പാശ്ചാത്യ നാടുകളിൽ നിന്നെത്തി നമ്മുടെ രസമുകുളങ്ങൾ കീഴടക്കിയ പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. . ബെൽ പെപ്പർ, സ്വീറ്റ് പെപ്പർ എന്ന് വിദേശത്തും കുടമുളക് എന്ന് മലയാളത്തിലും പേരുള്ള കാപ്സിക്കം ഒട്ടേറെ പേർക്കെല്ലാം സുപരിചിതമാണ്. കാപ്സിക്കം എന്ന ജനുസ്സിൽ പെട്ട മുളകിന്റെ വർഗക്കാരി ആയതിനാൽ തന്നെയാണ് ഇതിനു കാപ്സിക്കം എന്ന പേരുവന്നത്. എരിവും പുളിയും ഇല്ലാത്ത ഭക്ഷണങ്ങളിൽ സ്വാദും ആകർഷകത്വവും നൽകുന്നതിനാണു പ്രധാനമായും കാപ്സിക്കം ഉപയോഗിക്കാറുള്ളത്. വേവിക്കാതെ പച്ചയായി തന്നെ കഴിക്കാവുന്ന ഒന്നാണിത്.
മഞ്ഞ , ചുവപ്പ് , പച്ച നിറങ്ങളിലാണ് സാധാരണയായി കാപ്സിക്കം കണ്ടുവരുന്നത്. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകൾ. എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കാപ്സിക്കം .പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് കാപ്‌സിക്കം.ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കുന്നതിനും കാപ്‌സിക്കം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കുന്നു.
ഒരു ശീതകാല പച്ചക്കറിയിനമായ കാപ്സിക്കം കേരളത്തിലെ സമതല പ്രദേശങ്ങളിൽ നന്നായി വിളയുമെന്നു തെളിഞ്ഞിട്ടുണ്ട്. മഴക്കാലത്തു പോളി ഹൗസിലോ, മഴമറയിലോ അല്ലാത്ത സമയങ്ങളിൽ ചട്ടിയിലോ ഗിരൗ ബാഗിലോ യഥേഷ്ടം കാപ്സിക്കം വളർത്താം. കാബ്ബജ്, കോളിഫ്ലവർ എന്നീ ശീതകാല വിളകളെ പോലെ സെപ്തംബര് ഒക്ടോബര് മാസങ്ങളിലാണ് കൃഷി ആരംഭിക്കാൻ പറ്റിയ സമയം. വഴുതിന കൃഷിയോട് സാമ്യമുണ്ട് കാപ്സിക്കം കൃഷിക്ക് . ഒരു കാപ്സിക്കം ചെടിയിൽ നിന്നും നാലു മാസത്തോളം മികച്ച വിളവ് ലഭിക്കും.
നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം.നന്നായി കിളച്ചൊരുക്കിയ മണ്ണിൽ 45 സെന്റീമീറ്റർ (ഒന്നരയടി) അകലത്തിൽ ചാലുകൾ എടുക്കണം. അതിലേക്ക് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളം ഇട്ടു കൊടുക്കാം അതിനു ശേഷം വിത്ത് വിതയ്ക്കാം. വിത്ത് വിതച്ച് ഒരാഴ്ചയാകുന്നതോടെ ഇല വന്നു തുടങ്ങും. വിത്തുകൾ തറയിലല്ല വിതച്ചതെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും പ്രായമായ തൈകൾ ഗ്രോബാഗുകളിൽ നിന്നും മാറ്റി നടണം. വൈകുന്നേരങ്ങളിൽ ആണ് തൈ മാറ്റി നടാൻ പറ്റിയ സമയം. അതുപോലെ കൃത്യമായ ഇടവേളകളിൽ നനച്ചു കൊണ്ടിരിക്കുകയും വേണം. തൈകൾ മാറ്റി നട്ടാൽ 3 4 ദിവസത്തേക്ക് കൃത്യമായി വെള്ളം തളിച്ചു കൊടുക്കണം. തൈകൾ നട്ടതിനു ശേഷം ജൈവവളംചേർക്കണം. കാപ്സിക്കം പൂവിട്ടാൽ ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ചു കളയണം. രണ്ടാമത് വരുന്ന പൂക്കളാണ് നല്ല വിളവുണ്ടാകാൻ നല്ലത്. കായ്കൾക്ക് നല്ല തിളക്കമാകുമ്പോൾ വിളവെടുക്കാം. ചെടി വലിപ്പം വച്ച് ഭാരം തൂങ്ങി വശങ്ങളിലേക്ക് മറിയാൻ സാധ്യത ഉള്ളതിനാൽ ഊന്നു കൊടുക്കുകയോ വശങ്ങളിൽ കയർ കെട്ടി സംരക്ഷിക്കുകയോ ചെയ്യാം..
Share your comments