നമ്മുടെ വീടുകളിലെ കറികളില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. വിറ്റാമിൻ സി, ബി 6, നിയാസിന്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ള നല്ല രുചികരമായ ഉരുളക്കിഴങ്ങ് ഇപ്പോഴും പൈസ കൊടുത്തു മേടിക്കുകയാണല്ലെ? നമ്മുടെ വീട്ടിലേക്കാവശ്യമായ ഉരുളക്കിഴങ്ങ് നമുക്ക് തന്നെ കൃഷി ചെയ്യാന്‍ പറ്റുമോ? എങ്കില്‍ പറ്റും, എങ്ങനെ എന്ന് നോക്കിയാലോ. കൃഷി ചെയ്യാനായി വിത്ത് എവിടെ നിന്ന് കിട്ടും എന്നാണോ എങ്കില്‍ അതിന് പരിഹാരമുണ്ട് കടയില്‍ നിന്ന് വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങ് വിത്തിനായി എടുക്കാന്‍ പറ്റും. പച്ച നിറമുള്ള കിഴങ്ങുകളും കൃഷി ചെയ്യാന്‍ എടുക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഉരുളക്കിഴങ്ങുകള്‍ പെട്ടന്ന് മുളക്കും.
എങ്ങനെ കൃഷി ചെയ്യാം?
മുള വന്ന കിഴങ്ങുകള്‍ നാല് കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കണം. കുറഞ്ഞത് ഒരു മുളയെങ്കിലും ഇതില്‍ ഉണ്ടന്ന് ഉറപ്പ് വരുത്തണം. കിളച്ചു വൃത്തിയാക്കിയ മണ്ണില്‍ വേണം കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ നല്ലത്. പൂഴിമണ്ണിലോ ചരല്‍കൂടുതലുള്ള മണ്ണിലോ അധികം വളപ്രയോഗം ഒന്നും ഇല്ലാതെ ഉരുളക്കിഴങ്ങു നന്നായി വളരും. കിളച്ച് വൃത്തിയാക്കിയ വാരം കോരിയിട്ട മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്. അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങു കഷ്ണങ്ങള്‍ ഓരോന്നും, മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായകമാകും.
ഉരുളക്കിഴങ്ങിന് നല്ല രീതിയില്‍ വെള്ളം അത്യാവശ്യമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരളക്കിഴങ്ങ് വിളവെടുക്കാം.
Share your comments