<
Features

ആദർശ അജയ് നാടറിയാതെ പോയ ചിത്രകാരി !

ചിത്രകാരി ആദർശ
ചിത്രകാരി ആദർശ

അഴിയൂർ പഞ്ചായത്തിലെ കോറോത്ത് റോഡിൽ കറപ്പയിൽ അജയകുമാറിൻെറ വീട്ടുമുറ്റത്ത് ലോകപ്രശസ്‌ത ഫുട് ബോൾ ഇതിഹാസതാരം ലയണൽ മെസ്സി തൻറെ നെഞ്ചോടുചേർത്ത് പിടിച്ച ഫൂട്‍ബോളുമായി തലയെടുപ്പോടെ നിവർന്നുനിൽക്കുന്നു.

മെസ്സിയുടെ കടുത്ത ആരാധികയും ഫുട്‍ബോൾ കളിയുമായി കലശലായ പ്രണയം മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്ന യുവ ചിത്രകാരി ആദർശ അജയ് തൊട്ടരികിൽ .
കയ്യിൽ ചായക്കൂട്ടും ബ്രഷുമായി ചിത്രകാരി ആദർശ മെസ്സിയുടെ സാമാന്യം വലിയ ചിത്രത്തിൻറെ അവസാന മിനുക്ക്‌ പണിയിൽ .

അക്രിലിക് ചായക്കൂട്ടുകളിൽ രൂപകൽപ്പന നിർവ്വഹിച്ച മെസ്സിയുടെ ചിത്രത്തിൻറെ പൂർണ്ണതക്കായി മുഖ്യ സഹകാരികളെപ്പോലെ ചിത്രം വരയിൽ മിടുക്കികൂടിയായ കുഞ്ഞുമകൾ അർണ്ണികയും ഒപ്പം മൂത്തമകൻ ആർജ്ജവും അമ്മക്കൊപ്പം.
ജീവിതത്തിൽ പലനേരങ്ങളിലായി ഇതിനകം ഒരുപാട് ചിത്രങ്ങൾ വരച്ചു തീർത്തെങ്കിലും മെസ്സിയുടെ ചിത്രം വരയ്ക്കുമ്പോൾ വേർതിരിച്ച് പറയാനാവാത്ത പ്രത്യേക നിർവൃതിയും സന്തോഷവുമാണ് മനസ്സിലുണ്ടായതെന്ന് ആദർശ തുറന്നുപറഞ്ഞു .

ലഭിക്കാവുന്ന നേരങ്ങളിലെല്ലാം മെസ്സിയുടെ പന്തുകളി ടി വിയിൽ കാണുന്നത് കൊണ്ടുതന്നെ കളിക്കളത്തി ലെ മാന്ത്രികന്റെ ശരവേഗതത്തിലുള്ള ഓട്ടവും ചടുലതാളങ്ങളും ദ്രുതചലനങ്ങളും ഭാവവ്യതിയാനങ്ങളും ശരീരഭാഷയും എല്ലാം ആദർശ എന്ന ചിത്രകാരിക്ക് കാണാപ്പാഠം .

ആദർശ വരച്ചുതീർത്ത മെസ്സിയുടെ ചിത്രത്തിനും ഒരുപാട് പ്രത്യേകതകളുണ്ട് .പരിമിതമായ വർണ്ണങ്ങൾ മാത്രം ചാലിച്ചുകൊണ്ട് രൂപകലപ്പന നിർവ്വഹിച്ച മെസ്സിയുടെ ചിത്രത്തിന്റെ പ്രതലത്തിൽ നിന്നും പുറത്തേയ്ക്ക് തള്ളിനീക്കുന്ന ഫൂട്ബോളും നെഞ്ചോട് ചേർത്ത്‌ പിടിച്ച കൈപ്പത്തിയും കൈവിരലുകളുമെല്ലാം ത്രീഡി ഇഫക്റ്റ് കൈവരിക്കാൻ പാകത്തിലാണ് നിർമ്മിച്ചത് .
പ്ലാസ്റ്റർ ഓഫ് പാരീസും പോളിയെസ്റ്റർ ഫൈബറും ഉപയോഗിച്ചുണ്ടാക്കിയ ഫുട്ബോൾ ചിത്രത്തിന്റെ പരന്ന പ്രതലത്തിൽ അതിവിദഗ്ദ്ധമായ തോതിലാണ് ചിത്രകാരി സന്നിവേശിപ്പിക്കുന്നത് .
ഫുട്ബോൾ പ്രേമികളുടെ കണ്ണുടക്കുന്ന അതി മനോഹരമായ ചിത്രം!

പ്രമുഖ ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ തലശ്ശേരി സ്വദേശി ജിതേഷ് പി. പി. യുടെപ്രത്യേക നിർദ്ദേശമനുസരിച്ചാണ്‌ ഏതാനും ദിവസങ്ങളെടുത്ത്കൊണ്ട് മെസ്സിയുടെ വേറിട്ട ഈ ചിത്രത്തിൻറെ പണി ആദർശ പൂർത്തിയാക്കിയത്.
ചിത്രരചന ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും നാട്ടുമ്പുറത്തുകാരിയായ ഈ യുവതിയുടെ ചിത്രങ്ങൾ ദുബായിയിൽ നടന്ന നിരവധി എക്സിബിഷ്യനുകളിലെ വിസ്‌മയക്കാഴ്ചകൾ !.
വരയരങ്ങിലെ നിറസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന ആദർശ അജയ് എന്ന കോറോത്ത് റോഡ്‌കാരിയെ ഇനിയും നാടറിയാതെ പോകരുത്.

കുഞ്ഞുവയസ്സിലെ ആദർശയ്ക്ക് എവിടെയെങ്കിലും കുത്തിവരയ്ക്കാനുള്ള വാസനയും വൈഭവവും കൂടപ്പിറപ്പുപോലെ. നന്നേ ചെറിയപ്രായത്തിൽതന്നെ പറമ്പിൽ നിന്നും ഉറുമ്പരിച്ചുയർത്തിയ മൺപുറ്റിൽനിന്നും പൊടിമണ്ണെടുത്തുകൊണ്ടുവന്ന് വെള്ളം ചേർത്ത് പശിമപ്പെടുത്തി ആൾരൂപങ്ങളും കാക്ക പശു തുടങ്ങിയ പലരൂപങ്ങളും ഉണ്ടാക്കി മുറ്റത്ത് ഉണങ്ങാൻ വെക്കുന്ന മകളുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളിലൂടെ അമ്മ ശൈലജ ടീച്ചർ അറിയാതെ ഏറെ പുറകോട്ട് പോയി .
വീടിന്റെ പുറകൂവശത്തെ ചുമരുകളിൽ കമ്യുണിസ്റ് പച്ചയുടെ ഇലകളും പച്ചമഞ്ഞളും കരിക്കട്ടുകളും കൊണ്ടുള്ള വരകൾ .

കൃത്യമായ രൂപമില്ലെങ്കിലും വെറുതെ ഒരു കുട്ടിക്കളി .പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ചുമര് വൃത്തികേടാക്കുന്നതിൽ ശാസിക്കുകയോ ശിക്ഷിക്കുകയോ ഒരിക്കലൂം ചെയ്‌തിട്ടുമില്ല . മകളുടെ കുട്ടിക്കാലത്തെക്കുറിച്ച് അജയകുമാർ എന്ന അച്ഛന്റെ ഓർമ്മകളിൽ ചിലതങ്ങിനെ .
ചിത്രകാരിയായ ഭാര്യയ്ക്ക് വേണ്ട പ്രോത്സാഹനങ്ങളും കൂട്ടായ്‌മയും നൽകുന്നതിൽ ഭർത്താവ് അനൂപും ഏറെ മുന്നിൽ.

ചെറുപ്രായത്തിലേ ചിത്രരചനയിലും കളിമൺ ചിത്രനിർമ്മാണത്തിലും അതീവ തൽപ്പരയായ ആദർശ സ്‌കൂൾ ജില്ലാതല മത്സരങ്ങളിൽ നേരത്തെതന്നെ നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുള്ളതായാണറിവ്‌ .

കോളേജ് പഠനത്തിനു ശേഷം കലാഗ്രാമത്തിൽ ചുമർച്ചിത്രകലയിൽ പഠനം.
ആ കാലയളവിൽ നടന്ന വിവാഹത്തോടെ പഠനത്തിൽ താൽക്കാലിക വിട .ഭർത്താവിനൊപ്പം മദ്രാസ് ,പൂന, ദുബായി പലേടങ്ങളിലായി പറിച്ചുനട്ടുകൊണ്ടുള്ള ജീവിതയാത്ര.

ദുബായിയിലെ ജീവിതത്തിനിടയിലാണ് കലയിലേയ്ക്ക് വീണ്ടുമിറങ്ങിയത്.
ഫിസിക്‌സ് ബിഎഡ് ബിരുധധാരിയായിരുന്നിട്ടും ചിത്രകലയോടുള്ള താൽപ്പര്യം കൊണ്ടുമാത്രമാണ് ആദർശ മറ്റുജോലികൾക്ക് താൽപ്പര്യം കാണിക്കാതിരുന്നത്‌.
ദുബായിയിലെ ആർട് ഇൻസ്റ്റിററ്യുട്ട് ആയ ''ആർട് കല '' യിൽ ആർട് ഇൻസ്‌ട്രക്ടർ പദവിയിൽ ജോലിനോക്കി .

പ്രദർശനത്തിൽ വെച്ച ആദർശയുടെ ചിത്രങ്ങളിൽ പലതും പിൽക്കാലത്ത് സാമാന്യം നല്ലവിലയ്ക്ക് മലയാളികളും വിദേശികളും സ്വന്തമാക്കിയതായാണറിവ് . അനുമോദനങ്ങളുടെയും  പ്രോത്സാഹങ്ങളുടെയും വസന്തകാലം .ലൈവ് ആർട് പുരസ്ക്കാരം പോലുള്ളവ വേറെയും .
ഇതിനിടയിലാണ് 'Art with Adarsha ' എന്ന യുറ്റ്യുബ്  ചാനൽ സ്വന്തമായി ആരംഭിച്ചത്.

മ്യുറൽ ,റീയലിസ്റ്റിക് ആർട്,തുടങ്ങിയ ചിത്രകലാ രീതികളിൽ മുഴുകിക്കഴിയുന്ന ആദർശ വരും  നാളുകളിൽ  സ്വന്തം നാട്ടിൽത്തന്നെ സ്ഥിരതാമസമാക്കാനൊരുങ്ങുന്നു.

''ഏത്  മഹാ നഗരത്തിൽ പോയാലും നമ്മുടെ നാട്ടുമ്പുറത്തിൻെറ സുഖമൊന്നുവേറെ.പകിട്ടും പൊങ്ങച്ചവുമില്ലാത്ത നാട്ടുമ്പുറത്തുകാരുടെ കൂട്ടത്തിൽ ഒരാളായി ,ഇവിടുത്ത മനോഹരമായ പ്രകൃതിയുടെ ഒരംശമായി ജീവിക്കുന്ന സുഖമൊന്നു വേറെ ''-
ലാളിത്യം കലർന്ന ആദർശയുടെ വിശദീകരണമെങ്ങിനെ
കോറോത്ത് റോഡിലെ  വീട്ടുപറമ്പിൽ നാടൻ പശു വളർത്തലിനൊപ്പം രാസവളപ്രയോഗങ്ങളോ മാരകമായ കീടനാശിനിപ്രയോഗങ്ങളോ ഇല്ലാതെ അശേഷം വിഷം തീണ്ടാത്ത പച്ചക്കറികൾ നട്ടുവളർത്താനുള്ള പദ്ധതിയും ആദർശ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

വീട്ടുപറമ്പിൽ കെട്ടിയുണ്ടാക്കിയ വലിയ  ടാങ്കുകളിൽ   ഓസ്‌ക്കാർ പോലുള്ള അലങ്കാര മത്സ്യങ്ങളെ വളർത്തി ഉൽപ്പാദിപ്പിക്കുന്നതിനും ചിത്രകാരികൂടിയായ ആദർശ എന്ന വീട്ടമ്മ സമയം കണ്ടെത്തുന്നു  .
ചിത്രകലയോട് വാസനയും താല്പര്യമുള്ള കുട്ടികൾക്കായി മ്യുറൽ ചിത്ര രചന തുടങ്ങി തനിക്കറിയാവുന്ന ചിത്രകലയുടെ അടിസ്ഥാന കാര്യങ്ങൾ തികച്ചും സൗജന്യമായി ഓൺലൈനിൽ പരിശീലനം നൽകാനുള്ള പദ്ധതിക്ക്  തുടക്കം കുറിക്കാനും വെബ്ബ് ഡിസൈനർ  കൂടിയായ  ആദർശ ഒരുങ്ങുന്നതായി വ്യക്തമാക്കി.

ഡിജിറ്റൽ സാങ്കേതികത്തികവിൻറെ പിൻബലത്തിൽ ഓൺലൈനിലും അല്ലാതെയുമായി ചിത്രങ്ങൾ വരച്ചുനൽകാൻ ആവശ്യക്കാർ വന്നുതുടങ്ങിയതോടെ ചിത്രകലാരംഗത്തുതന്നെ ചുവടുറപ്പിക്കാനുള്ള ദൃഢചിത്തതയോടെയാണ് ഈ യുവ കലാകാരിയുടെ മുന്നൊരുക്കങ്ങൾ.
വിദേശനിർമ്മിതമായ ചായക്കൂട്ടുകളും ആധുനിക  ചിത്രരചനക്കാവശ്യമായ  അനുബന്ധ സൗകര്യങ്ങളുടെ വിപുലമായ ശേഖരവുമായി സ്വന്തം നാട്ടിൽ കാലുറപ്പിക്കുകയാണ് ഈ ചിത്രകാരി.

ആദർശ എന്ന ചിത്രകാരിയിൽ നിന്നും  ഇനിയുമേറെ ചിത്രങ്ങൾ വരും നാളുകളിൽ  നമുക്ക് പ്രതീക്ഷിക്കാം.

ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് തന്റെ കഴിവിൻറെ പരമാവധി പരിധിക്കുള്ളിൽ നിന്നുകൊണ്ട്  ചിത്രങ്ങൾ വരച്ചുനൽകാനും ആദർശ ഒരുക്കമാണ്.  

താൽപ്പര്യമുള്ളവർക്ക്  7798615966 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 


English Summary: Adarsha , talented girl with a versatile creativity

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds