കൃഷി ചെയ്യാൻ പറ്റിയ വിവിധയിനം മുളക് ഇനങ്ങള്‍
ഉജ്ജ്വല : നല്ല എരിവും, നിറവുമുള്ള ഇനമാണിത്. ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധിക്കുക. ഉയരം കുറഞ്ഞ് കുറ്റിയായി വളരുന്ന ഉജ്ജ്വല അടുത്തടുത്ത് കൃഷി ചെയ്യുവാന്‍ അനുയോജ്യമാണ്. മുളകുകള്‍ കൂട്ടമായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു കുലയില്‍ 6-8 വരെ മുളകുകള്‍ കാണാം.
അനുഗ്രഹ : ബാക്ടീരിയല്‍ വാട്ടത്തിനെ തിരെ പ്രതിരോധശേഷിയുള്ള ഇനം മുളകുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയാണ്. അനുഗ്രഹ ഇനത്തിന് എരിവ് താരതമ്യേന കുറവാണ്. നല്ല വിളവ് ലഭിക്കുന്നതിനാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണിത്.
ജ്വാലാമുഖി, ജ്വാലാസഖി : എരിവ് വളരെ കുറഞ്ഞതാകയാല്‍ പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കുന്നു. പച്ചനിറത്തോടുകൂടിയ കായ്കളാണ് ഇവയ്ക്കുള്ളത്. കട്ടിയുള്ള തൊലിയുണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഈയിനം കൂടുതലായി ഉപയോഗിക്കുന്നത്.
വെള്ളായണി അതുല്യ : എരിവ് കുറഞ്ഞ ഈയിനത്തിന് ക്രീംനിറമുള്ള നീണ്ട കായ്കളാണുള്ളത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനം.
കാന്താരിമുളക് : കേരളത്തിലെ വീട്ടുവളപ്പുകളില്‍ സാധാരണയായി കൃഷിചെയ്തുവരുന്ന ഇനമാണ് കാന്താരിമുളക്. വളരെ തീവ്രമായ എരിവ്, കുത്തനെ മുകളിലേക്ക് നില്ക്കുന്ന കായ്കള്‍, നീണ്ട വിളവുകാലം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. കുറച്ച് തണലുള്ള സ്ഥലത്തും കാന്താരിമുളക് നന്നായി വളരും. ചെടിക്ക് ഒരു വര്‍ഷത്തിലധികം ആയുസ്സുണ്ട്.
മാലിമുളക് (എരിയന്‍മുളക്): ഈയിനത്തിന്‍റെ മുളകിന് ശക്തമായ എരിവും, സവിശേഷമായ മണവുമുണ്ട്. പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമോ, മഞ്ഞനിറമോ ആയിരിക്കും, വാഴത്തോട്ടങ്ങള്‍, തെങ്ങിന്‍തോട്ടങ്ങള്‍ എന്നിവയ്ക്കിടയില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. തണല്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
Share your comments