-തയ്യാറാക്കിയത്--ഡോ. ജി. സുജ, ഹരിഷ്മ.എസ്.ജെ, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം (സി.റ്റി.സി.ആര്‍.ഐ), ശ്രീകാര്യം, തിരുവനന്തപുരം, E mail- sujagin@yahoo.com
നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തില് ആവശ്യം ഉണ്ടായിരിക്കേണ്ട ഒരിനമാണ് പച്ചക്കറികള്. പ്രായപൂര്ത്തിയായ ഒരാള് ഒരു ദിവസം ശരാശരി 300 ഗ്രാം പച്ചക്കറി ഭക്ഷിക്കണം എന്നാണ് ആരോഗ്യശാസ്ത്രം അനുശാസിക്കുന്നത്. ഇതില് 50 ഗ്രാം ഇലക്കറിയായും, 150 ഗ്രാം കായ് കറിയായും, 100 ഗ്രാം കിഴങ്ങു വര്ഗ്ഗങ്ങളായും ഭക്ഷിക്കുതാണ് നല്ലത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ശരാശരി ഒരാള്‍ 100 ഗ്രാം പച്ചക്കറി മാത്രമെ ഭക്ഷിക്കുന്നുള്ളൂ. വിഷവിമുക്തമായ നാടന്‍ കിഴങ്ങ് വര്‍ഗ്ഗ പച്ചക്കറികളായ ചേന, കാച്ചില്‍, മരിച്ചീനി, ചേമ്പ്, പാല്‍ചേമ്പ്, കൂര്‍ക്ക എന്നിവയ്ക്ക് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രിയം ഏറിവരുന്നുണ്ട്. നല്ല രുചിയും, പാചകഗുണവും ഉള്ള കിഴങ്ങു വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ വിളകളില്‍ നെല്ല് കിഴഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ്. മികച്ച ഉല്‍പ്പാദനക്ഷമത, വിവിധതരം മണ്ണിലും, കാലാവസ്ഥയിലും വളരാനുള്ള ശേഷി, അന്നജത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ഉറവിടം എന്നിവ ഇവയുടെ സവിശേഷതകളാണ്. ഭക്ഷ്യപോഷക സുരക്ഷ ഉറപ്പു വരുത്തുന്നതിലുപരി 'ഹെല്‍ത്ത് ഫുഡ്(Health food) ' എന്ന നിലയ്ക്ക് ശ്രദ്ധേയമാണ് കിഴങ്ങു വിളകള്‍. ഭക്ഷ്യ നാരുകളും, നീരോക്‌സികാരികളായ കരോട്ടീന്‍(carotene), ആന്തോസയനീന്‍(anthocyanin) എന്നിവയും, വിറ്റാമിനുകളും(Vitamins), ധാതുലവണങ്ങളും(minerals) അടങ്ങിയിട്ടുള്ള ഈ പരമ്പരാഗതവിളകള്‍, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന ഭാവിവിളകളാണ്. ഈ കാരണങ്ങളാല്‍ ഇവയുടെ കൃഷി വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കിഴങ്ങ് വിളകളുടെ നടീല് കാലവും ശാസ്ത്രീയ കൃഷി മുറകളും താഴെ വിവരിക്കുന്നു.
ചേന( Elephant yam)
'കുംഭമാസത്തില്‍ നട്ടാല്‍ ചേന കുടത്തോളം ഉണ്ടാകുമെന്നാണല്ലോ' പ്രമാണം. അതായത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ചേന നടാനുത്തമം; കാലവര്‍ഷത്തിനു മുമ്പുള്ള വേനല്‍മഴയോടെ ചേന പൊടിക്കുന്നു എന്ന് സാരം.
ചേന നടുന്നതിന്, 90 സെ.മി അകലത്തില്‍ 60 സെ.മി. സമചതുരാകൃതിയില്‍ 45 സെ.മി താഴ്ത്തി കുഴികളെടുത്ത് കുഴി ഒന്നിന് കുറഞ്ഞത് രണ്ട്- മൂന്ന് കിലോഗ്രം കാലിവളമോ കമ്പോസ്റ്റോ മേല്‍ മണ്ണുമായി കലര്‍ത്തി കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. ഇപ്രകാരം തയ്യാറാക്കിയ കുഴിയില്‍ ഏകദേശം അരകിലോ മുതല്‍ മുക്കാല്‍ കിലോ വരെ തൂക്കമുള്ള ചേന കഷണങ്ങള്‍ നട്ട് മണ്ണിട്ട് മൂടിയതിനു ശേഷം പച്ചിലയോ ചപ്പ് ചവറോ കൊണ്ട് പുതയിടണം. മുളച്ച് രണ്ടാഴ്ച്ച കഴിഞ്ഞ് കളപറിയ്ക്കലും മണ്ണ് കൂട്ടി കൊടുക്കലും നടത്തണം. അതോടെപ്പം ഹെക്ടര്‍ ഒന്നിന് 50 കിലോഗ്രാം പാക്യജനകം , 50 കിലോ ഗ്രാം ഭാവഹം, 75 കിലോ ഗ്രാം ക്ഷാരം എന്നീ പോഷകമൂലകങ്ങള്‍ കിട്ടുന്നവിധത്തില്‍ ജൈവവളങ്ങളോ രാസവളങ്ങളോ നല്‍കണം. ജൈവവളമായി പച്ചിലവളം, വിവിധയിനം പിണ്ണാക്കുകള്‍, ചാരം എന്നിവയും ജീവാണുവളങ്ങളും ഉപയോഗിക്കണം. രാസവളമായി യൂറിയ, മസ്സൂറിഫോസ്, മൃൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ നേര്‍വളങ്ങളാണ് യോജിച്ചത്. ഇവ കൂടാതെ പ്രത്യേകം തയ്യറാക്കിയ രാസവളമിശ്രിതങ്ങള്‍ 'കസ്റ്റമൈസ്ഡ് വളങ്ങള്‍' എന്ന നിലയില്‍ സി.ടി.സി.ആര്‍.ഐയില്‍ ലഭിക്കുന്നു. അടുത്ത കാലത്തായി പത്ര പോഷണത്തിനായി ലായനി രൂപത്തിനുള്ള സൂക്ഷ്മപോഷക മിശ്രിതവും സി.റ്റി.സി.ആര്‍.ഐ വികസിപ്പിച്ച് മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ള 50 കിലോ പാക്യജനകവും 75 കിലോ ക്ഷാരവും, ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസമാകുമ്പോള്‍ നല്‍ക്കേണ്ടതാണ്. ചേന, തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ശുപാര്‍ശ ചെയ്തതിന്റെ പകുതി ജൈവവളം, മൂന്നിലൊന്ന് രാസവളം എന്നിങ്ങനെ മതിയാകും
കാച്ചില്‍(Purple yam)
കാച്ചില്‍ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടൊപ്പം നടുന്നതാണ് അനുയോജ്യം. സാധാരണയായി നമ്മുടെ നാട്ടില്‍ കൃഷി ചെയ്ത് വരുന്നത് ചെറുകിഴങ്ങ് (നനകിഴങ്ങ്), സാധരണ കാച്ചില്‍ (കാവത്ത്) എന്നിവയാണ് . ആഫ്രിക്കയില്‍ നിന്ന് കൊണ്ടു വന്ന 'വെള്ളകാച്ചില്‍' അല്ലെങ്കില്‍ 'ആഫ്രിക്കന്‍ കാച്ചില്‍' എന്നയിനത്തിനു ഏറെ പ്രചാരണം ലഭിച്ചു വരുന്നു. നടുന്നതിന് മുന്‍പായി ഹെക്ടറിന് 12.5 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം (അതായത് ചെടിയൊന്നിന് ഒരു കിലോ). നടുന്നതിന് 45 സെ.മി നീളവും വീതിയും താഴ്ച്ചയുമുള്ള കുഴികള്‍ എടുക്കണം. ഇതില്‍ മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണും കമ്പോസ്റ്റും ഇട്ട് നിറയ്ക്കണം. ചെറുകിഴങ്ങ് 100-125 ഗ്രം തൂക്കമുള്ള മുഴുവന്‍ കിഴങ്ങുകളും, കാച്ചിലിന് 200-250 ഗ്രം തൂക്കമുള്ള കഷ്ണങ്ങളുമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. കാച്ചില്‍ നടാന്‍ കുഴികള്‍ തമ്മില്‍ 90 സെ.മിറ്ററും, ചെറുകിഴങ്ങിന് 75 സെ.മീറ്ററും അകലം കൊടുക്കണം. ഇലകള്‍ക്ക് ശരിയായ സൂര്യപ്രകാശം ലഭിക്കുന്നതിന് മുളപൊട്ടി 15 ദിവസം കഴിഞ്ഞ് കയറ് ഉപയോഗിച്ച് കാച്ചില്‍ വള്ളികളെ താങ്ങുകളിലേക്ക് പടര്‍ത്തണം. ഹെക്ടറിന് 40 കിലോ പാക്യജനകം, 60 കിലോ ഭാവഹം, 40 കിലോ ക്ഷാരം എിവ കിട്ടത്തക്കവിധത്തില്‍ ജൈവവളമോ രാസവളമോ വിത്ത് മുളച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം നല്‍കണം. 40 കിലോ വീതം പാക്യജനകവും ക്ഷാരവും ആദ്യവളപ്രയോഗം നടത്തി ഒരു മാസം കഴിഞ്ഞ് കളപറിച്ച് മണ്ണണച്ച് കൊടുക്കുന്നതിനോടൊപ്പം നല്‍കണം. ജൈവളമായി പച്ചില വളം, വേപ്പിന്‍പിണ്ണാക്ക്, ചാരം, ജീവാണുവളങ്ങള്‍ എന്നിവ ചാണകത്തിനു പുറമെ ഉപയോഗിക്കേണ്ടതാണ്.
മരച്ചീനി( Tapioca)
ഇടവപ്പാതിയ്ക്കു തൊട്ടുമുന്‍പ് വരുന്ന വേനല്‍ക്കാല മഴ സമയത്തും (ഏപ്രില്‍ - മേയ്), തുലാവര്‍ഷ സമയത്തുമാണ് (സെപ്റ്റംബര്‍ - ഒക്‌ടോബര്‍) മരിച്ചീനി കമ്പുകള്‍ നടേണ്ടത്. ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും കൃഷി ചെയ്യാവുന്നതാണെങ്കിലും, ഡിസംബര്‍- ജനുവരി മാസങ്ങളാണ് ഉത്തമം. സാധരണയായി മരിച്ചീനി 25-30 സെ.മീ ഉയരമുള്ള കൂനകള്‍ കൂട്ടിയാണ് നടാറുള്ളത്. ചരിവ് കൂടിയ പ്രദേശങ്ങളിലും, ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും ചരിവിനെതിരെ 25-30 സെ.മീ ഉയരമുള്ള വാരങ്ങള്‍ തയ്യാറാക്കി കമ്പുകള്‍ നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള നിരപ്പായ സ്ഥലങ്ങളില്‍ മണ്ണ് നന്നായി കിളച്ചിളക്കി നിരപ്പില്‍ കമ്പുകള്‍ നട്ടാല്‍ മതിയാകും.
ഒരു ഹെക്ടര്‍ സ്ഥലത്ത് 12.5 ടണ്‍ കാലിവളം കിളയലിനു മുന്‍പായി വിതറുക. അല്ലെങ്കില്‍ പച്ചിലവളച്ചെടിയുടെ വിത്തുകള്‍ ഏപ്രില്‍ പകുതിയോടെ ലഭിക്കുന്ന വേനല്‍ മഴയില്‍ വിതച്ച് ജൂണ്‍ ആദ്യവാരം മരിച്ചീനി നടുന്ന സമയത്ത് പിഴുത് മണ്ണില്‍ ഉഴുത് ചേര്‍ക്കാവുതോ ആകുന്നു. മൂപ്പെത്തിയതും 2-3 സെ.മീ വ്യാസമുള്ളതുമായ ആരോഗ്യമുള്ള മുട്ടടുപ്പമുള്ളതായ മരിച്ചീനി കമ്പുകളുടെ മുകളിലെ മൃദുലമായതും താഴത്തെ തടിരൂപത്തിലുള്ള ഭാഗവും ഒഴിവാക്കി 15-20 സെ.മീ നീളമുള്ള മരിച്ചീനി കമ്പുകള്‍ മുറിച്ചെടുത്ത് നടാനുപയോഗിക്കാം. നേരത്തെ വിവരിച്ച രീതിയില്‍ തയ്യാറാക്കിയ കൃഷിയിടങ്ങളില്‍ 5 സെ.മീ ആഴത്തില്‍ കമ്പുകള്‍ കുത്തനെ നടുന്നു. ശാഖ പൊട്ടുന്ന ഇനങ്ങള്‍ക്ക് വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 90 സെ.മീ അകലവും, ശാഖ പൊട്ടാത്തവയ്ക്ക് 75 സെ.മി അകലവും നല്‍കിയാല്‍ മതി. രണ്ടാഴ്ചയ്ക്കം മുളയ്ക്കാത്ത കമ്പുകള്‍ പിഴുത് മാറ്റി പകരം പുതിയ നീളം കൂടിയ കമ്പുകള്‍ (40 സെ.മീ) നടണം.
അത്യുല്‍പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് 100:50:100 ക്രമത്തില്‍ (കി. ഗ്രാം ഹ്‌കെടറിന്) പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്കവിധത്തില്‍ രാസവളങ്ങള്‍ രണ്ട് തവണകളായി നല്‍കുക. നടുന്ന സമയത്ത് 50:50:50 എന്ന ക്രമത്തില്‍ അടിവളമായും, ബാക്കിയുള്ള പാക്യജനകവും, ക്ഷാരവും മേല്‍വളമായി നട്ട് 45-60 ദിവസങ്ങള്‍ക്കുള്ളിലും നല്‍കുക. എം-4, നാടന്‍ ഇനങ്ങള്‍ എന്നിവയ്ക്ക് ഈ അളവിന്റെ പകുതി കൊടുത്താല്‍ മതിയാകും. വിത്തു കമ്പുകള്‍ നട്ട് ഒരു മാസത്തിനകം എതിര്‍ ദിശയില്‍ വളരുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ട് ചിനപ്പുകള്‍ നിര്‍ത്തിയശേഷം ബാക്കിയുള്ളവ അടര്‍ത്തിമാറ്റണം. നട്ട 1 1/2 -2 മാസത്തിനകം കളകള്‍ മാറ്റി വളം ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം. കൂടാതെ രണ്ട് മാസത്തിനകം ഒരു തവണ കൂടി കളകള്‍ മാറ്റി മണ്ണ് കൂട്ടി കൊടുക്കുക
ചേമ്പ്/ പാല്‍ചേമ്പ് (Colocasia)
രണ്ട് മൂന്ന് വേനല്‍ മഴ ലഭിച്ചതിനു ശേഷം മേയ് മാസം മധ്യത്തോടു കൂടി ചേമ്പ് നടുന്നതാണ് നല്ലത്. അര അടി ഉയരമുള്ള വാരങ്ങള്‍ ഏകദേശം 60 സെ.മീ അകലത്തില്‍ ഉണ്ടാക്കി അതില്‍ 45 സെ.മീ അകലത്തില്‍ ചെറു കുഴികള്‍ എടുത്തു കാലിവളമോ, കമ്പോസ്റ്റോ ഇട്ട് വേണം 20-25 ഗ്രം തൂക്കം വരുന്ന വിത്ത് ചേമ്പ് നടാന്‍. പാല്‍ചേമ്പ്, മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വേനല്‍മഴയുടെ ലഭ്യതയോടെ വാരങ്ങള്‍ / കൂനകള്‍ / കുഴികള്‍ മൂടി (90 സെ.മി) അകലത്തില്‍ എടുത്തു വേണം നടാന്‍. ഉദ്ദേശം 100-150 ഗ്രാം വലിപ്പം വരുന്ന മുറിച്ച തടയോ (തള്ളചേമ്പോ) 50-75 ഗ്രാം തൂക്കം വരുന്ന ചേമ്പോ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നു. നടുന്നതിന് രണ്ടാഴ്ച്ച മുമ്പ് ഹെക്ടറിന് ഒരു ടണ്‍ ഡോേളാമൈറ്റ് (80 ഗ്രാം / കുഴിയൊന്നിന്) ഇട്ട് നല്ലതു പോലെ നനച്ചുകൊടുക്കണം. നടുന്ന സമയത്ത് ചാണകം ഒരു ഹെക്ടറിന് 10 ടണ്‍ നല്‍കണം. ജൈവവളങ്ങളായ പച്ചിലവളം, വേപ്പിന്‍പിണ്ണാക്ക്, ജീവാണുവളങ്ങള്‍ എന്നിവ ജൈവ കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. ഹെക്ടറിന് 80:25:100 കിലോഗ്രാം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്ക വിധത്തില്‍ രാസവളങ്ങളോ, ജൈവവളങ്ങളോ, രണ്ടോ, മൂന്നോ തവണകളായി ചേര്‍ക്കേണ്ടതാണ്.
മധുരക്കിഴങ്ങ് (Sweet Potato)
മധുരക്കിഴങ്ങ് ജൂണ്‍- ജൂലായ് മാസങ്ങളില്‍ കൃഷിചെയ്യാം. ഞാറ്റടിയില്‍ കിഴങ്ങുകള്‍ നട്ട് വള്ളിയാക്കിയിട്ട് വേണം പ്രധാനകൃഷിയിടത്തിലേയ്ക്ക് നടുവാന്‍.മധുരക്കിഴങ്ങ് നടാന്‍ 60 സെ.മീ അകലത്തില്‍ 25-30 സെ.മീ ഉയരമുള്ള വാരങ്ങള്‍ തയ്യാറാക്കണം. ഈ വാരങ്ങളില്‍ 25 സെ.മീ അകലത്തില്‍ ഞാറ്റടിയില്‍ നിന്നു ശേഖരിച്ച 20-30 സെ.മീ നീളത്തില്‍ മുറിച്ചെടുത്ത വള്ളികള്‍ നടണം. രണ്ടോ, മൂന്നോ മുട്ടുകള്‍ മണ്ണിനടിയില്‍ പോകത്തക്ക രീതിയില്‍ മണ്ണില്‍ പാടെ കിടത്തിയോ, ചരിച്ചോ വള്ളികള്‍ നട്ട് മണ്ണ് അണയ്ക്കുക. അഗ്രഭാഗം മണ്ണിനു മുകളില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വാരങ്ങള്‍ തയ്യാറാക്കുതിനു മുന്‍പ് ഹെക്ടറിന് 5 ടണ്‍ കാലിവളം മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ ഹെക്ടറിന് 50:25:50 കിലോ എന്ന തോതില്‍ പാക്യജനകം, ദാവഹം, ക്ഷാരം എന്നിവ കിട്ടത്തക്കവിധത്തില്‍ രാസവളങ്ങള്‍ നല്‍കണം.
കൂര്‍ക്ക(Chinese potato)
കൂര്‍ക്ക ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ചെയ്യാം.ഞാറ്റടിയില്‍ കിഴങ്ങുകള്‍ നട്ട് വള്ളിയാക്കിയശേഷം ഒരു മാസം കഴിയുമ്പോള്‍ 10-15 സെ.മീ നീളത്തില്‍ തണ്ടുകള്‍ തലപ്പത്തുനിന്ന് മുറിച്ചെടുക്കുക. പ്രധാന കൃഷിയിടം ഒരുക്കുമ്പോള്‍ ഹെക്ടറിന് 10 ടണ്‍ കാലിവളം വിതറി മണ്ണുമായി നന്നായി ചേര്‍ക്കുക. 45 സെ.മീ അകലത്തില്‍ വാരങ്ങള്‍ എടുത്ത് 30 സെ.മീ അകലത്തില്‍ തണ്ടുകള്‍ നടണം. ഹെക്ടറിന് 60:60:100 കിലോ ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ലഭിക്കത്തക്കവിധത്തില്‍ രാസവളങ്ങളോ ജൈവവളങ്ങളോ രണ്ട് തവണകളായി നല്‍കുക.സ്വയം പര്യാപ്തതയുള്ള ,ആരോഗ്യ കേരളത്തിനായുള്ള പച്ചക്കറി ഉത്പാദനത്തില്‍ നാടന്‍ കിഴങ്ങ് വര്‍ഗ്ഗ പച്ചക്കറികളുടെ കൃഷിയ്ക്ക് വളരെയധികം പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.
Share your comments