രണ്ടായിരം ടൺ പച്ചക്കറിയാണ് പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരത്തിലേക്ക് വരുന്നത്. കീടനാശിനികൾ കലർന്ന ഈ പച്ചക്കറികൾ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് നമുക്ക് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ആവശ്യമുള്ള കാർഷിക വിഭവങ്ങൾ നമ്മുടെ സംസ്ഥാനത്തു തന്നെ കൃഷി ചെയ്തുകൂടാ എന്ന ചോദ്യത്തിന് മറുപടിയായി കർഷകർ കൃഷി ലാഭകരമായി നടത്തി പണമുണ്ടാക്കാനുള്ള ഹൈ ടെക് കൃഷിയുടെ വിവിധ സാധ്യതകളെ ഉപയോഗിക്കുന്നതിൽ താല്പര്യം കാണിച്ചുതുടങ്ങി. ഗ്രീൻഹൗസ് ഫാർമിങ്ങാണ് ഇതിൽ എടുത്തു പറയേണ്ടത്. കാൽനൂറ്റാണ്ടായി ഹൈ ടെക് കൃഷി രംഗത്തുള്ള വിജയം തന്നെയാണ് കർഷകരെ ഈ രീതിയിലുള്ള കൃഷി ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.
എന്താണ് ഗ്രീൻഹൌസ് ഫാർമിങ്
പ്രകൃതിയെ വിളകൾക്ക് അനുയോജ്യമായ തരത്തിലേക്കു നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീൻഹൗസുകൾ അഥവാ പോളി ഹൗസുകൾ. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്ന് സംരക്ഷിച്ചു കൊണ്ട് ചെടിയുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീൻഹൌസ് ഫാർമിങ്ങിൽ ചെയ്യുന്നത്. ഇതിനായി സുതാര്യമായ UV (Ultra Violet) treated polyethylene ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ, ഭാഗികമായോ മറച്ച് വീടുപോലെ ആക്കി എടുക്കുന്നതിനാണ് ഗ്രീൻഹൌസ് എന്ന് പറയുന്നത്. ഇതിനകത്തു ശാസ്ത്രീയമായ ജലസേചനം, വളമിടൽ, കാലാവസ്ഥ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള കൃഷിയിലൂടെ സാധാരണ കൃഷിയിൽ ലഭിക്കുന്നതിനേക്കാൾ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാക്കാമെന്നാണ് കർഷകർ പറയുന്നത്.
ഗ്രീൻഹൌസ് നിർമ്മിക്കാനുള്ള ചെലവ്
1000 സ്‌ക്വയർ മീറ്ററിനു ഏകദേശം 12 ലക്ഷം രൂപയുടെ ചെലവ് വരും എന്നാണ് കണക്കുകൂട്ടൽ
സബ്സിഡിയെക്കുറിച്ച്
400 ച. മി (10 സെന്റ്) വരെയുള്ള പോളി ഹൗസുകൾക്ക് 75% സബ്‌സിഡി ലഭിക്കുന്നതാണ്. അതായത് കർഷകന് മുടക്കേണ്ടി വരുന്നത് 25% മാത്രം. അത് വേണമെങ്കിൽ വായ്പയായും ലഭിക്കും.
400 മുതൽ 4000 ച.മി (1 ഏക്കർ ) വരെ 50% സബ്‌സിഡി ലഭിക്കും. നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെയും, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികൾ അനുസരിച്ചാണ് ഹൈടെക് കൃഷിക്ക് സബ്‌സിഡി നൽകുന്നത്.
ഒരു ഗ്രീൻഹൗസിന്റെ ആയുസ്സ്
ഒരു ഗ്രീൻഹൗസിന്റെ ആയുസ്സ് സാധാരണയായി 15 മുതൽ 20 വർഷം വരെയാണ്. അഞ്ചു വർഷം കഴിയുമ്പോൾ മുകളിലെ ഷീറ്റ് മറ്റേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ സംരംഭം തുടങ്ങുകയാണെങ്കിൽ ഒന്നര വർഷത്തിനുള്ളിൽ മുടക്കിയ മുതൽ തിരിച്ചു കിട്ടും.
സാധാരണ കൃഷിയിൽ 25 ഏക്കറിൽ നിന്ന് കിട്ടുന്ന വരുമാനം ഗ്രീൻ ഹൌസിൽ 25 സെന്റിൽ നിന്ന് ലഭിക്കും. ഉയർന്ന ഗുണനിലവാരത്തിലുള്ള കാർഷിക വിളകൾ വൻതോതിൽ ഉത്പാദിപ്പിക്കുക എന്നതാണ് ഹൈ ടെക് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. ഗ്രീൻ ഹൗസുകളിൽ കൃഷി ചെയ്യുകയാണെങ്കിൽ ഉത്പാദനം 60 ടൺ വരെ വർധിപ്പിക്കാൻ കഴിയുമെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം.
ഭക്ഷ്യ ആവശ്യങ്ങൾ വർധിക്കുന്നതിനാൽ പാരമ്പരാഗത കൃഷിയുമായി ഇനി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടും, ദേശീയതലത്തിൽ വൻകിട കമ്പനികൾ ഹൈ ടെക് കൃഷിയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനാലും കേരളത്തിലെ കർഷകർ കൂടുതലായി ഈ പുതിയ കൃഷി രീതി സ്വീകരിക്കുന്നത് വളരെ പ്രയോജന പ്രദമായിരിക്കും.
ഈ ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാങ്കേതിക യോഗ്യതയുള്ള കുറെ ഏജൻസികളെ അഗ്രോ ഇൻഡസ്ട്രിസ് കോർപ്പറേഷൻ എംപാനൽ ചെയ്തിട്ടുണ്ട്. എല്ലാ സേവനങ്ങൾക്കും കർഷകർക്ക് ഇവരെ സമീപിക്കാവുന്നതാണ്.
അനുബന്ധ വാർത്തകൾ ശീതകാല പച്ചക്കറികൾ നടാം
#krishijagran #greenhousefarming #vegtables #profitable #betterharvest
Share your comments