1250 ഏക്കറിൽ ജൈവകൃഷി, നാടൻ പശുക്കളുടെ ക്ഷീരശാല, 40 കോടിയുടെ വാർഷിക വരുമാനം: ലേഖ്‌റാം യാദവിന്റെ വിജയകഥ
രാജസ്ഥാനിലെ കോട്ട്പുത്ലിയിൽ നിന്നും ദേശീയതലത്തിൽ ശ്രദ്ധ നേടിയ കർഷകനാണ് ലേഖ്‌റാം യാദവ്. കൃഷിയും പശുപരിപാലനവും ചിട്ടയോടും ശാസ്ത്രീയ അറിവോടും പാരമ്പര്യ ജ്ഞാനത്തോടും കൂടി ചെയ്താൽ അത് വലിയൊരു വ്യവസായമായി വളർത്താനാകുമെന്ന് ഇന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച ലേഖ്‌റാം യാദവ് കൃഷിയെ വെറും ഉപജീവനമാർഗമായി മാത്രമല്ല കണ്ടത്; മറിച്ച് അതിനെ സമഗ്രമായ ഒരു ജീവിതശൈലിയായി തന്നെ സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഇന്ന് അദ്ദേഹം ജൈവകൃഷി, നാടൻപശുപരിപാലനം, അഗ്രി ടൂറിസം, മൂല്യവർധിത ക്ഷീര ഉത്പന്നങ്ങൾ എന്നിവയിൽ വിജയകരമായ മാതൃകയായി മാറിയിരിക്കുകയാണ്.
ലേഖ്‌റാം യാദവ് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഏകദേശം ആറര വർഷം മോളിക്യുലർ ബയോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് മേഖലയിലെ മികച്ച അനുഭവം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും പ്രകൃതിയുടെയും കൃഷിയുടെയും ഒപ്പമാണ് സഞ്ചരിച്ചിരുന്നത്. ഒരു വനിത ക്വാളിറ്റി മാനേജറുമായി നടത്തിയ സംഭാഷണമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായത്. ജോലിയിൽ നിന്നൊക്കെ വിരമിച്ച ശേഷം ഫാംഹൗസിൽ പ്രകൃതിയോടൊപ്പം ശാന്തമായ ജീവിതം നയിക്കണമെന്നാണ് ആ സ്ത്രീ അന്ന് പറഞ്ഞത്. ജീവിതത്തിന്റെ അവസാനം മനുഷ്യൻ പ്രകൃതിയിലേക്കാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്നതെങ്കിൽ തുടക്കത്തിൽ തന്നെ എന്തുകൊണ്ട് ആ വഴി തിരഞ്ഞെടുക്കുന്നില്ല എന്നുള്ള ചിന്ത ലേഖ്‌റാമിന് പ്രചോദനമായി. അങ്ങനെ കൃഷിയും പശുപരിപാലനവും അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറി.
ഏകദേശം 120 ഏക്കറിൽ ജൈവകൃഷി ആരംഭിച്ച അദ്ദേഹം ഇന്ന് 1250 ഏക്കറിലധികം സ്ഥലത്ത് ജൈവകൃഷി ചെയ്യുന്നു. അതോടൊപ്പം നാടൻ പശുക്കളെ അടിസ്ഥാനമാക്കിയ ക്ഷീര മാതൃകയും അദ്ദേഹം വികസിപ്പിച്ചു. ഇന്നത് നിരവധി കർഷകർക്ക് പ്രചോദനമായി മാറിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വിറ്റുവരവ് ഏകദേശം 40 കോടി രൂപയാണ്. കൃഷിയെയും പശുപരിപാലനത്തെയും വേർതിരിച്ച് കാണാതെ പരസ്പരം പൂരകങ്ങളായി കാണുന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
ഇത്തവണ നടന്ന Millionaire Farmer of India Awards 2025-ൽ ‘Millionaire Organic Farmer of India’ വിഭാഗത്തിൽ ‘First Runner Up’ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഗോശാല, ജൈവകൃഷി, നാടൻ പശുക്കൾ, യുവാക്കളുടെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ കൃഷി ജാഗരൺ അദ്ദേഹവുമായി പ്രത്യേക അഭിമുഖം നടത്തി. പ്രധാന ഭാഗങ്ങൾ ചുവടെ:
ചോദ്യം: നിങ്ങളുടെ ഗോശാല എങ്ങനെ ആരംഭിച്ചു? ആദ്യകാല വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
ഉത്തരം: ഡയറി ഫാമിംഗ് തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾ വ്യാപകമായി പഠനം നടത്തി. ഇന്ത്യയിൽ പലരും ഡയറി നഷ്ടവ്യാപാരമാണെന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യം 100 നാടൻ പശുക്കളുമായി വലിയ തോതിൽ ക്ഷീരശാല തുടങ്ങാൻ ബാങ്കിനെ സമീപിച്ചെങ്കിലും അവർ വായ്പ നിഷേധിച്ചു. ഇന്ത്യയിൽ ഗോശാല ലാഭകരമല്ലെന്നും റിസ്ക് കൂടുതലാണെന്നും അവർ പറഞ്ഞു.
അത് എന്നെ കൂടുതൽ ആലോചിക്കാൻ പ്രേരിപ്പിച്ചു. പാൽ, തൈര്, നെയ്യ്, വെണ്ണ എന്നിവ ഓരോ വീട്ടിലും ആവശ്യമായ നമ്മുടെ നാട്ടിൽ ഗോശാല എങ്ങനെ നഷ്ടവ്യാപാരമാകുമെന്ന് ഞാൻ ചിന്തിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പോയി ഗോശാലകൾ പഠിച്ചു. പലരും വളരെ ചെലവേറിയ ഇൻഫ്രാസ്ട്രക്ചറുകൾ നിർമ്മിക്കുന്നതായി കണ്ടു. കോടികൾ ഷെഡുകൾക്കും മെഷീനുകൾക്കും ചെലവഴിക്കുന്നു. എന്നാൽ പശുക്കൾക്ക് പ്രകൃതിസൗഹൃദമായ തുറന്ന അന്തരീക്ഷമാണ് ഇഷ്ടം. അടച്ചിടപ്പെട്ട സാഹചര്യത്തിൽ അവയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുകയും രോഗങ്ങൾ വരികയും ചെയ്യും.
മറ്റൊരു വലിയ പ്രശ്നം പുറത്തുനിന്നുള്ള മൃഗാഹാരങ്ങളിലേക്കുള്ള ആശ്രയമായിരുന്നു. കെമിക്കൽ ചേർന്ന ഫീഡുകൾ മൃഗങ്ങളുടെ ആരോഗ്യം മോശമാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം പഠിച്ച ശേഷമാണ് പ്രകൃതിസൗഹൃദ അന്തരീക്ഷം, നാടൻ പശുക്കൾ, സ്വന്തം കൃഷിഭൂമിയിലെ തീറ്റ എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ മാതൃക രൂപപ്പെടുത്തിയത്.
ചോദ്യം: പരമ്പരാഗത ഗോശാലയും നൂതന ഗോശാലയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
ഉത്തരം: ഇന്നത്തെ നൂതന ഗോശാല മുഴുവനും ഉത്പാദനത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു പശു എത്ര പാൽ നൽകുന്നു എന്നതാണ് പ്രധാന ചിന്ത. അതിനാലാണ് എച്ച്.എഫ്, ജേഴ്സി പോലുള്ള വിദേശയിനം പശുക്കൾക്ക് പ്രാധാന്യം ലഭിച്ചത്. പക്ഷേ ഇവയെ പരിപാലിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്. കുറച്ചുകാലം കൂടുതൽ പാൽ ലഭിച്ചാലും പിന്നീട് ദീർഘമായ പാൽ നിർത്തുന്ന കാലയളവ് വരും. അതോടെ കർഷകന് വലിയ സാമ്പത്തികഭാരം നേരിടേണ്ടി വരുന്നു.
പരമ്പരാഗത ഗോശാല പൂർണമായും വ്യത്യസ്തമായിരുന്നു. മുമ്പ് ആളുകൾ നാടൻ പശുക്കളെ വളർത്തി, പ്രകൃതിസൗഹൃദ സാഹചര്യത്തിൽ സംരക്ഷിച്ചു, സ്വന്തം കൃഷിയിലെ തീറ്റ നൽകി. പശു കുടുംബത്തിന്റെ തന്നെ ഭാഗമായിരുന്നു. ഞങ്ങൾ വീണ്ടും അതേ മാതൃകയിലേക്കാണ് മടങ്ങുന്നത്. സാഹിവാൽ, ഗിർ, റാത്തി, താർപാർക്കർ പോലുള്ള നാടൻ ഇനങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യൻ കാലാവസ്ഥയിൽ ഇവ കൂടുതൽ പ്രതിരോധ ശേഷിയുള്ളവയും ദീർഘകാലം നിലനിൽക്കുന്നതുമാണ്.
ചോദ്യം: ഇപ്പോൾ നിങ്ങളുടെ ഫാമിൽ ഏതൊക്കെ ഇനം പശുക്കളാണ് ഉള്ളത്?
ഉത്തരം: ഇപ്പോൾ ഞങ്ങളുടെ ഫാമിൽ ഏകദേശം 85 ശതമാനം സാഹിവാൽ പശുക്കളാണ്. കൂടാതെ ഗിർ, താർപാർക്കർ ഇനങ്ങളുമുണ്ട്. ഇന്ത്യൻ കാലാവസ്ഥയോട് മികച്ച പൊരുത്തപ്പെടൽ, കുറഞ്ഞ പരിപാലനച്ചെലവ്, A2 ഗുണമേന്മയുള്ള പാൽ എന്നിവ കാരണം നാടൻ ഇനങ്ങളെ തിരഞ്ഞെടുത്തു.
ചോദ്യം: ജൈവകൃഷിയും ഗോശാലയും എങ്ങനെ കൂട്ടിചേർത്തു?
ഉത്തരം: കൃഷിയും പശുപരിപാലനവും എല്ലായ്‌പ്പോഴും പരസ്പര പൂരകങ്ങളാണ്. പശുക്കളിൽ നിന്ന് ലഭിക്കുന്ന ചാണകം, ഗോമൂത്രം, പഞ്ചഗവ്യം എന്നിവ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു. ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിക്കുകയും രാസവളങ്ങളിലുള്ള ആശ്രയം കുറയുകയും ചെയ്യുന്നു.
മറ്റൊരുവശത്ത് കൃഷിയിൽ നിന്നുള്ള തീറ്റ മൃഗങ്ങൾക്ക് ഉപയോഗിക്കുന്നു. ഇന്നത്തെ വലിയ പ്രശ്നം കർഷകർ കൃഷിയെയും പശുപരിപാലനത്തെയും രണ്ട് വ്യത്യസ്ത ബിസിനസുകളായി കാണുന്നതാണ്. എന്നാൽ രണ്ടും ഒന്നിച്ച് നടത്തുമ്പോഴാണ് യഥാർത്ഥ വിജയം ലഭിക്കുന്നത്.
ചോദ്യം: ഗോശാലയിൽ ഏറ്റവും കൂടുതൽ ചെലവ് ഏതിനാണ്?
ഉത്തരം: നൂതന ഗോശാലകളിൽ ഏറ്റവും കൂടുതൽ ചെലവ് ഇൻഫ്രാസ്ട്രക്ചറിനാണ്. വൻ ഷെഡുകളും ഇരുമ്പ് ഘടനകളും നിർമ്മിക്കാൻ കോടികൾ ചെലവഴിക്കുന്നു. എന്നാൽ പശുക്കൾക്ക് തുറന്ന പ്രകൃതിസൗഹൃദ അന്തരീക്ഷമാണ് ആവശ്യമായത്. അടച്ചിടുമ്പോൾ അവയ്ക്ക് സമ്മർദ്ദം ഉണ്ടാകുകയും പാൽ ഉത്പാദനത്തെ ബാധിക്കപ്പെടുകയും ചെയ്യുന്നു.
ചോദ്യം: തീറ്റയിലും പരിപാലനത്തിലും എന്ത് പുതുമകളാണ് കൊണ്ടുവന്നത്?
ഉത്തരം: ഞാൻ എന്റെ ഗുരു താരാചന്ദ് ബെൽജിയെ പിന്തുടരുന്നു. അദ്ദേഹം വൃക്ഷ ആയുർവേദത്തിലും പ്രകൃതികൃഷിയിലും വലിയ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി ആശയങ്ങൾ ഞങ്ങൾ ഗോശാലയിൽ ഉപയോഗിക്കുന്നു.
ഞങ്ങളുടെ ഗോശാലയിൽ ദിവസവും രാവിലെയും വൈകുന്നേരവും അഗ്നിഹോത്രം നടത്തുന്നു. ഇതിലൂടെ പോസിറ്റീവ് എനർജി നിലനിൽക്കുകയും ഈച്ചയും കൊതുകും കുറയുകയും ചെയ്യുന്നു. കൂടാതെ ബെൽപത്ര ബയോ എൻസൈം, അഗ്നിഹോത്ര ചാരം, നാരങ്ങാ ജൈവരസം, പാരമ്പര്യ തീറ്റ എന്നിവയും ഉപയോഗിക്കുന്നു.
കറുത്ത ഉപ്പും ചുണ്ണാമ്പും ഉപയോഗിച്ച് കാത്സ്യക്കുറവ് ഒഴിവാക്കുന്നു. വിരയിളക്കുവാനായി പേക്കുമ്മട്ടി (Citrullus colocynthis) ഉപയോഗിക്കുന്നു. രാജ്യത്ത് ലംപി രോഗം വ്യാപകമായിരുന്ന സമയത്തും ഞങ്ങളുടെ ഫാമിലെ പശുക്കൾ സുരക്ഷിതരായിരുന്നു.
ചോദ്യം: ഗോശാല ബിസിനസിൽ കർഷകർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്താണ്?
ഉത്തരം: പുറത്തുനിന്നുള്ള ഫീഡുകളിലും രാസപദാർത്ഥങ്ങൾ അടങ്ങിയ തീറ്റകളിലും ആശ്രയിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. പാൽ വർധിപ്പിക്കാൻ കൂടുതൽ പ്രോട്ടീൻ അടങ്ങിയ പായ്ക്ക് ചെയ്ത തീറ്റ ഉപയോഗിക്കുന്നത് തുടക്കത്തിൽ ഗുണകരമായി തോന്നും. പക്ഷേ പിന്നീട് മൃഗങ്ങൾ ദുർബലമാകുകയും അവയ്ക്ക് വന്ധ്യത പോലെയുള്ള പ്രശ്നങ്ങൾ വരികയും ചെയ്യും.
കർഷകർ സ്വന്തമായി കൃഷി ചെയ്യുന്ന മണിച്ചോളം, ബജ്റ, മക്കച്ചോളം, ഗോതമ്പ് തുടങ്ങിയ പരമ്പരാഗത തീറ്റകൾ ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം.
ചോദ്യം: ഭരണകൂടം ക്ഷീരമേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം?
ഉത്തരം: പാൽ ഉത്പാദനം വർധിപ്പിക്കുന്നതിലുപരി മൂല്യവർധിത ഉത്പന്നങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കണം. ഓരോ താലൂക്ക് തലത്തിലും കർഷകർക്ക് സ്വന്തം ബ്രാൻഡിൽ നെയ്യ്, പനീർ, തൈര്, ചീസ് എന്നിവ നിർമ്മിക്കാൻ യൂണിറ്റുകൾ ഉണ്ടാകണം.
കൂടാതെ കീടനാശിനികളിൽ നിയന്ത്രണം അനിവാര്യമാണ്. ചെറുകിട കർഷകർക്ക് ക്ലസ്റ്റർ മോഡൽ വഴി അടിസ്ഥാന സൗകര്യങ്ങളും മൃഗസംരക്ഷണ സഹായവും നൽകണം.
ചോദ്യം: നെയ്യ്, പനീർ, തൈര് പോലെയുള്ള ഉത്പന്നങ്ങളിൽ എത്ര സാധ്യതയുണ്ട്?
ഉത്തരം: ഇവയിൽ വലിയ ഭാവിയുണ്ട്. പാൽ വേഗം കേടാകുന്നു. എന്നാൽ നെയ്യ്, പനീർ, ചീസ് പോലുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ ഷെൽഫ് ലൈഫ് ഉണ്ട്. ഇതിലൂടെ കർഷകന് കൂടുതൽ വിലയും കുറഞ്ഞ നഷ്ടവുമാണ് ലഭിക്കുന്നത്.
ചോദ്യം: ക്ഷീരമേഖലയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ എന്താണ്?
ഉത്തരം: വലിയ നിക്ഷേപവും പുറത്തുനിന്നുള്ള പിൻബലവും ഇല്ലാതെ ഡയറി വിജയിക്കില്ല എന്നതാണ് ഏറ്റവും വലിയ മിഥ്യാധാരണ. യഥാർത്ഥ വിജയം സ്വന്തമായ വിഭവങ്ങൾ ഉപയോഗിച്ച് കൃഷിയെയും പശുപരിപാലനത്തെയും കൂട്ടിചേർക്കുമ്പോഴാണ് ലഭിക്കുന്നത്.
ചോദ്യം: കുറഞ്ഞ ഭൂമിയുള്ള കർഷകൻ വിജയകരമായി ഡയറി നടത്താനാകുമോ?
ഉത്തരം: തീർച്ചയായും കഴിയും. അരയേക്കർ ഭൂമിയുള്ള കർഷകനും 5 മുതൽ 10 വരെ നാടൻ പശുക്കളെ വളർത്താം. മുരിങ്ങ, നേപ്പിയർ പുല്ല്, മക്കച്ചോളം, കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്ത് വർഷം മുഴുവൻ തീറ്റ ഉറപ്പാക്കണം.
ചോദ്യം: ക്ഷീരമേഖലയിലെ സ്ത്രീകളുടെ പങ്ക് എങ്ങനെ കാണുന്നു?
ഉത്തരം: രാജ്യത്തെ ക്ഷീരമേഖലയിലെ യഥാർത്ഥ ശക്തി സ്ത്രീകളാണ്. പുലർച്ചെ എഴുന്നേറ്റ് മൃഗങ്ങളെ നോക്കുക, പാൽ എടുക്കുക, വീട് നോക്കുക - ഇതെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്. മാതൃസ്നേഹമുള്ളതിനാൽ അവർ മൃഗങ്ങളെ കൂടുതൽ നല്ല രീതിയിൽ പരിപാലിക്കുന്നു.
ചോദ്യം: അഗ്രി ടൂറിസത്തെ ക്ഷീരമേഖലയുമായി എങ്ങനെ കൂട്ടിച്ചേർത്തു?
ഉത്തരം: ഞങ്ങളുടെ മോഡൽ പൂർണമായും ഓൺ-ഫാം സംവിധാനത്തിലാണ്. കൃഷി, ഡയറി, സംസ്കരണം, ഭക്ഷണം - എല്ലാം ഫാമിനുള്ളിൽ തന്നെ നടക്കുന്നു. ഇവിടെ എത്തുന്നവർക്ക് പരമ്പരാഗത ഇന്ത്യൻ കൃഷിയും പശുപാലനവും നേരിട്ട് കാണാനും പഠിക്കാനും സാധിക്കുന്നു.
ചോദ്യം: യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്?
ഉത്തരം: കൊറോണയ്ക്കു ശേഷം നിരവധി യുവാക്കൾ കൃഷിയിലേക്ക് തിരിഞ്ഞു, ഇത് വളരെ നല്ല കാര്യമാണ്. എന്നാൽ വെറും ജൈവകൃഷി മാത്രം ചെയ്താൽ മതിയാകില്ല. കൃഷിയ്ക്കൊപ്പം പശുപരിപാലനവും അനിവാര്യമാണ്. 10 ഏക്കർ കൃഷിയോടൊപ്പം ഒരു നാടൻ പശുവെങ്കിലും ഉണ്ടെങ്കിൽ ജൈവകൃഷിയുടെ പകുതി ആവശ്യങ്ങൾ പൂർത്തിയാകും.
ചോദ്യം: ജൈവകൃഷിയും ഗോശാലയും ചേർത്ത് നിങ്ങളുടെ വാർഷിക വിറ്റുവരവ് എത്രയാണ്?
ഉത്തരം: കഴിഞ്ഞ വർഷം ഞങ്ങളുടെ മൊത്തം വിറ്റുവരവ് ഏകദേശം 36 കോടി രൂപയായിരുന്നു. ഈ വർഷം അത് 40 കോടിയ്ക്ക് മുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൈവകൃഷി, നാടൻ ഗോശാല, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകത വർധിച്ചുവരുന്നതിന്റെ ഗുണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
English Summary: Organic farming on 1250 acres, dairy farm with Desi cows, annual income of 40 crores: Lekhram Yadav's success story
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments