ഇലക്കറികളില്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കാബേജ്.സാധാരണയായി നമുക്കു ലഭ്യമായതും നാം ഉപയോഗിക്കാറുള്ളതും ഇളം പച്ചനിറത്തിലുള്ള കാബേജാണ്. എന്നാല്‍ പര്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലുള്ള കാബേജും വിപണിയില്‍ ലഭ്യമാണ്. സൂപ്പർമാർക്കറ്റുകളിലും പ്രധാന നഗരങ്ങളിലെ ചന്തകളിലും ഇപ്പോൾ ഇത് ലഭ്യമാണ്. റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇളം പച്ചനിറത്തിലുള്ള കാബേജുകളില്‍ കാണപ്പെടാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേകഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണിത്. വൈറ്റമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
വെള്ളത്തിന്റെ അംശം കൂടുതലായതിനാൽ എളുപ്പം പാചകം ചെയ്യാനാകും. ഇളം പച്ച ക്യാബേജിനെ അപേക്ഷിച്ചു വളരെ രുചികരമാണിത്. പാചകം ചെയ്ത വയലറ്റ് ക്യാബേജ് നു വയലറ്റ് നിറം കുറയുകയും ഇളം മഞ്ഞ നിറമാകുകയും ചെയ്യും. സാധാരണ ക്യാബേജിനെ അപേക്ഷിച്ചു ഇതിനു വിലകൂടുതലാണ്. വിത്തുകൾ ലഭിച്ചാൽ പോളി ഹൗസുകളിലും മഴമറകൾക്കുള്ളിലും ശീതകാലത്തു നമ്മുടെ നാട്ടിൽ ഇവ കൃഷിചെയ്‌തെടുക്കാം . വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും. ഫ്രീ റാഡിക്കലിനോടു ചെറുത്തു നില്‍ക്കുന്ന ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്.
ഇതില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.വൈറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ടതുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ നിറത്തിലെ ക്യാബേജ്. ഇതിലെ വൈറ്റമിന്‍ സി, ഇ, എ എന്നിവ ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാന്‍ സഹായിക്കും.
Share your comments