വടക്കേ ഇന്ത്യക്കാരുടെ പ്രിയ്യപ്പെട്ട ഇലക്കറിയായ പാലക് ചീരയാണ് ഇന്ത്യൻ സ്പിനാച് എന്നറിയപ്പെടുന്നത് ഏറ്റവും പോഷക സമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ് പാലക്കിന്റെ സ്‌ഥാനം. തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. പാലക്കിന്റെ ഇലകളും തണ്ടുകളും ഭക്ഷ്യയോഗ്യമാണ്. സസ്യാഹാരികൾക്കും മാംസാഹാരികളും ഒരുപോലെ പ്രിയപ്പെട്ട പാലക് വിഭവങ്ങൾ ഉത്തരേന്ത്യൻ പച്ചക്കറി വിപണിയിൽ പാലക് ചീരയെ പ്രിയപെട്ടതാക്കുന്നു. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്‌ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.
പാലക് തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രെമേ വളരൂ എന്നുള്ള ധാരണ കേരളത്തിലെ കർഷകരെ പാലക് കൃഷിയിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചു. എന്നാൽ പുതിയ കേരളത്തിലെ കാലാവസ്ഥയിലും പാലക് നന്നായി വളരും എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശൈത്യകാലം പാലക് വളർത്താൻ വളരെ യോജിച്ചതാണ് . ഉപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ളതിനാൽ തീരദേശത്തും പാലക് കൃഷി ചെയ്യാവുന്നതാണ്. ഹരിത ശോഭ,അർക്ക അനുപമ , പൂസ ജ്യോതി, ഓൾ ഗ്രീൻ എന്നിവയാണ് നമ്മുടെ കാലാവസ്ഥയിൽ യോജിച്ച .ഇനങ്ങൾ. സെപ്തംബര് ഒക്ടോബര് മാസങ്ങളിൽ കൃഷി തുടങ്ങാം വേനൽക്കാലത്തും നല്ല നന നൽകി പാലക് കൃഷി ചെയ്യാം. ഗ്രീൻ ഹൗസ്, പോളി ഹൗസ് എന്നിവയിലെ കൃഷിക്ക് പാലക് യോജിച്ചതാണ്.
വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്‌റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം.ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത് ആയാസഹരിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം.നല്ല വളക്കൂറുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് കൃഷിക്കു അനുയോജ്യം. മണ്ണിന് നല്ല നീർവാർച്ചയുണ്ടായിരിക്കണം. തുടർച്ചയായി നനച്ചുകൊടുത്താൽ വളർച്ചയുണ്ടാകും.
ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്തുകയാണെങ്കിൽ മണ്ണ്, മണൽ, കമ്പോസ്‌റ്റ്, കൊക്കോപീറ്റ്, എന്നിവ തുല്യഅളവിൽ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന് ഒരു രാത്രി മുഴുവനും വെള്ളത്തിൽ മുക്കിവെക്കണം.ജൈവവളം മാത്രം നൽകിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ് നൽകുന്നതെങ്കിൽ അടിവളമായി എല്ലുപൊടിയും മേൽവളമായി വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേർത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താൽ വിളവുകൂടും. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേർത്തു കൊടുക്കണം. വിത്തു നട്ട് ഒരു മാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പിൽ നിന്നും അഞ്ചു സെന്റിമീറ്റർ ഉയരത്തിൽ മൂർച്ചയുള്ള കത്തികൊണ്ട് തണ്ടോടെ മുറിച്ചെടുക്കണം. തുടര്‍ന്ന്, 6-7 ദിവസത്തെ ഇടവേളകളില്‍ വീണ്ടും തയ്യാറാവുന്ന പാലക്, ഇത്തരത്തില്‍ പത്ത് പ്രാവശ്യം വരെ വിളവെടുക്കാവുന്നതാണ്.
Share your comments