
കേരളത്തില്‍ രണ്ടുതരം വെളളരിയാണ് പ്രധാനമായുളളത്. കറിവെളളരിയും കണിവെളളരിയും. കണിവെളളരി അധികവും വടക്കന്‍ കേരളത്തിലും കറി വെളളരി തെക്കന്‍ കേരളത്തിലുമാണ്. 
ചില പ്രധാന ഇനങ്ങള്‍ നോക്കാം.
1. മുടിക്കോട് ലോക്കല്‍ - നീണ്ടുരുണ്ട കായ്കള്‍. 55 ദിവസമാണ് മൂക്കാന്‍ വേണ്ടത്.
2. സൌഭാഗ്യ - വീട്ടുകൃഷിക്ക് യോജിച്ച ഇനം. പിഞ്ചു പരുവത്തില്‍ ഇളം പച്ച നിറവും മൂക്കുമ്പോള്‍ ഇളം മഞ്ഞനിറവുമാകും. 50-60 ദിവസം കൊണ്ട് കായ് പറിക്കാം.
3. അരുണിമ- നീണ്ടുരുണ്ട കായ്കള്‍, മൂക്കുമ്പോള്‍ സ്വര്‍ണ്ണനിറം. വിളപ്പൊലിമയുളള ഇനം. 
കൃഷിരീതി
ഒരു സെന്റു കൃഷിക്ക് 3 ഗ്രാം വെളളരിവിത്തു മതി. വരികള്‍ തമ്മില്‍ രണ്ടു മീറ്ററും ചെടികള്‍ തമ്മില്‍ 1.5 മീറ്ററുമാണ് ഇടയകലം. ഒരു തടത്തില്‍ നാലോ അഞ്ചോ വിത്തു വീതം പാകാം. 
കണിവെളളരി നടാം.
വിഷുവിന് വിളവെടുക്കാന്‍ പാകത്തിന് കണിവെളളരി നടുന്ന പതിവ് കേരളത്തിലുണ്ട്. മുടിക്കോട് ലോക്കല്‍ കണിവെളളരി ഇനം കേരളകാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. 2 അടി വീതിയും വീളവും ഒന്നരയടി താഴ്ചയുമുളള കുഴികളില്‍ മേല്‍മണ്ണ്, ചാണകം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുഴികളില്‍ നിറയ്ക്കുന്നു. തടമൊന്നിന് 10 കി.ഗ്രാം ചാണകം 30 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക് 60 ഗ്രാം ചാരം 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടോ മൂന്നോ തവണയായി ചേര്‍ക്കണം. ആദ്യം രണ്ടു ദിവസത്തിലൊരിക്കലും പിന്നീട് പൂക്കുമ്പോഴും കായ്ക്കുമ്പോഴും എല്ലാ ദിവസവും നനയ്ക്കണം. വിത്തു പാകി ഏകദേശം 45 ദിവസമാകുമ്പോള്‍ ആദ്യവിളവെടുക്കാം. അഞ്ചു ദിവസം ഇടവിട്ട് കായ്കള്‍ പൊട്ടിക്കാം. 
സസ്യസംരക്ഷണം
രോഗങ്ങള്‍
1. മൊസൈക്ക്
വൈറസ് രോഗം. ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു ചെറുതാകുന്നു. കായ്പിടിത്തം കുറയും. രോഗം ബാധിച്ച ചെടികളില്‍ കിരിയാത്ത് സോപ്പുലായനി തളിക്കുക.
2. ഇലപ്പുളളി
കുമിള്‍രോഗം, സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ മതി.
ശത്രുപ്രാണികള്‍
കായീച്ച, ചിത്രകീടം, ആമവണ്ട്
(നേരത്തേ സൂചിപ്പിച്ച് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി)
വിളവ്
വിത്തു പാകി 45-55 ദിവസമാകുമ്പോള്‍ വെളളരി വിളവെടുക്കാറാകും.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments