Vegetables

മുരിങ്ങ ഇനങ്ങൾ 

drumstick
ഭക്ഷണമായും ഔഷധമായും നാം ഉപയോഗിക്കുന്ന ഒന്നാണ് മുരിങ്ങ. വേരും, തൊലിയും , പൂവും, കായും എല്ലാം സർവ്വഗുണ ദായകങ്ങളാണ് . വീട്‌തുവളപ്പിൽ ഒരു മുരിങ്ങ ചെടി അത് ചെടിചട്ടിയിൽ ആണെകിലും നട്ടുവളർത്താൻ ആണ് ഏതൊരു ആരോഗ്യ ശാസ്ത്രവും നിർദേശിക്കുന്നത് . മുരിങ്ങയുടെ ഇലപോലും ഉണക്കിപ്പൊടിച്ചു മാർക്കറ്റിൽ ലഭ്യമാണ് . മുരിങ്ങ നടുമ്പോൾ ഏതു തരം എനഗ്നെ നടണം എന്നൊന്നും ധാരണയില്ല പലർക്കും വിപണിയിൽ ലഭ്യമായ മുരിങ്ങയുടെ വിവധ ഇണകളെ കുറിച്ചും അറിവില്ല . ഇതാ കുറച്ചു മുരിങ്ങ ഇനങ്ങളും അവയുടെ പ്രത്യേകതകളും പരിചയപ്പെടാം 

മുരിങ്ങ നാടൻ- കുറിയ ഇനം:

കേരളത്തിൽ അങ്ങോളം കാണപ്പെടുന്ന ഇനം. വേലിക്കലായി കാണുന്ന ഈ ഇനത്തിന്റെ കായ്കൾക്ക് നീളം 10-15 സെ. മീറ്ററും നല്ല വണ്ണവുമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. മറ്റിനങ്ങളേക്കാൾ രുചിയും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. കായ്കൾ അര വിളവാകുമ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങവുന്നതാണ്. മരമൊന്നിന് 30-50 വരെകായ്കൾ ആദ്യ വർഷത്തിലും പിന്നീട് 100-150 വരെ കായ്കൾ തുടർന്നുള്ള വർഷങ്ങളിൽ ലഭ്യമാകും. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.

മുരിങ്ങ നാടൻ- നെടിയ ഇനം:

കേരളത്തിൽ സർവ്വസാധാരണ കാണപ്പെടുന്ന ഇനം. ഈ ഇനത്തിന്റെ കായ്കൾക്ക് 20-35 സെ. മീറ്റർ നീളമുണ്ട്. ദശ കട്ടിയുള്ളതും ചെറു നാരുള്ളതുമാണ്. കുറിയയിനങ്ങളേക്കാൾ രുചികുറവെങ്കിലും സൂക്ഷിപ്പ് ഗുണവും കൂടുതലാണ്. മരമൊന്നിന് 80-100 വരെ കായ്കൾ ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിൽ 150-200 കാ‍യ്കൾ ലഭ്യമാകും. കായ്കൾ പാകമാകുമ്പോൾ ഭാരക്കൂടുതൽ കാരണം ശാഖകൾ ഒടിയുന്നത് പതിവാണ്. കൂടുതൽ പൂക്കുമെങ്കിലും കായ്കൾ കുറവാണ്. കാണ്ഡം നട്ടാണ് സാധാരണ പുതിയ തൈ നിർമ്മിക്കുന്നത്.

അനുപമ:

കേരള കാർഷിക യൂണിവേർസിറ്റി, വെള്ളാണിക്കര പുറത്തിറക്കിയ ഇനമാണ് അനുപമ. ഇടത്തരം നീളവും പച്ചനിറവുമുള്ള കായ്കളാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. മുരിങ്ങ മരമൊന്നിന് വർഷത്തിൽ ശരാശരി 30 കി. ഗ്രാം കായ്കൾ ലഭിക്കും. മികച്ച പാചക ഗുണമേന്മയാണ് ഇതിന്റെ പ്രത്യേകത.

ജാഫ്ന മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 60-70 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് മൃദുത്വം, സ്വാദ് എന്നിവ കൂടുതലുമാണ്. വർഷത്തിൽ കൂടുതൽ വിളവ് ലഭിക്കുന്നു എന്നത് മേന്മയാണ്.

ചാവക്കച്ചേരി മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനത്തിന് 90-120 സെ. മീറ്റർ നീളമുള്ള കായ്കൾ കാണാറുണ്ട്. കായ്കളുടെ മാംസള ഭാഗത്തിന് നാര് അൽപ്പം കൂടുതലുമാണ്.

ചെമ്മുരിങ്ങ:

ബഹുവർഷിയിനമായ ഈ മുരിങ്ങ ഇനമാണ്. കായുടെ അറ്റത്ത് ചുവപ്പ് നിറം കാണുന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്. ആയതുകൊണ്ടാണ് ഈ ഇനത്തിന് ഈ പേരു വന്നത്. വർഷം മുഴുവനും പൂക്കുകയും കായിടുകയും ചെയ്യുന്നു. ആയതിനാൽ നല്ല കമ്പോള മൂല്യമുണ്ട്.

പാൽ മുരിങ്ങ:

തമിഴ്നാട്ടിൽ കാണപ്പെടുന്ന ഇനമാണ്. കായ്കൾക്ക് നല്ല രുചിയും മാംസള ഭാഗത്തിന് കട്ടിയുമുണ്ടായിരിക്കും.

പൂന മുരിങ്ങ:

വണ്ണം കുറഞ്ഞ കായുള്ള ഇനം. കേരളത്തിൽ അപൂർവ്വമെങ്കിലും തമിഴ്നാട്ടിൽ വാണിജ്യാ‍ടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. വർഷം മുഴുവൻ കായ് ലഭിക്കും.

കൊടികാൽ മുരിങ്ങ:

തമിഴ്നാട്ടിൽ കാണപ്പെടുന്ന ചെറിയ കായ്കൾ ലഭ്യമാകുന്ന ഇനമാണ് കൊടികാൽ മുരിങ്ങ. 15-20 സെ. മീറ്റർ നീളം വരുന്ന കായ്കളുണ്ട്. കുറ്റിയിനത്തിലുള്ള ഇനത്തിന്റെ വിത്തുപാകിയാണ് തൈ മുളപ്പിക്കുന്നത്.

ധൻരാജ്:

കർണ്ണാടക അരഭവി കാർഷിക യൂണിവേർസിറ്റി വികസിപ്പിച്ച ഇനമാണ് ധൻരാജ്. വിത്തു മുരിങ്ങാ ഇനമാണ്. വാർഷിക ഉത്പാദന ക്ഷമത കൂടുതലാണ്.

Share your comments