ഭക്ഷണത്തില്‍ സ്വാദിനൊപ്പം അലങ്കാരവും കൂടിയാണ് കാപ്‌സിക്കം. ആളൊരു വിദേശിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നെല്ലാം അറിയപ്പെടുന്ന കാപ്‌സിക്കം നമ്മുടെ തോട്ടത്തിലും വിളയിക്കാം.
ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളില്‍ കാപ്‌സിക്കം ലഭ്യമാണ്. ബീറ്റാ കരോട്ടിനുകളും വിറ്റാമിന്‍ സിയും നാരുകളുമെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കാപ്‌സിക്കം കഴിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. പൊട്ടാസ്യവും ഇതിലടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനുമെല്ലാം കാപ്‌സിക്കം നിങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാം.
കാബേജ്, കോളിഫ്‌ളവര്‍ എന്നിവയെപ്പോലെ തന്നെ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്. ചട്ടിയിലോ ഗ്രോബാഗിലോ വേണമെങ്കിലും കാപ്‌സിക്കം വളര്‍ത്താവുന്നതാണ്. ഒരു ചെടിയില്‍ നിന്ന് നാല് മാസത്തോളം വിളവ് ലഭിക്കും.
കേരളത്തിലെ സമതലപ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണിത്. എന്നാല്‍ നല്ല ചൂടുളള കാലാവസ്ഥ കാപ്‌സിക്കം വളരാന്‍ യോജിച്ചതല്ല. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ ഇതിന്റെ പൂമൊട്ടുകള്‍ കൊഴിഞ്ഞേക്കും.
കാപ്‌സിക്കം എല്ലാതരത്തിലുളള മണ്ണിലും വളരുമെങ്കിലും നീര്‍വാര്‍ച്ചയുളള മണ്ണായാല്‍ കൂടുതല്‍ നല്ലത്. വളപ്രയോഗവും ജലസേചനവും ഇതിനാവശ്യമാണ്.
നന്നായി കിളച്ച മണ്ണില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുക്കണം. ചാണകപ്പൊടിയോ മറ്റോ ഇട്ട ശേഷം വിത്ത് വിതയ്ക്കാം. ഒരാഴ്ചയ്ക്കുളളില്‍ ഇല വന്നുതുടങ്ങും.
വിത്തുകള്‍ ഗ്രോബാഗിലാണ് വിതച്ചതെങ്കില്‍ ഒരു മാസത്തിനുളളില്‍ മാറ്റി നടേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ വെളളം നനച്ചുകൊടുക്കേണ്ടതാണ്. തൈകള്‍ നട്ട ശേഷം ജൈവവളം ചേര്‍ക്കാം. കായ്കള്‍ക്ക് തിളക്കമാകുമ്പോള്‍ വിളവെടുത്തു തുടങ്ങാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/health-herbs/health-benefits-of-capsicum/
Share your comments