ആലപ്പുഴ: സാനുവിന്റെ പാടത്ത് ശീതകാല പച്ചക്കറിക്കും നൂറു മേനി. ക്വാളി ഫ്ലവറും കാബേജും അഞ്ഞൂറു ചുവടു വീതമാണ് നവംബറിൽ നട്ടത്.
ഫെബ്രുവരിയിൽ വിളവെടുത്തപ്പോൾ നൂറു മേനി. അഞ്ചേക്കർ പാടത്ത് ശീതകാല പച്ചക്കറിക്കൊപ്പം ചീരയും വെണ്ടയും തക്കാളിയും പച്ചമുളകും ഉൾപ്പെടെ 16 ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.
കുളത്തിൽ കാരിയും ചെമ്പല്ലിയും സിലോപ്പിയയും കൂട്ടിൽ അറുന്നൂറിലേറെ കോഴികളും. പച്ചക്കറി വിളവെടുപ്പ് ഉദ്‌ഘാടനം കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്തു പ്രസിഡൻ ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ , പഞ്ചായത്തംഗം ബി ഇന്ദിര, നാരായണ പിള്ള ,ലാലസൻ എന്നിവർ പങ്കെടുത്തു
കഞ്ഞിക്കുഴി പഞ്ചായത്ത് ആറാംവാർഡിൽ പാപ്പറമ്പിൽ സാനു പൂർണ സമയ കർഷകനായിട്ട് ഒന്നര പതിറ്റാണ്ടു കഴിയുന്നു.
കയർ ഫാക്ടറി തൊഴിലാളിയായിരുന്ന അഛൻ സുകുമാരനിൽ നിന്നാണ് കൃഷി പഠിക്കുന്നത്. രണ്ടേക്കർ പാടം സ്വന്തമായുണ്ട്. ബാക്കി പാട്ടത്തിനെടുത്തത്.പാടത്ത് ഒരുപ്പൂ കൃഷിയുണ്ട്. ഈ സമയം പച്ചക്കറി കൃഷി പറമ്പിലേക്ക് മാറ്റും. കൊയ്ത്തു കഴിഞ്ഞാൽ പച്ചക്കറി പാടത്ത്.
അഛൻ സുകുമാരൻ അമ്മ ജാനമ്മ, കെഇ കാർമ്മൽ സ്കൂൾ അധ്യാപികയായ ഭാര്യ അനിത, മക്കളായ അഭിഷേക്, അമേയ എന്നിവർ സാനുവിന്റെ കൃഷിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Share your comments