കൃഷിയിലൂടെ 100 കോടി രൂപ വരുമാനം: ഹെലികോപ്റ്ററിന് പിന്നാലെ വിമാനത്തിലൂടെ കാർഷിക വിപ്ലവം കൊണ്ടുവരാൻ ഡോ. രാജാരാം ത്രിപാഠി
ഛത്തീസ്ഗഡിലെ ബസ്തർ പോലെയുള്ള വെല്ലുവിളി നിറഞ്ഞ ഭൗമശാസ്ത്രപരമായ പ്രദേശത്ത് നിന്നും, സ്വന്തം പരിശ്രമവും ദൃഢനിശ്ചയവും നവോത്ഥാന ചിന്തകളും കൊണ്ട് കാർഷിക രംഗത്ത് ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് ഡോ. രാജാരാം ത്രിപാഠി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു പ്രൊബേഷണറി ഓഫീസറെന്ന സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് മണ്ണിനോടുള്ള അതിയായ സ്‌നേഹത്തിന്റെ വഴിയിലൂടെ അദ്ദേഹം നടത്തിയ യാത്ര ഏറെ പ്രചോദനാത്മകമാണ്. ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനവിളകൾ എന്നിവയിൽ തുടങ്ങി 1200 ഏക്കറിലധികം ഭൂമിയിൽ കൃഷി വികസിപ്പിച്ച അദ്ദേഹം, നൂറുകണക്കിന് ആദിവാസി കർഷകരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയും അവരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരികയും ചെയ്തു.
എട്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മെറിറ്റിൽ സ്ഥാനം നേടിയ ഡോ. ത്രിപാഠി വിദ്യാഭ്യാസ രംഗത്തും അസാധാരണ നേട്ടങ്ങൾ കൈവരിച്ചു. ആറു വിഷയങ്ങളിൽ എം.എ നേടി, എൽ.എൽ.ബി പഠനം പൂർത്തിയാക്കി, ബിലാസ്പൂർ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത അഭിഭാഷകനായും പ്രവർത്തിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉന്നത ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. എന്നാൽ ഒരു നിമിഷത്തിൽ തന്റെ ജോലി, പദവി, സുരക്ഷിത ഭാവി എന്നിവ ഉപേക്ഷിച്ച് കൃഷി ഉപജീവനമാർഗമാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 30 വർഷങ്ങളായി അദ്ദേഹം കൃഷിയിൽ മുഴുകിയിരിക്കുന്നത് ഒരു സന്യാസി തന്റെ തപസിൽ ലയിക്കുന്നതുപോലെയാണ്.
ഡോ. ത്രിപാഠിയുടെ ഫാം ഒരു സാധാരണ ഫാംഹൗസിനെ പോലെ തോന്നുന്നതല്ല; മറിച്ച് ഒരു തപസ്വിയുടെ ആശ്രമം പോലെ അനുഭവപ്പെടുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശങ്ങളിൽ നിന്നുമുള്ള കർഷകരും ഇവിടെ എത്തി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പ്രത്യേകത എന്തെന്നാൽ, ഇന്നുവരെ ഒരു കർഷകനെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല. ഇതുവരെ 25 ലക്ഷത്തിലധികം കർഷകർ ഏതെങ്കിലും രീതിയിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുമുണ്ട്.
അസാധാരണമായ നേട്ടങ്ങൾക്കായി ഡോ. ത്രിപാഠിക്ക് ‘ഹരിത യോദ്ധാവ്’, ‘കൃഷി ഋഷി’, ‘ഹർബൽ കിംഗ്’, ‘റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ’ എന്നീ ബഹുമതിപദവികൾ ലഭിച്ചിട്ടുണ്ട്. കൃഷിക്കായി ഹെലികോപ്റ്റർ വാങ്ങി നേരത്തെ ശ്രദ്ധ നേടിയ അദ്ദേഹം, ഇപ്പോൾ കാർഷിക ആവശ്യങ്ങൾക്കായി വിമാനം സ്വന്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ആദ്യ ‘വിമാനമുള്ള കർഷകൻ’ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാകും. ഏകദേശം 100 കോടി രൂപയുടെ വാർഷിക വരുമാനമുള്ള ഒരു ഗ്രൂപ്പിനെ നയിച്ചുകൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ലാളിത്യം, ആത്മീയ ചിന്തകൾ, മണ്ണിനോടുള്ള അടുപ്പം എന്നിവയാണ് അദ്ദേഹത്തെ യഥാർത്ഥ ‘കൃഷി ഋഷി’ യാക്കുന്നത്. കൃഷി ജാഗരണുമായി നടത്തിയ ഡോ. ത്രിപാഠിയുടെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
ചോദ്യം: നിലവിൽ നിങ്ങൾ പ്രധാനമായും ഏത് വിളകളാണ് കൃഷി ചെയ്യുന്നത്?
ഉത്തരം: ഞങ്ങൾ പ്രധാനമായും ബഹുസ്തര കൃഷിയാണ് നടത്തുന്നത്. ഉയരമുള്ള മരങ്ങൾ നട്ടുവളർത്തുകയും അതിൽ കുരുമുളക് പോലുള്ള വള്ളികൾ കയറ്റുകയും ചെയ്യുന്നു. മരങ്ങളുടെ അടിയിൽ മഞ്ഞൾ, ഇഞ്ചി, വെള്ള മുസ്ലി, മധുര തുളസി, അശ്വഗന്ധ, കിരിയാത്ത്, ബ്രഹ്മി, ഇൻസുലിൻ പ്ലാന്റ് തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനവിളകളും കൃഷി ചെയ്യുന്നു. ഒരേ സ്ഥലത്ത് ഒരേ സമയം നാല് മുതൽ അഞ്ചു വരെ വിളകൾ വളർത്തുന്നു. ‘കൃഷി പരാശര’ (Krishi Parashar) പോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും ഭൂമിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ വർഷത്തിൽ മൂന്ന് വ്യത്യസ്ത വിളകൾ എടുക്കുന്നതിനേക്കാൾ, ഒരേ സമയത്ത് വലിയ മരങ്ങൾ, കുറ്റിച്ചെടികൾ, തണലിൽ വളരുന്ന സസ്യങ്ങൾ എന്നിവയുടെ സംയോജിത കൃഷിയാണ് ഏറ്റവും കൂടുതൽ ലാഭകരമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ചോദ്യം: നിങ്ങൾ ഒരു സുരക്ഷിത ബാങ്ക് ജോലി ഉപേക്ഷിച്ചു; ഇന്നത്തെ യുവാക്കളുടെ ‘കൃഷിയോ ജോലിയോ’ എന്ന ആശയക്കുഴപ്പത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
ഉത്തരം: വിദ്യാഭ്യാസമുള്ള ഓരോ യുവാവും ഐ.എ.എസ് അല്ലെങ്കിൽ കളക്ടർ ആകണമെന്ന് സ്വപ്നം കാണുന്നു എന്നത് വാസ്തവമാണ്. എന്നാൽ, എന്റെ അഭിപ്രായത്തിൽ, ഒരാൾ കളക്ടറായാലും പ്യൂണായാലും ഭക്ഷണം ഇല്ലാതെ സമാധാനമായി ജീവിക്കാൻ കഴിയില്ല. ഭക്ഷണം കൃഷിയിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് ജോലിയേക്കാൾ പ്രധാനപ്പെട്ടത് കൃഷിയാണ്. സമൂഹത്തിലെ നിലനില്പിനായി ജോലി ആവശ്യമാകാം, പക്ഷേ മനുഷ്യരുടെ നിലനില്പിനായി അന്നവും അത് ഉത്പാദിപ്പിക്കുന്ന കർഷകനുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷി തിരഞ്ഞെടുത്തത്, സംവിധാനത്തിന്റെ ഭാഗമാകുന്നതിനേക്കാൾ അതിനെ പോഷിപ്പിക്കുന്നതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചതുകൊണ്ടാണ്.
ചോദ്യം: ഡോ. ത്രിപാഠി, നിങ്ങൾ MDBP-16 എന്ന വിപ്ലവകരമായ കുരുമുളക് ഇനം വികസിപ്പിച്ചിട്ടുണ്ട്. ഈ യാത്രയും അതിന് പിന്നിലെ 30 വർഷത്തെ പരിശ്രമവും വിശദമായി പറയാമോ?
ഉത്തരം: MDBP-16 ന്റെ വികസനം ഒരു കാർഷിക നേട്ടം മാത്രമല്ല, മൂന്ന് പതിറ്റാണ്ടുകളുടെ തപസ്യയുടെ ഫലമാണ്. ചരിത്രപരമായി കുരുമുളക് കൃഷി ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളിലേക്ക് മാത്രം പരിമിതമാണെന്ന് കരുതപ്പെട്ടിരുന്നു. ഞാൻ മധ്യ ഇന്ത്യയിലെ ബസ്തറിൽ കുരുമുളക് കൃഷി ചെയ്യാമെന്ന് പറഞ്ഞപ്പോൾ, വിദഗ്ധർ അത് പൂർണമായും തള്ളിക്കളഞ്ഞു. ഇവിടെ സസ്യങ്ങളുടെ വളർച്ച മാത്രമേ ഉണ്ടാകൂ, ഫലം ലഭിക്കില്ല; ലഭിച്ചാലും അതിന്റെ ഗുണമേന്മ മോശമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഗുണനിലവാര പരിശോധന നടത്തിയപ്പോൾ, നമ്മുടെ കുരുമുളകിൽ പൈപ്പെറിന്റെ (Piperine) അളവ് 16% ആണെന്ന് കണ്ടെത്തി, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ ഗവേഷണവും വിജയവും അടിസ്ഥാനമാക്കി 2016-ൽ ഇത് രജിസ്ട്രേഷനായി സമർപ്പിച്ചു. അതിനാലാണ് ഇതിന് MDBP-16 എന്ന പേര് നൽകിയിരിക്കുന്നത്. ഇന്ന് ഈ ഇനം 16 സംസ്ഥാനങ്ങളിൽ വിജയകരമായി കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഉത്പാദനശേഷിയാണ്. സാധാരണ കുരുമുളക് വള്ളികളിൽ നിന്ന് 1.5 മുതൽ 2.5 കിലോ വരെ മാത്രമേ വിളവ് ലഭിക്കാറുള്ളൂ, എന്നാൽ MDBP-16 ഇനത്തിൽ ഓരോ വള്ളിയിലും 8 മുതൽ 10 കിലോ വരെ കുരുമുളക് ലഭിക്കുന്നു. ശാസ്ത്രജ്ഞർ ഇതിനെ 'ബസ്തറിന്റെ ബ്ലാക്ക് ഗോൾഡ്' (Black Gold of Bastar) എന്നും വിശേഷിപ്പിച്ചു.
ചോദ്യം: പരമ്പരാഗത കൃഷിയിൽ പോളി ഹൗസിന് പകരം എന്തെല്ലാം മാർഗങ്ങൾ ലഭ്യമാണ്?
ഉത്തരം: കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ഉയരുന്ന ചൂട് വലിയ പ്രശ്നമാണ്. അത്യധികം പ്രകാശം കാരണം രാവിലെ 10:30 മുതൽ വൈകിട്ട് 3:30 വരെ സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം (Photosynthesis) നടത്താൻ കഴിയുന്നില്ല. ഇതുവഴി ഉത്പാദനം കുറയുന്നു. ഇത് കുറയ്ക്കാനായി പോളി ഹൗസുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു, എന്നാൽ പരിസ്ഥിതിക്ക് അത് ഹാനികരമാണ്. ഇതിന് പ്രകൃതി തന്ന മികച്ച പരിഹാരം മരങ്ങളിലൂടെ സ്വാഭാവിക തണൽ സൃഷ്ടിക്കുന്നതാണ്. ഇതിനായി ഞങ്ങൾ മരങ്ങൾ നട്ട് തണൽ നൽകുന്ന മാതൃക വികസിപ്പിച്ചു. ഇവയുടെ ഇലകൾ മികച്ച ജൈവവളമായും മാറുന്നു. ഓസ്ട്രേലിയൻ തേക്ക് പോലുള്ള മരങ്ങൾ നൈട്രജൻ ഫിക്സേഷൻ വഴി മണ്ണിന് പ്രകൃതിദത്ത യൂറിയ നൽകുന്നു. ഈ മാതൃകയിൽ 90% സ്ഥലം മറ്റു വിളകൾക്കായി സജ്ജമായിരിക്കും. അതോടൊപ്പം, മരങ്ങളിൽ കുരുമുളക്, ചിറ്റമൃത് പോലുള്ള വള്ളികൾ കയറ്റി 30-40 അടി ഉയരത്തിൽ വരെ ഉത്പാദനം നേടാനും സാധിക്കുന്നു. ധാന്യവിളകളിൽ 6-8 ഇഞ്ച് ഭാഗം മാത്രം ഉപയോഗപ്രദമാകുമ്പോൾ ബാക്കി ഭാഗം പാഴാകുന്നു. എന്നാൽ ഈ പ്രകൃതിദത്ത മാതൃകയിലൂടെ ഒരു ഏക്കറിനെ 50-60 ഏക്കറിന്റെ ഉത്പാദനശേഷിയിലേക്ക് ഉയർത്താൻ കഴിയും.
ചോദ്യം: ചെറിയ കർഷകർക്ക് പോളി ഹൗസ് കൃഷി എത്രത്തോളം പ്രായോഗികമാണ്?
ഉത്തരം: നിക്ഷേപത്തിനായി മതിയായ ധനം ഉള്ളവർക്ക് പോളി ഹൗസ് നല്ലതാണ്. പക്ഷേ സാധാരണ കർഷകർക്കിത് നഷ്ടകരമായ ഇടപാടായി മാറാം. സർക്കാർ കണക്കുകൾ പ്രകാരം ഒരേക്കർ പോളി ഹൗസ് സ്ഥാപിക്കാൻ ഏകദേശം 40 ലക്ഷം രൂപ ചെലവാകും. 50% സബ്സിഡി ലഭിച്ചാലും, കർഷകൻ വലിയ വായ്പ തിരിച്ചടയ്‌ക്കേണ്ടി വരും. പലിശയും ഗഡുക്കളും അടയ്ക്കാൻ വേണ്ടി മാത്രം വർഷം 6-7 ലക്ഷം രൂപ സമ്പാദിക്കേണ്ടി വരും. ഇത് നഴ്സറികളോ വിദേശ പച്ചക്കറികളുടെയും പൂക്കളുടെയും കയറ്റുമതിയോ ഉള്ളവർക്കു മാത്രമേ ഗുണകരമാകൂ. സാധാരണ പച്ചക്കറി കൃഷിക്കായി 40 ലക്ഷം രൂപ ചെലവഴിക്കുന്നത് ‘വെള്ളയാനയെ’ വളർത്തുന്നതുപോലെയായിരിക്കും (വലിയ ചെലവേറിയെങ്കിലും പ്രയോജനക്കുറവുള്ള കാര്യം).
ചോദ്യം: കൃഷിയിലൂടെ കോടികൾ സമ്പാദിക്കാമെന്നത് എത്രത്തോളം സത്യമാണ്?
ഉത്തരം: കൃഷിയിലൂടെ കോടികൾ സമ്പാദിക്കാനാകുമെന്നത് വ്യവസായത്തിലോ കായികരംഗത്തിലോ വിജയിക്കുന്നതുപോലെ തന്നെ യാഥാർത്ഥ്യമാണ്. ശരിയായ തന്ത്രവും പരിശ്രമവും ഉണ്ടെങ്കിൽ വിജയിക്കാം. എന്നാൽ എല്ലാവരും സച്ചിൻ ടെണ്ടുൽക്കറോ വിരാട് കോഹ്ലിയോ ആവില്ലെന്നതു പോലെ, എല്ലാ കർഷകരും കോടീശ്വരന്മാരാകില്ല. ഇന്ന് വിജയിച്ചവർ 25 വർഷം മുമ്പ് സാധാരണ കർഷകരായിരുന്നു. കഠിനാധ്വാനം, ശരിയായ സമയത്ത് എടുത്ത തീരുമാനങ്ങൾ, ക്ഷമ എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനം.
ചോദ്യം: എല്ലാ കർഷകരും നിർബന്ധമായി കൃഷി ചെയ്യേണ്ട ഒരു വിളയുണ്ടോ?
ഉത്തരം: ഒരൊറ്റ വിള എല്ലാവർക്കും അനുയോജ്യമല്ല. കൃഷിയിൽ വൈവിധ്യം അനിവാര്യമാണ്. ഓരോ കർഷകനും തന്റെ മണ്ണിന്റെ സ്വഭാവം, ജലസേചന സൗകര്യം, നിക്ഷേപ ശേഷി, വരുമാനം ലഭിക്കേണ്ട സമയപരിധി എന്നിവ കണക്കിലെടുത്ത് വിള തിരഞ്ഞെടുക്കണം. വലിയ കർഷകർക്ക് 2 വർഷം കാത്തിരിക്കാം, പക്ഷേ ചെറിയ കർഷകർക്ക് സ്ഥിരമായ വരുമാനം ആവശ്യമാണ്. അതിനാൽ ആവശ്യകത, കാലാവസ്ഥ, സാമ്പത്തിക ശേഷി എന്നിവ പരിഗണിച്ചായിരിക്കണം വിള തിരഞ്ഞെടുക്കേണ്ടത്.
ചോദ്യം: നിങ്ങളുടെ അഭിപ്രായത്തിൽ കൃഷിയിലെ ഏറ്റവും വലിയ പിഴവ് എന്താണ്?
ഉത്തരം: മറ്റുള്ളവരെ അനുകരിച്ച് കൃഷി ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവ്. മറ്റൊരാളുടെ വരുമാനം കണ്ട് അതേ വിള കൃഷി ചെയ്യാൻ തുടങ്ങുന്നത് പലപ്പോഴും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ചോദ്യം: കൃഷിയിൽ ക്ഷമയുടെ പ്രാധാന്യം എത്രയാണ്?
ഉത്തരം: കൃഷി തന്നെ ക്ഷമയിൽ നിന്നാണ് ആരംഭിക്കുന്നത്. വിത്ത് വിതച്ചാൽ അത് മുളച്ച് വളരുന്നത് വരെ കാത്തിരിക്കണം. കബീർദാസ് പറഞ്ഞതുപോലെ - 'തോട്ടക്കാരൻ നൂറ് കുടം വെള്ളം ഒഴിച്ചാലും, ശരിയായ കാലാവസ്ഥ വന്നാലേ ഫലം ലഭിക്കൂ'. വരൾച്ചയോ പ്രളയമോ വന്നാലും, അടുത്ത വർഷം വീണ്ടും വിത്ത് വിതയ്ക്കുന്ന ഒരേയൊരു വ്യക്തി കർഷകനാണ്. അതിനാൽ കൃഷിയും ക്ഷമയും പരസ്പരപൂരകങ്ങളാണ്.
ചോദ്യം: ഒരു കർഷകൻ ആദ്യം എന്താണ് പഠിക്കേണ്ടത് - ഉത്പാദനമോ വിപണനമോ?
ഉത്തരം: ആദ്യം വിപണനം പഠിക്കണം. വിപണിയിലെ ആവശ്യവും വിതരണവും മനസ്സിലാക്കണം. ആവശ്യകതയില്ലാത്ത വിള കൃഷി ചെയ്താൽ അത് വിറ്റഴിക്കാനായി അലഞ്ഞുതിരിയേണ്ടിവരും. വിപണി എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി അതനുസരിച്ച് ഗുണമേന്മയുള്ള ഉത്പാദനം നടത്തണം.
ചോദ്യം: ഏറ്റവും ലാഭകരമായ വിള ഏതാണ്?
ഉത്തരം: ഒരൊറ്റ വിളയെയും ഒറ്റവാക്കിൽ ലാഭകരമെന്ന് പറയാനാകില്ല. ചില വിളകൾ ദീർഘകാല ലാഭം നൽകും, ചിലത് മൂന്ന് മാസത്തിനുള്ളിൽ വരുമാനം നൽകും. എല്ലാ മുട്ടകളും ഒരേ കൊട്ടയിൽ വയ്ക്കരുത്. സ്ഥിരവരുമാനം നൽകുന്ന വിളകൾ, ഹ്രസ്വകാല വിളകൾ, ദീർഘകാല വിളകൾ - ഈ മൂന്ന് തരങ്ങളും ചേർന്നുള്ള കൃഷിയാണ് ഏറ്റവും സുരക്ഷിതം. ഉദാഹരണത്തിന്, ഞങ്ങൾ 10-12 വർഷത്തിന് ശേഷം തടി ലഭിക്കുന്ന മരങ്ങളും, 2-3 വർഷത്തിൽ വിളവ് തരുന്ന കുരുമുളകും കൃഷി ചെയ്യുന്നു. ഈ മരങ്ങൾക്കിടയിൽ ഓരോ വർഷവും വെള്ള മുസ്ലി, മധുര തുളസി, മഞ്ഞൾ പോലെയുള്ള വിളകൾ കൃഷി ചെയ്യുന്നു. ഇവ ഓരോ 3-4 മാസത്തിനിടയിൽ വരുമാനം നൽകുന്നവയുമാണ്.
ചോദ്യം: കാർഷികനയത്തിൽ ഉടനടി മാറ്റം വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: കാർഷികനയങ്ങൾ രൂപീകരിക്കുമ്പോൾ യഥാർത്ഥ കർഷകരുടെ പങ്കാളിത്തം നിർബന്ധമാക്കണം. ഭരണാധികാരികൾ മാത്രമല്ല, യഥാർത്ഥത്തിൽ മണ്ണിൽ ഇറങ്ങി കൃഷി ചെയ്യുന്ന കർഷകരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണം. എന്നാൽ പദ്ധതികൾ തയ്യാറാക്കുന്ന ആളുകൾക്ക് കൃഷിയുടെ യാഥാർത്ഥ്യ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാൽ, ഭൂരിഭാഗം പദ്ധതികളും പരാജയപ്പെടുന്നു.
ചോദ്യം: കൃഷിയിൽ സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം പ്രധാനമാണ്?
ഉത്തരം: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ, കൃഷി മുഴുവൻ സ്ത്രീകളുടെ ചുമലിലാണ്. ബസ്തറിൽ 70% വരെ കാർഷിക ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. എന്നാൽ അവർക്കു അർഹിച്ച അംഗീകാരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
ചോദ്യം: ഭാവിയിലെ വിളകളെയും വിപണിയിലെ ആവശ്യകതകളെയും നിങ്ങൾ എങ്ങനെ കാണുന്നു?
ഉത്തരം: ഭാവി ചെറുധാന്യങ്ങളുടേയും ജൈവകൃഷിയുടേയും സൂപ്പർഫുഡുകളുടേയും കാലമാണ്. മധുര തുളസി, ക്വിനോവ, ചിയ സീഡ്സ് പോലുള്ള വിളകൾക്ക് ആരോഗ്യബോധം വർധിക്കുന്നതോടെ വലിയ ആവശ്യകത ഉണ്ടാകും.
ചോദ്യം: ഡ്രോൺ ഉപയോഗിച്ചുള്ള കൃഷി എത്രത്തോളം വിപ്ലവകരമാകാൻ കഴിയും?
ഉത്തരം: ഡ്രോണുകളുടെ ഉപയോഗം ഇപ്പോൾ പ്രാരംഭഘട്ടത്തിലാണ്. മരുന്ന് തളിക്കൽ, വിത്ത് വിതയ്‌ക്കൽ, രോഗനിർണയം തുടങ്ങിയവയിൽ ഇത് ഭാവിയിൽ വളരെ പ്രയോജനകരമാകും. പക്ഷേ നിലവിൽ ഇത് ഏറെ ചെലവേറിയ സാങ്കേതികവിദ്യയാണ്. ഗ്രാമീണർ ഇത് പഠിച്ചാൽ ഭാവിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും.
ചോദ്യം: ആദിവാസി മേഖലകളിൽ കൃഷി നടത്തുന്നത് എത്രത്തോളം വെല്ലുവിളിയാണ്?
ഉത്തരം: ചില സർക്കാർ നയങ്ങളും നിയമങ്ങളും വലിയ തടസ്സങ്ങളാണ്. കർഷകരെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നവരെ പലപ്പോഴും തെറ്റായി ചിത്രീകരിക്കുന്നു. എന്നാൽ ആദിവാസി സമൂഹം വിദ്യാഭ്യാസം നേടി അവരുടേതായ ഗുണദോഷങ്ങൾ മനസ്സിലാക്കുമ്പോൾ ഈ അവസ്ഥ മാറുമെന്ന് വിശ്വസിക്കുന്നു.
ചോദ്യം: ഹൈഡ്രോപോണിക്സ് ഭാവിയിലെ സാങ്കേതികവിദ്യയാണോ, അല്ലെങ്കിൽ വെറും ഒരു പ്രചാരണം മാത്രമാണോ?
ഉത്തരം: ഹൈഡ്രോപോണിക്സ് തീർച്ചയായും ഭാവിയിലെ ഒരു സാങ്കേതികവിദ്യയാണ്. പ്രത്യേകിച്ച് ബഹിരാകാശ ഗവേഷണത്തിന്റെ കാഴ്ചപ്പാടിൽ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഇതിന് പ്രായോഗികമായ ഭാവി ഇല്ല. ഇവിടെ ഒരേക്കർ ഹൈഡ്രോപോണിക്സ് സംവിധാനം സ്ഥാപിക്കാൻ കോടികൾ ചെലവാകും, അതേസമയം നമ്മുടെ 84% കർഷകരും 4 ഏക്കറിൽ താഴെ ഭൂമിയുള്ളവരാണ്, അവരുടെ വാർഷിക വരുമാനവും വളരെ കുറവാണ്.
ഹൈഡ്രോപോണിക്സ് വഴി വളർത്തുന്ന പച്ചക്കറികളുടെ (ചീര, തക്കാളി മുതലായവ) ഉത്പാദനച്ചെലവ് തുറന്ന വയലിലെ കൃഷിയേക്കാൾ പലമടങ്ങ് കൂടുതലാണ്. ഈ സാങ്കേതികവിദ്യ ഇപ്പോൾ സമ്പന്ന വിഭാഗങ്ങൾക്ക് ‘സൂപ്പർ ഫുഡ്’ അല്ലെങ്കിൽ ‘മൈക്രോ ഗ്രീൻസ്’ എന്ന പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിലേക്കാണ് കൂടുതലായി പരിമിതപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ഒന്നര ബില്യൺ ജനങ്ങളുടെ വിശപ്പ് തീർക്കാൻ നമുക്ക് പ്രകൃതിയോടൊപ്പമാണ് മുന്നോട്ട് പോകേണ്ടത്. കുറവ് വെള്ളത്തിലും കൂടുതൽ ചൂടിലും പ്രതികൂല സാഹചര്യങ്ങളിലും വളരാൻ കഴിയുന്ന വിള ഇനങ്ങളെക്കുറിച്ച് ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
ചോദ്യം: താങ്കൾക്ക് സ്വയം ഒരു ;വിജയകരമായ കർഷക'നായി അറിയപ്പെടാനാണോ ഇഷ്ടപ്പെടുന്നത്, അല്ലെങ്കിൽ ഒരു 'കാർഷിക ശാസ്ത്രജ്ഞ'നായോ?
ഉത്തരം: എന്റെ യഥാർത്ഥ തിരിച്ചറിയൽ ഒരു കർഷകന്റേതാണ്. എന്റെ ജീവിതത്തിൽ സ്കൂളിൽ പോകുന്നതിന് മുൻപ് തന്നെ വയലിലേക്ക് പോകാൻ തുടങ്ങിയിരിക്കും. ഞങ്ങൾ രാവിലെ വയലിൽ പോയതിന് ശേഷം 10 മണിക്ക് സ്കൂളിൽ പോകുമായിരുന്നു. അതുകൊണ്ടുതന്നെ കൃഷിയാണ് എനിക്ക് ഒന്നാമത്തേത്, പഠനം പിന്നീട്. പഠനവും വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ ‘കർഷകൻ’ എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു.
ചോദ്യം: രാജ്യത്തുടനീളം നിങ്ങളെ ‘ഹെലികോപ്റ്റർ കർഷകൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭാവിയിലും ഇതുപോലുള്ള ആധുനിക യന്ത്രങ്ങളും പുതിയ സാങ്കേതികവിദ്യകളും സ്വീകരിക്കുന്നത് തുടരുമോ?
ഉത്തരം: നോക്കൂ, എനിക്ക് ഹെലികോപ്റ്റർ ഒരു ആഡംബര വസ്തു അല്ല; കൃഷിയ്ക്കായുള്ള അത്യാവശ്യമായ ഒരു സംവിധാനമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഡ്രോണുകളുടെ പരിമിതികൾ അവസാനിക്കുന്നിടത്താണ് ഹെലികോപ്റ്ററിന്റെ യഥാർത്ഥ പ്രയോജനം ആരംഭിക്കുന്നത്. വിളകളിൽ രോഗനിയന്ത്രണത്തിനായി മരുന്ന് തളിക്കുമ്പോൾ കൃത്യത (Precision) വളരെ പ്രധാനമാണ്. വയലിന്റെ ചെറിയൊരു ഭാഗം പോലും തളിക്കാതെ പോകുകയാണെങ്കിൽ, ബാക്ടീരിയയോ കീടങ്ങളോ വീണ്ടും അവിടെ നിന്ന് മുഴുവൻ വയലിലേക്കും പടരാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെയാണ് പാശ്ചാത്യരാജ്യങ്ങളിൽ വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിച്ച് മരുന്ന് തളിക്കൽ ഒരു സാധാരണ കാർഷികരീതിയായിരിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ഞങ്ങളും ഹെലികോപ്റ്റർ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയിൽ കാർഷിക ആവശ്യങ്ങൾക്ക് ഇവയുടെ വ്യാപാര ഉപയോഗവുമായി ബന്ധപ്പെട്ട ലൈസൻസുകളും അനുമതികളും സംബന്ധിച്ച നയങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല. ഈ വിഷയത്തിൽ ഞാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഉടൻ തന്നെ വ്യക്തമായ നയം വരുമെന്ന പ്രതീക്ഷയുണ്ട്. അതിലൂടെ ചെറുകിടകർഷകർക്കും വലിയ ഗുണം ലഭിക്കും. അതിനൊപ്പം, കാർഷിക സാങ്കേതികശേഷി കൂടുതൽ വികസിപ്പിക്കുന്നതിനു വേണ്ടി കൃഷിയ്ക്കായി പ്രത്യേക വിമാനം വാങ്ങാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ചോദ്യം: അടുത്തിടെ ഇന്ത്യ നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തെത്തി. നിങ്ങളുടെ അഭിപ്രായത്തിൽ കർഷകർ ഇത്ര വലിയ തോതിൽ നെൽകൃഷി തുടരണമോ?
ഉത്തരം: ഇന്ത്യയിലെ പല ഭാഗങ്ങളിലും അരിയാണ് പ്രധാന ഭക്ഷണം. അതിനാൽ നെൽകൃഷി നിർബന്ധമായും തുടരേണ്ടതുണ്ട്. എന്നാൽ അന്താരാഷ്ട്രതലത്തിൽ 'നെൽകൃഷിയും ദാരിദ്ര്യവും കൈകോർക്കുന്നവയാണ്' എന്നൊരു പ്രയോഗമുണ്ട്. ഛത്തീസ്ഗഢിനെ ‘അരിയുടെ കലവറ’ എന്ന് വിളിക്കുമ്പോഴും അവിടുത്തെ ചെറുകർഷകർക്ക് ഇന്നും ജീവിതം നയിക്കാൻ ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായത്തിൽ നെൽകൃഷിയിൽ വലിയ ലാഭസാധ്യതയില്ല.
പ്രധാന പ്രശ്നം വെള്ളമാണ്. ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ ഏകദേശം 1200 ലിറ്റർ വെള്ളം ആവശ്യമാണ്. വെള്ളത്തിന്റെ വില ലിറ്ററിന് 20 രൂപയായി കണക്കാക്കിയാൽ, ഒരു കിലോ നെല്ലിന്റെ യഥാർത്ഥ വില 24,000 രൂപയാകും. വെള്ളം മുഴുവൻ മനുഷ്യരാശിയുടെയും പൊതുസമ്പത്താണ്. അതിനാൽ മഴവെള്ള സംഭരണം (Water Harvesting) നിർബന്ധമാക്കുകയും കുറച്ച് വെള്ളത്തിലും കുറഞ്ഞ സമയത്തിലും വിളവെടുക്കാനാകുന്ന നെല്ലിനങ്ങൾ വികസിപ്പിക്കണമെന്നതും ആവശ്യമാണ്.
ചോദ്യം: ആധുനിക കൃഷി ദരിദ്ര കർഷകരുടെ കൈവശത്തിന് പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണോ?
ഉത്തരം: അതെ, അത് ഒരു കഠിനസത്യമാണ്. കൃഷിച്ചെലവ് അതിവേഗം ഉയരുകയാണ്. ഉദാഹരണത്തിന്, തക്കാളി വിത്തിന് കിലോയ്ക്ക് ₹70,000 വരെ വിലയുണ്ട്. മക്കച്ചോള വിത്തിന് ₹60-70 രൂപ വിലയുണ്ടെങ്കിലും വിളവിന് കിലോയ്ക്ക് ₹20 മാത്രമാണ് ലഭിക്കുന്നത്. സർക്കാർ സബ്സിഡികൾ ഉണ്ടായിട്ടും വളവും വിത്തും വിലകൂടുകയാണ്. ഇതോടെ സാധാരണ കർഷകർക്ക് കൃഷി നഷ്ടകരമാകുന്നു.
ഒരു യുവാവ് 5 ഏക്കറിൽ ആധുനിക കൃഷി ആരംഭിക്കണമെങ്കിൽ കുറഞ്ഞത് ₹60 ലക്ഷം നിക്ഷേപം വേണം. അതിൽ ₹50 ലക്ഷം ഭൂമി വാങ്ങുന്നതിനും ₹10 ലക്ഷം ബൗണ്ടറി, ജലസേചനം, വൈദ്യുതി കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് വേണ്ടത്. അതിനാൽ കൃഷി വളരെ ചെലവേറിയതും പ്രയാസകരവുമാകുകയാണ്. ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ ഉപകാരപ്രദമാണെങ്കിലും ₹10-12 ലക്ഷം വിലയുള്ള ഡ്രോൺ ഒരു ദരിദ്ര കർഷകനാൽ ഒറ്റയ്ക്ക് വാങ്ങാൻ സാധിക്കില്ല. 4-5 കർഷകർ ചേർന്നുള്ള കൂട്ടായ്മകളിലൂടെയാണ് അത് സാധ്യമാകുക.
ചോദ്യം: സാങ്കേതികവിദ്യ കൃഷിയെ കൂടുതൽ ചെലവേറിയതാക്കുന്നുണ്ടോ?
ഉത്തരം: പുതിയ സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും വലിയ ചെലവുണ്ട്. അതിനാൽ തുടക്കത്തിൽ അത് വിലകൂടിയതായിരിക്കും. എന്നാൽ വ്യാപകമായി ഉത്പാദിപ്പിക്കുകയും ഉപയോഗം വർധിക്കുകയും ചെയ്താൽ വില കുറയും - മൊബൈലുകളും ടെലിവിഷനുകളും പോലെ.
കാർഷിക സാങ്കേതികവിദ്യകൾ വിലകുറയ്ക്കാൻ സർക്കാർ കമ്പനികളുടെ ഗവേഷണത്തിനും നവീകരണങ്ങൾക്കും സബ്സിഡി നൽകണം. സാങ്കേതിക പുരോഗതിയുടെ ഗുണം ഒടുവിൽ സമൂഹത്തിനാകെ ലഭിക്കുന്നതിനാൽ സർക്കാർ എല്ലാ തലത്തിലും പിന്തുണ നൽകേണ്ടതാണ്.
ചോദ്യം: രാസകൃഷി പൂർണമായും അവസാനിപ്പിക്കാൻ കഴിയുമോ?
ഉത്തരം: ഇപ്പോൾ സന്തുലിത തലത്തിലുള്ള രാസകൃഷി തുടരുമെങ്കിലും, ഒടുവിൽ രാസവസ്തുക്കൾ ഭൂമിയ്ക്ക് ആവശ്യമില്ലെന്ന് നമ്മൾ മനസ്സിലാക്കണം. മനുഷ്യന്റെ വയർ പ്രകൃതി സൃഷ്ടിച്ച ഒന്നാണ്; പഴം, പാൽ, തൈര് എന്നിവ ദഹിപ്പിക്കാമെങ്കിലും രാസവസ്തുക്കൾക്കുള്ള ഇടമില്ല. അതുപോലെ ഭൂമിയിലെ ഉപകാരപ്രദമായ ബാക്ടീരിയകളും കീടങ്ങളും രാസവസ്തുക്കൾ മൂലം നശിക്കുന്നു.
ഭൂമി രാസവസ്തുക്കൾക്കായി സൃഷ്ടിക്കപ്പെട്ടതല്ല. അതിനാൽ ഭാവിയിൽ നമുക്ക് പൂർണമായും രാസകൃഷിയിൽ നിന്ന് മാറേണ്ടിവരും. എന്നാൽ ഈ മാറ്റം ഒരു രാത്രികൊണ്ട് സംഭവിക്കില്ല; സമയവും ആസൂത്രണവും ആവശ്യമാണ്.
ചോദ്യം: ഒരു കർഷകന് ഒരു ബ്രാൻഡായി മാറാൻ കഴിയുമോ?
ഉത്തരം: കർഷകൻ ഇതിനകം തന്നെ ഒരു ബ്രാൻഡായി മാറിയിട്ടുണ്ട്. പക്ഷേ അത് കൂടുതലും വിപണനത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പുകളിലോ മൾട്ടിനാഷണൽ കമ്പനികളുടെ പരസ്യങ്ങളിലോ എല്ലായിടത്തും കർഷകന്റെ ചിത്രം കാണാം. എന്നാൽ യഥാർത്ഥത്തിൽ കർഷകന് ലഭിക്കേണ്ട ബ്രാൻഡ് മൂല്യവും ബഹുമാനവും ലഭിക്കുന്നില്ല.
ചോദ്യം: ഭാവിയിൽ ഏത് സംസ്ഥാനത്തിന് ഒരു ‘കാർഷിക മാതൃക’യായി മാറാൻ കഴിയും?
ഉത്തരം: എല്ലാ സംസ്ഥാനങ്ങളും നല്ല ശ്രമങ്ങളാണ് നടത്തുന്നത്. പക്ഷേ ഛത്തീസ്ഗഢിന് വലിയ സാധ്യതകളുണ്ട്, കാരണം ഇന്ത്യയുടെ മധ്യഭാഗത്തുള്ളതിനാൽ അവിടുത്തെ കാലാവസ്ഥ 90% വിളകൾക്കും അനുയോജ്യമാണ്. മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കും മികച്ച സാധ്യതകളുണ്ട്. സാമ്പത്തിക പരിമിതികൾ കാരണം സ്വാഭാവികമായി ജൈവകൃഷി നിലനിന്ന പ്രദേശങ്ങൾ ഭാവിയിൽ മുന്നിലെത്താൻ കൂടുതൽ സാധ്യതയുള്ളവയാണ്.
ചോദ്യം: ഇന്ത്യയിലെ കാർഷിക മേഖല ഏറ്റവും പിന്നിൽ നിൽക്കുന്നത് ഏത് രംഗത്തിലാണ്?
ഉത്തരം: ഉത്പാദനത്തിൽ ഇന്ത്യ പിന്നിലല്ല. ഇന്ത്യൻ കർഷകർ അവരുടെ കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്റെ ഗോഡൗണുകൾ നിറച്ചിട്ടുണ്ട്. എന്നാൽ അഗ്രോ-പ്രോസസ്സിംഗിൽ (Agro-processing) നാം വളരെ പിന്നിലാണ്. മതിയായ വെയർഹൗസുകളും ആധുനിക ഗോഡൗണുകളും ഇല്ലാത്തതിനാൽ വലിയ തോതിൽ വിളകൾ നശിക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം, ശരിയായ സംഭരണ സൗകര്യങ്ങളില്ലാത്തതിനാൽ പ്രതിവർഷം ഏകദേശം 2 ലക്ഷം കോടി രൂപയുടെ പച്ചക്കറികളും പഴങ്ങളും നശിക്കുന്നു.
ഓരോ താലൂക്ക് തലത്തിലും ചെറിയ പ്രോസസ്സിംഗ് യൂണിറ്റുകളും കോൾഡ് സ്റ്റോറേജുകളും സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
ചോദ്യം: കർഷകർക്ക് കൂടുതൽ പ്രധാനപ്പെട്ടത് MSP ആണോ കയറ്റുമതി സ്വാതന്ത്ര്യമോ?
ഉത്തരം: രണ്ടും ആവശ്യമാണ്. ഭക്ഷണവും വെള്ളവും പോലെ രണ്ടും ജീവിതത്തിനാവശ്യമാണ്. കൂടാതെ കർഷകർ മറ്റുള്ളവരെ അനുകരിക്കാതെ പുതിയ സാങ്കേതികവിദ്യകളും വിജയകരമായ കർഷകരുടെ നവീകരണങ്ങളും പഠിക്കണം.
ചോദ്യം: ഏറ്റവും വലിയ നിക്ഷേപം ഏതാണ് - ഭൂമി, അറിവ്, അതോ ആശയ വിനിമയശൃംഖല?
ഉത്തരം: ഭൂമിയാണ് ആദ്യ ആവശ്യം. ഭൂമിയില്ലെങ്കിൽ കൃഷി എവിടെ ചെയ്യും? പക്ഷേ അറിവും അത്ര തന്നെ പ്രധാനമാണ്. എന്റെ മുൻഗണന ക്രമം ഇങ്ങനെയാണ്: ഭൂമി, അറിവ്, മൂലധനം, കഠിനാധ്വാനം, ധൈര്യം, ഒടുവിൽ സർക്കാർ പ്രോത്സാഹനം.
ചോദ്യം: കൃഷിയെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ എന്താണ്?
ഉത്തരം: കൃഷി യാഥാർത്ഥ്യമാണ്, മിഥ്യകളല്ല. ഒരു വിത്ത് വിതച്ചാൽ 50 വിത്തുകൾ ലഭിക്കാമെന്നത് സത്യമാണെങ്കിലും, മണ്ണിൽ വിതച്ച എല്ലാ വിത്തുകളും മുളയ്ക്കണമെന്നില്ല. കർഷകരുടെ വരുമാനം വേഗത്തിൽ ഉയരുകയാണെന്ന വാദം ഇന്നത്തെ സാഹചര്യത്തിൽ ഞാൻ ഒരു മിഥ്യയായി കാണുന്നു.
ചോദ്യം: കൃഷിയിൽ വിപണനത്തിന്റെ പ്രാധാന്യം എത്രയാണ്?
ഉത്തരം: ഉത്പാദനത്തിന് മുമ്പ് തന്നെ കർഷകൻ വിപണനത്തെക്കുറിച്ച് പഠിക്കണം. വിപണിയാണ് രാജാവ്. ആവശ്യവും വിതരണവും മനസ്സിലാക്കാതെ കൃഷി ചെയ്യുന്നത് അപകടകരമാണ്. ഇന്ത്യൻ കർഷകൻ പലപ്പോഴും വയലിൽ അല്ല, വിപണിയിലാണ് തോൽക്കുന്നത്.
ചോദ്യം: കർഷകർ രാഷ്ട്രീയത്തിലേക്ക് വരണോ?
ഉത്തരം: ഇന്നത്തെ രാഷ്ട്രീയം വലിയ തോതിൽ അഴിമതിയാൽ മലിനമായിക്കഴിഞ്ഞു. എന്നാൽ പ്രശ്നമുള്ളിടത്ത് പരിഹാരവും ഉണ്ടാകും. രാജ്യത്തെ 65-70% ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ടവരാണ്. അവർ ഒന്നിച്ചാൽ രാഷ്ട്രീയത്തിലെ പല തെറ്റുകളും മാറും. കർഷകർ രാഷ്ട്രീയത്തെ മനസ്സിലാക്കി ഐക്യപ്പെടേണ്ട സമയമാണിത്.
ചോദ്യം: ഡോ. രാജാരാം ത്രിപാഠി ഭാവിയിൽ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമോ?
ഉത്തരം: ഭാവിയെക്കുറിച്ച് പ്രവചിക്കുക ബുദ്ധിമുട്ടാണ്. രാഷ്ട്രീയത്തെ ഞാൻ അടുത്തുനിന്നും ദൂരെയിരുന്നും കണ്ട അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, എന്നെ പോലുള്ള ആളുകൾക്ക് അവിടെ വലിയ സ്ഥാനം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിൽ വിജയിക്കാൻ പലപ്പോഴും പുകഴ്ത്തിപ്പറച്ചിലും ഇടനിലക്കാരിത്തവും പോലുള്ള ദുഷ്പ്രവൃത്തികളുടെ സഹായം തേടേണ്ടിവരുന്നു. രാഷ്ട്രീയത്തിൽ നല്ല ആളുകൾ ഇല്ലെന്നല്ല, പക്ഷേ അവർ പലപ്പോഴും അവഗണിക്കപ്പെടുകയും പിന്നാക്കത്തിലാക്കപ്പെടുകയും ചെയ്യുന്നു.
ചോദ്യം: നിങ്ങളെ വിജയത്തിലേക്ക് എത്തിച്ച പ്രധാന ശീലം ഏതാണ്?
ഉത്തരം: ഒരിക്കലും കൈവിടാതിരിക്കുക എന്ന ഉറച്ച മനസ്സ്. വെല്ലുവിളികളും പരാജയങ്ങളും വന്നാലും ഉറച്ച് നിൽക്കണം. ഒരിക്കൽ എന്റെ ഭൂമി ലേലത്തിലേക്ക് പോകുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഞാൻ കൃഷി ഉപേക്ഷിച്ചില്ല. പിന്നീട് എന്നെ ‘ഡിഫോൾട്ടർ’ എന്ന് വിളിച്ച അതേ ബാങ്ക് തന്നെ എനിക്ക് പ്രശംസാപത്രം നൽകി അവരുടെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു.
ചോദ്യം: നിങ്ങളുടെ കാഴ്ചപ്പാടിൽ യഥാർത്ഥ വിജയം എന്താണ്?
ഉത്തരം: സമൂഹത്തെയും പരിസ്ഥിതിയെയും കൂടെ കൂട്ടിക്കൊണ്ടുള്ള പുരോഗതിയാണ് യഥാർത്ഥ വിജയം. നിങ്ങൾ ചെയ്യുന്ന പ്രവർത്തി ‘ബഹുജന ഹിതായ’ (സർവജന ഹിതത്തിനായി) എല്ലാവരുടെയും നന്മയ്ക്കായിരിക്കണം. നിങ്ങൾ മാത്രം വിജയിച്ചാൽ, അതിൽ സമൂഹത്തിനോ പ്രകൃതിക്കോ ഗുണമില്ലെങ്കിൽ അത് യഥാർത്ഥ വിജയം അല്ല.
English Summary: Rs 100 crore income through agriculture: Dr. Rajaram Tripathi to bring agricultural revolution through aircraft after helicopter
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments