'മുളളന്‍പഴം' എന്നാണ് വിളിച്ചത്.

KJ Staff

നഗരങ്ങളിലെ വഴിയോരക്കാഴ്ചകള്‍ക്ക് ഈയടുത്തകാലത്ത് ചന്തം ചാര്‍ത്തിയ പരദേശിപ്പഴമാണ് 'റമ്പുട്ടാന്‍'. പുറംതോടില്‍ നിന്ന് മുളളുകള്‍ എഴുന്നു നില്‍ക്കുന്നതിനാല്‍ ആദ്യമൊക്കെ പലരും ഇതിനെ 'മുളളന്‍പഴം' എന്നാണ് വിളിച്ചത്. ഇതിന്റ പ്രത്യേക രൂപവും നിറവും കണ്ട് ഇത് കഴിക്കാന്‍ നല്ലതാണോ എന്നു പോലും പലരും സംശയിച്ചു. എന്നാല്‍ പുതിയതെന്തും പൂര്‍ണ്ണമനസ്സോടെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി മനസ്സ് പിന്നീട് റമ്പൂട്ടാനേയും വരവേറ്റു. അങ്ങനെ പാതിമനസ്സോടെ ആദ്യമൊക്കെ കുറച്ചു വാങ്ങുകയും രുചിക്കുകയും ചെയ്തവര്‍ക്ക് റമ്പുട്ടാന്റെ നാവ് ത്രസിപ്പിക്കുന്ന സ്വാദിന് അടിമകളാകാന്‍ അധിനാള്‍ വേണ്ടി വന്നില്ല. അങ്ങനെയാണ് റംമ്പുട്ടാന്‍ മലയാള മണ്ണിലും മലയാളിയുടെ മനസ്സിലും വേരോടാന്‍ തുടങ്ങിയത്. കാലാവസ്ഥ അനുയോജ്യമായതിനാല്‍ കേരളത്തില്‍ റമ്പുട്ടാന്‍ പഴം നന്നായി വളര്‍ത്താന്‍ കഴിയും എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. മലയ, സിംഗപ്പൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ആദ്യകാലത്ത് നാട്ടിലെത്തിയ മലയാളികള്‍ തന്നെയാണ് ഇവിടെ റംമ്പുട്ടാന്‍ പ്രചരിക്കാന്‍ കാരണം.

പരിചയം
റമ്പുട്ടാന്‍ ഒരു നിത്യഹരിത വൃക്ഷമാണ്. 'റമ്പുട്ട് ' എന്ന മലയന്‍ പദത്തില്‍ നിന്നാണ് 'റമ്പുട്ട്' എന്നാല്‍ 'രോമാവൃതം' എന്നര്‍ത്ഥം. പഴത്തിന്റെ ബാഹ്യപ്രകൃതവും ഇതാണല്ലോ. സസ്യനാമം 'നെഫേലിയം ലപ്പേസിയം' വിയറ്റ്‌നാം, ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, മലേഷ്യ എന്നീ പ്രദേശങ്ങളാണ് ഇതിന്റെ ജന്മദേശങ്ങള്‍. മലേഷ്യയിലെ വനവാസികളായ മനുഷ്യര്‍ ആദ്യകാലത്ത് തങ്ങളുടെ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ക്കു ചുറ്റും നട്ടുവളര്‍ത്തിയ വൃക്ഷമായിരുന്നു റമ്പുട്ടാന്‍. ചൈനയുടെ തെക്കന്‍ ഭാഗങ്ങളിലും ഇന്തോ-ചൈന പ്രദേശത്തും തെക്കു കിഴക്കന്‍ ഏഷ്യയിലും ഇന്ന് പ്രകൃതിദത്തമായിത്തന്നെ റമ്പുട്ടാന്‍ മരങ്ങള്‍ വളരുന്നുണ്ട്. പഴത്തിന്റെ സവിശേഷമായ സ്വാദ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതിനെ തുടര്‍ന്ന് ഇന്ന് റമ്പുട്ടാന്‍ ഒരു പ്രധാന കാര്‍ഷിക വിഭവം എന്ന പദവിയിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. 

സാധാരണ ഗതിയില്‍ 10 മുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ റമ്പുട്ടാന്‍ മരം വളരും. എന്നാല്‍ അധികം ഉയരാതെ കൊമ്പു കോതി വളര്‍ത്തിയാല്‍ മൂന്നു നാലു മീറ്റര്‍ വരെ വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്താം. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്ക് എത്രയും ഇണങ്ങിയ ഒരു ഫലവൃക്ഷമാണ് റമ്പുട്ടാന്‍. ഊഷ്മ പരിധി 10 ഡിഗ്രിയിലും താഴ്ന്നാല്‍ മാത്രമേ തകരാറുളളൂ. സമുദ്രനിരപ്പില്‍ നിന്ന് 500 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് അനായാസം വളരും.

റമ്പുട്ടാന്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇതില്‍ ആണും പെണ്ണും വെവ്വെറെയുണ്ട് എന്നതാണ്. അതിനാല്‍ വിത്തു മുളപ്പിച്ച് കിട്ടുന്ന തൈ എല്ലായ്‌പ്പോഴും പെണ്മരമായിരിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. പെണ്‍മരമാണെന്ന് ഉറപ്പാക്കണമെങ്കില്‍ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, പതിവയ്ക്കല്‍ രീതികള്‍ വഴി കായ്ക്കാന്‍ പാകത്തിനുളള തൈ ഉല്‍പ്പാദിപ്പിക്കണം. ഒട്ടുതൈ നടണം എന്നു ചുരുക്കം. 
പഴങ്ങള്‍ ഉരുണ്ടതോ മുട്ടയുടെ ആകൃതിയിലുളളതോ ആകാം. പത്തു മുതല്‍ ഇരുപത് പഴങ്ങള്‍ വരെ കുലകളാണുണ്ടാകുന്നത്. ഇതിന്റെ തുകല്‍ പോലെ കട്ടിയുളള പുറം തൊലിക്ക് ചുവപ്പു നിറമാണ് . (അപൂര്‍വമായി ഓറഞ്ചോ മഞ്ഞയോ നിറവുമാകാം). തൊലിയില്‍ ധാരാളം മുളളുകള്‍ എഴുന്നു നില്‍ക്കുന്നുണ്ടാകും. ഉള്‍ക്കാമ്പ് സുതാര്യ സ്വഭാവമുളളതും വെളളയോ വിളറിയ പാടലനിറമോ ഉളളതാകാം. നേരിയ പുളിയും മധുരവുമാണ് ഇതിന്റെ സ്വാദ്. പഴത്തിനുളളില്‍ തിളങ്ങുന്ന തവിട്ടുനിറത്തില്‍ വിത്തുണ്ടാകും.
പ്രജനനവും കൃഷിയും

സമൃദ്ധമായി ജൈവവളപ്പറ്റുളള മണ്ണാണ് റമ്പൂട്ടാന്‍ വളര്‍ത്താന്‍ നന്ന് റമ്പൂട്ടാന്റെ തന്നെ വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകള്‍ക്ക് ഒരു വര്‍ഷം പ്രായമാകുമ്പോള്‍ അവ വശം ചേര്‍ത്തൊട്ടിക്കല്‍ (സൈഡ് ഗ്രാഫ്റ്റിംഗ്) നടത്തിയാണ് ഉല്‍പ്പാദനക്ഷമതയുളള പെണ്‍ തൈകള്‍ തയാറാക്കുന്നത്. ഇത്തരം തൈകള്‍ നന്നായി പരിചരിച്ചു വളര്‍ത്തിയാല്‍ രണ്ടു മൂന്നു വര്‍ഷം കൊണ്ട് കായ് പിടിക്കും. എന്നാല്‍ മികച്ച വിളവിലേക്കെത്താന്‍ പിന്നെയും നാലഞ്ചു വര്‍ഷം കൂടി കഴിയണം. കായ്ച്ചു തുടങ്ങിയ പെണ്‍മരങ്ങളുടെ ശാഖയില്‍ പതിവച്ചും തൈകള്‍ ഉണ്ടാക്കാം. 3-4 മാസം കൊണ്ട് വേരോടുന്ന ഇത്തരം പതികള്‍ വേര്‍പെടുത്തി 1:1:1 എന്ന അനുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ കലര്‍ത്തിയുണ്ടാക്കിയ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചിയില്‍ നട്ട് ഒരു മാസം തണലത്തുവച്ച് നനച്ചാല്‍ പിന്നീട് മാറ്റി നട്ടു വളര്‍ത്താം. 
റമ്പുട്ടാന്‍ തൈകള്‍ ഏഴുമീറ്റര്‍ അകലത്തില്‍ 45 X 45 X 45 സെ.മീറ്റര്‍ വലുപ്പത്തില്‍ എടുത്ത കുഴികളിലാണ് നടേണ്ടത്. തൈ നടും മുമ്പ് കുഴി ജൈവവളങ്ങള്‍ ചേര്‍ത്ത് പരുവപ്പെടുത്തണം. കുഴിയില്‍ നിന്നെടുത്ത വളക്കൂറുളള മണ്ണ് 10 കിലോ ചാണകപ്പൊടി 12 കിലോ എല്ലുപൊടി എന്നിവ ചേര്‍ത്തിളക്കി കുഴി നിറച്ചാല്‍ മതി. എന്നിട്ട് തൈ നടാം. മഴക്കാലാരംഭമാണ് തൈ നടാന്‍ നന്ന്. തൈ നടുമ്പോള്‍ ബഡ്ഡു ചെയ്ത ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധം നടണം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ നടീല്‍ ഏതുകാലത്തുമാകാം. തൈയുടെ പ്രാരംഭവളര്‍ച്ച ശരിയായി ശ്രദ്ധിക്കണം. തുടക്കത്തില്‍ കനത്ത വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ തൈകള്‍ക്ക് ഓലയോ മറ്റോ മുറിച്ച് മറ കുത്താം. ചുവട്ടില്‍ വെളളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. കുറ്റി നാട്ടി തൈ ചേര്‍ത്തു കെട്ടുകയും വേണം. 

തൈ നട്ട് ആദ്യത്തെ കൂമ്പ് വന്ന് ഇല വിടര്‍ന്നു കഴിയുമ്പോള്‍ വളപ്രയോഗവും ആരംഭിക്കാം. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് എന്നിവ തുല്യ അളവില്‍ കലര്‍ത്തി ഒരു ജൈവവളക്കൂട്ടുതന്നെ തയാറാക്കുക. ഇതില്‍ നിന്ന് ചെടിയുടെ പ്രായമനുസരിച്ച് നിശ്ചിതതോതില്‍ നല്‍കിയാല്‍ മതി. ആദ്യവര്‍ഷം ഈ കൂട്ട് 300 ഗ്രാം വീതവും രണ്ടാം വര്‍ഷം 600 ഗ്രാം വീതവും മൂന്നാം വര്‍ഷം ഒരു കിലോ വീതവും നാലു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു കിലോ വീതവും നല്‍കാം. വര്‍ഷത്തില്‍ നാലു തവണയായി ജൈവവളങ്ങള്‍ നല്‍കുകയണ് പതിവ്. 
ഇതര പരിചരണങ്ങള്‍:
തൈ നട്ട് ആദ്യത്തെ രണ്ടു മൂന്നു വര്‍ഷക്കാലം ഭാഗികമായി തണല്‍ നല്‍കാം. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തണല്‍ തെല്ലും വേണ്ട; കാരണം നല്ല സൂര്യപ്രകാശം കിട്ടുന്ന മരങ്ങളേ നന്നായി പൂ പിടിക്കുന്നുളളൂ. വലിയ ഉയരത്തില്‍ വളരാന്‍ അനുവദിച്ചാല്‍ വിളവെടുപ്പ് ബുദ്ധിമുട്ടുണ്ടാകും. പക്ഷി ശല്യം തടയാന്‍ പഴങ്ങള്‍ മരമാകെ വലയിട്ടു മൂടി സംരക്ഷിക്കാനും വളരെ വൈഷമ്യമുണ്ടാകും.കാര്യമായ കീട-രോഗ ശല്യമൊന്നും റംമ്പൂട്ടാന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇലതീനിപ്പുഴുക്കളുടെയും മറ്റും ഉപദ്രവം കുറയ്ക്കാന്‍ വേപ്പിന്‍ കുരു സത്തു പോലുളള ജൈവമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതിയാകും. 
വിളവ്
കേരളത്തില്‍ ഡിസംബര്‍-ഫെബ്രുവരി മാസങ്ങളിലാണ് റമ്പൂട്ടാന്‍ പുഷ്പിക്കുക. മെയ് പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുപ്പിന് പാകമാകുന്നത്. പാകമായ പഴങ്ങള്‍ തോട്ടി കൊണ്ട് ക്ഷതമേല്‍ക്കാതെ സശ്രദ്ധം വിളവെടുക്കണം. നാലു വര്‍ഷം പ്രായമായ ഒരു റംമ്പുട്ടാന്‍ മരത്തില്‍ നിന്ന് 7 കിലോയും അഞ്ചാം വര്‍ഷം 15 കിലോയും ഏഴാം വര്‍ഷം 45 കിലോയും പത്താം വര്‍ഷം 160 കിലോയും വിളവ് കിട്ടുന്ന റമ്പുട്ടാന്‍ തോട്ടങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. 
മേന്മകള്‍
 മരത്തില്‍ നിന്ന് മാത്രം പഴുക്കുവാന്‍ ഇഷ്ടപ്പെടുന്ന ഫലമാണ് റംമ്പുട്ടാന്‍. സവിശേഷമായ നിരവധി ഔഷധ സിദ്ധികളുടെ ഇരിപ്പിടമാണ് റംമ്പുട്ടാന്‍ പഴം. ദിവസവും അഞ്ചു റംമ്പുട്ടാന്‍ വീതം കഴിച്ചാല്‍ അര്‍ബുദസാധ്യത കുറയ്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ കൊഴുപ്പിന്റെ അളവു കുറക്കാനും, ചര്‍മ്മകാന്തി വരുത്താനും, തലമുടിവളര്‍ച്ചാ പ്രചോദനത്തിനും, പ്രമേഹരോഗനിയന്ത്രണത്തിനും ഫലപ്രദമാണ്. കേരളത്തിലെ അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളും വിപണന സാധ്യതകളും ബോധ്യമായതോടെ പലയിടത്തും റമ്പുട്ടാന്‍ തോട്ടമടിസ്ഥാനത്തില്‍ തന്നെ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. 
English Summary: Rambutan fruit

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds