
നാമെല്ലാവരും കൃഷിയെപ്പറ്റി ഗൗരവമായി ചർച്ച ചെയ്യുന്ന സമയമാണല്ലോ ? സർക്കാരും ഇത് ഗൗരവമായി എടുത്തിരി ക്കുകയാണ്. എന്റെ പരിമിതമായ കാർഷിക രംഗത്തെ പരിചയം വച്ച് ഈ വർഷത്തെ പച്ചക്കറി കൃഷിയെപ്പറ്റിയുള്ള ഒരു ചെറിയ പ്ളാനിംഗ് നിങ്ങളുടെ മുമ്പിൽ വക്കുകയാണ്.
സാങ്കേതികമായ പരിജ്ഞാനക്കുറവ് എല്ലാവരും ചേർന്ന് പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ വർഷത്തെ ഓണം ആഗസ്റ്റ് മാസം 31 തീയതിയിലാണ്. പരിമിതമായി മാത്രമേ ഓണം ആഘോഷമാക്കാൻ ഈ വർഷം കഴിയൂ എങ്കിലും ഓണസദ്യ ഒഴിവാക്കാൻ കഴിയുകയില്ലല്ലോ? ഇത്തവണ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷപച്ചക്കറി പോലും എത്രമാത്രം വരുമെന്ന് കണ്ടറിയണം. ഈ പശ്ചാത്തലത്തിൽ ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിയെപ്പറ്റി ആലോചിക്കാൻ സമയമായി.

ജൂൺ മാസം ആരംഭിക്കുന്ന കാലവർഷം പചക്കറി കൃഷിക്ക് അനുയോജ്യമല്ല. മഴക്കാലത്ത് ആരംഭിച്ചാൽ മാത്രമേ നമുക്ക് ഓണത്തിന് പച്ചക്കറി ലഭിക്കുകയുമുള്ളൂ. ഇതുമൂലം പലപ്പോഴും വളരെയേറെ കാർഷിക പരിചയമുള്ളവർക്കു മാത്രമേ ഈ കാലാവസ്ഥയിൽ കൃഷി നടത്താൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ റെയിൻ ഷെൽട്ടർ പോലുള്ള സംവിധാനങ്ങൾ ഉണ്ടാകണം.
പരിമിതമായ കാർഷിക ജ്ഞാനമുള്ള നമ്മൾ ഈ സീസണിൽ കൃഷി ചെയ്താൽ പലപ്പോഴും വിജയിക്കാറില്ല. പലപ്പോഴും കൃഷിഭവനിൽ നിന്നും മറ്റും വിത്തുകൾ ലഭിക്കുന്നതു് കഠിനമായ മഴ സമയത്താണ്. ഇതിനെ ,കുറച്ചെങ്കിലും മറികടക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഇവിടെ പരാമർശിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴ സമയത്ത് വിത്തു മുളപ്പിച്ച് തൈയാക്കുക എന്നത് ബുദ്ധിമുട്ടാണ്.
എന്നാൽ അവ ആ സീസണിൽ ചെയ്താലേ ഓണത്തിന് വിളവു ലഭിക്കൂ.
ഇതിനൊരു പരിഹാരം മഴ തുടങ്ങുമ്പോഴേക്കും തൈകൾ മഴയെ ചെറുക്കാൻ പാകത്തിലുള്ള വളർച്ചയിലെത്തിക്കുക എന്നതാണ്. കുറെ നാൾ വിളവെടുക്കാൻ കഴിയുന്ന പച്ചക്കറികൾ ഇപ്പോഴേ നടുക. മഴ തുടങ്ങുമ്പോഴേക്ക് 5 - 6 ഇലകൾ ഉണ്ടാകണം
മുളക്, വഴുതന, തുടങ്ങിയവ 6 മാസത്തിലധികം വിളവ് നൽകുന്നവയാണ്. അവയുടെ കൃഷി ഉടനെ ആരംഭിക്കാം. ഏപ്രിൽ മാസം അവസാനം തന്നെ വിത്തുപാകി വലിയ തൈയാക്കി മേയ് മാസം 20 ന് മുൻപ് പറിച്ച് നടണം.
ഇനം നടേണ്ട തീയതി
മുളക്,വഴുതന,കാപ്സികം, തോടൻ മുളക് (വിത്ത് പാകൽ ) ഏപ്രിൽ 20..25
കുമ്പളം, നെയ് കുമ്പളം, പീച്ചിൽ ഏപ്രിൽ 20-25
പയർ മെയ് 15 - 20
പടവലം , പാവൽ, മത്തൻ മെയ് 15-20
അമര മെയ് 15-20
വെണ്ട മെയ്-20-23
തക്കാളി, വെള്ളരി ജൂൺ - 10 -15
Share your comments