അഗത്തിയില്‍ ജൈവകാര്‍ഷിക മുന്നേറ്റവുമായി ആസിഫ്
കൃഷി ഓഫീസര്‍ കര്‍ഷകര്‍ക്ക് ഉപദേശവും സഹായവും നല്‍കിയാല്‍ പോരെ ,കൃഷി ചെയ്യേണ്ടതുണ്ടോ ? ഇത്തരമൊരു ചോദ്യം കൃഷിയെ സ്നേഹിക്കുന്ന ഏതൊരു ഓഫീസറും അഭിമുഖീകരിക്കേണ്ടി വരും. ലക്ഷദ്വീപിലെ അഗത്തി കൃഷി ഓഫീസർ ആസിഫിനും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. ചോദ്യം ചോദിച്ചവര്‍ക്കുള്ള ഉത്തരമായി ആസിഫ് തന്റെ ജീവിതമാണ് കാട്ടിക്കൊടുക്കുന്നത്. കൃഷിയോടുള്ള താൽപര്യം കൊണ്ട് ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് തൃശൂർ വെള്ളായണി കാർഷിക കോളേജിൽ വന്ന് ബിരുദമെടുത്ത് കൃഷി ഓഫീസറായി ജോലി നേടിയ ആസിഫ്, തന്റെ ജോലിയുടെ ഭാഗമാണെങ്കിൽ കൂടി മണ്ണിൽ പൊന്നുവിളയിച്ചു മറ്റുള്ളവർക്ക് പ്രചോദനമാകുകയാണ് . ഗവണ്മെന്റിന്റെ പദ്ധതികള്‍ പൊതുജനങ്ങളെ അറിയിക്കാനും അതുവഴി അവരെ ജൈവകൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ആസിഫ്.
തെങ്ങ് മാത്രം പോരല്ലൊ അതിജീവനത്തിന്
ലക്ഷദ്വീപിലെ പ്രധാന കൃഷി തെങ്ങാണ്. ഭൂമിയുടെ 70 ശതമാനത്തോളവും തെങ്ങ് കൃഷിയാണ് താനും.തെങ്ങ് നല്ലവണ്ണം വളരുകയും തേങ്ങ പിടിക്കുകയും ചെയ്യുന്ന ഇടമാണ് ലക്ഷദ്വീപ്. പ്രകൃതിയുടെ അനുഗ്രഹമുള്ള ഈ മണ്ണില്‍ തെങ്ങിനായി വളമിടുകയോ നനയ്ക്കുകയോ ഒന്നും ചെയ്യണ്ട. എന്നാല്‍ ജനങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം പുറമെ നിന്നു വരുകയാണ്. അവയാകട്ടെ വൻതോതിൽ രാസവസ്തുക്കൾ അടങ്ങിയതും. അതുവഴി ജനങ്ങൾക്ക് കുറച്ചധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. അപ്പോൾ സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ബോധവാന്മാരായി. കൃഷി വകുപ്പ് കാര്‍ഷിക വികസനത്തിനായി ഒരുപാട് പദ്ധതികള്‍ കൊണ്ടുവന്നു .അതിൽ പ്രധാനമായത് ജൈവകൃഷിയായിരുന്നു.
കൃഷി കാമ്പയിന്‍
ഇങ്ങനെ ജൈവ രീതിയിൽ വളർത്തിയെടുത്ത പച്ചക്കറി പൊതു ജനങ്ങൾക്ക് കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു. ജനങ്ങൾക്കായി കൃഷി വകുപ്പ് മുഖേന കൃഷി ചെയ്യാനും അതുവഴി ജനങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറായതിന്റെ ഭാഗമായാണ് ആധുനിക ജൈവപച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചത്.ഇവിടുത്തെ കാലാവസ്ഥയിൽ ചെയ്യാനാവുന്ന കൃഷികളെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്ന് ആസിഫ് പറഞ്ഞു.തോട്ടം സന്ദര്‍ശിക്കാന്‍ സ്കൂള്‍ കുട്ടികളെയും ജനങ്ങളെയും അനുവദിക്കുന്നുണ്ട്. ഇത്തരം കാമ്പയിനുകള്‍ വഴി ജനങ്ങളെ ആധുനികകൃഷിരീതിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചിട്ടുള്ളത്. തോട്ടത്തില്‍ നിന്ന് വിത്തുകളും തൈകളും വളർത്തിയെടുത്ത് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. ടെറസ് കൃഷിയും അടുക്കളത്തോട്ടവും പ്രോത്സാഹിപ്പിക്കുക എന്നാതാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
കൃഷി വ്യാപനം
മാതൃക കൃഷിത്തോട്ടത്തിൽ നിന്ന് കൂടുതൽ വിളവ് കിട്ടുന്നത് ഏത് ഉത്പ്പന്നത്തിന് എന്ന് കണ്ടുപിടിച്ച് അതിന്റെ മാത്രം തോട്ടവും വിത്തുകളും ഉണ്ടാക്കുന്നുണ്ട്. ചെറിയ ചെറിയ പ്ലോട്ടുകളായി 4 ഹെക്ടറോളം സ്ഥലത്താണ് ഇത്തരത്തിൽ മാതൃകാ കൃഷിത്തോട്ടവും വിത്തുല്പാദനവും ഒക്കെ ചെയ്യുന്നത്. കൂടുതലായും മത്തനും വെള്ളരിയും ഇളവനും പന്തലിൽ വളർത്തുന്ന പീച്ചിങ്ങയും വാഴ, പാപ്പായ മുതലായവും വളർത്തുന്നുണ്ട്. ഓരോ വീട്ടിലേയ്ക്കും ആവശ്യമുള്ള പച്ചക്കറികൾ അവരവര്‍തന്നെ ഉണ്ടാക്കുക എന്നതിനാണ് വകുപ്പ് പ്രാധാന്യം കൊടുക്കുന്നത്. മുളക്, കറിവേപ്പ്, മുരിങ്ങ, പപ്പായ എന്നിവയൊക്കെ ഓരോ വീടുകളിലും അവശ്യം ഉണ്ടായിരിക്കണം എന്ന് കരുതിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നതെന്ന് ആസിഫ് പറഞ്ഞു.
സര്‍ക്കാര്‍ വിപണി
ഓരോ മാസവും നാല് ഹെക്ടർ സ്ഥലത്തു നിന്ന് മൂന്ന് മെട്രിക് ടൺ പച്ചക്കറികൾ വിളവെടുത്ത് വില്കുന്നുണ്ട് ഈ മാതൃകാ കൃഷിത്തോട്ടത്തിൽ നിന്ന്. അഗത്തി ദ്വീപിൽ എണ്ണായിരത്തോളം ആൾക്കാരുണ്ട്. ഇവരിലേയ്ക്ക് കൃഷിയുടെ താൽപര്യം വളർത്താനായി തരിശു സ്ഥലങ്ങളിലാണ് കൃഷി വകുപ്പ് മാതൃകാ കൃഷിത്തോട്ടങ്ങൾ നിർമ്മിക്കുന്നത്. ഈ തോട്ടങ്ങളിൽ നിന്ന് കിട്ടുന്ന വിളകൾ ആഴ്ചതോറും വില്പനയ്ക്കെത്തിക്കും. ഇത് പെട്ടന്ന് തന്നെ വിറ്റുപോകുന്നു. ജൈവ ഉല്പന്നങ്ങൾക്ക് എവിടുത്തേയും പോലെ ഇവിടേയും നല്ല ഡിമാന്റാണ്. എല്ലാ ചൊവ്വാഴ്ചയുമാണ് വില്പന നടത്തുന്നത്. സബ്സിഡി നിരക്കിലാണ് വില്പ്പന. രാസവള നിരോധിത മേഖലയാണ് അഗത്തി. ജൈവ രീതിയിൽ കൃഷി ചെയ്യുന്ന പ്രദേശം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാൻ പോകുന്ന ഇടം. തെങ്ങിനാണ് ജൈവ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് .തേങ്ങയ്ക്കും അതിന്റെ മറ്റ് ഉല്പന്നങ്ങൾക്കുമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.അപ്പോൾ തെങ്ങ് കൃഷിക്കൊപ്പം കൃഷി ചെയ്യുന്ന പച്ചക്കറികൾക്കും രാസവളം ഉപയോഗിക്കാൻ പാടില്ല. ദ്വീപിൽ ലഭിക്കുന്ന പച്ചില വളങ്ങൾ , ചാണകം, കോഴിവളം ഇതെല്ലാം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കേരളത്തില്‍ കിട്ടുന്നതു പോലുള്ള വിളവ് ഇവിടെ കിട്ടില്ല, അത്ര വളർച്ചയും ഉണ്ടാവില്ല. എങ്കിലും ജൈവരീതിയിൽ കൃഷി ചെയ്ത് ദ്വീപിൽ ഏറ്റവും കൂടുതൽ വിളവ് കിട്ടുന്ന ഉത്പ്പന്നങ്ങള്‍ ഏതെല്ലാം എന്ന് കണ്ടെത്തി അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കും, ആസിഫ് പറഞ്ഞു.
വ്യത്യസ്ത കൃഷി രീതികള്‍
കൂർക്ക നല്ല രീതിയിൽ ഇവിടെ വളരുന്നുണ്ട്. അത് കൃഷി വകുപ്പ് ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. ക്വാളിഫ്ലവർ, വഴുതിന എന്നിവയൊക്കെ ഇവിടെ നല്ലതുപോലെ വിളവ് ലഭിക്കുന്ന പച്ചക്കറികളാണ്. ടെറസ് ഫാമിങ്ങിൽ പച്ച മുളക്, തക്കാളി തുടങ്ങിയ ദൈനദിനം വീടുകളിൽ ഉപയോഗിക്കുന്ന പച്ചക്കറികളാണ് പ്രോത്സാഹിപ്പിക്കുന്നത്. എന്നിരുന്നാലും എല്ലാ വിളവും മഴക്കാലത്താണ് പുഷ്ടിപ്പെടുന്നത്. മഴക്കാലം കഴിഞ്ഞാൽ വിളകളുടെ ചുവട്ടിൽ ചകിരിച്ചോറും കമ്പോസ്റ്റും നിറയ്ക്കും. ജലാംശം നിലനിർത്തുന്നതിനാണിത്. പച്ചില വളത്തിനായി പ്രധാനമായും ശീമക്കൊന്നയില ഉപയോഗിക്കും. കൂടാതെ തെങ്ങിന്റെ ഓല ചെടികളുടെ ചുവട്ടിലിട്ട് അഴുക്കിയെടുക്കും . പപ്പായയുടെ ചുവട്ടിലൊക്കെ തൊണ്ട് കൂട്ടി വയ്ക്കും. അങ്ങനെ ജലാംശം നിലനിർത്തും. പശിമ കുറഞ്ഞ മണലാണ് ദ്വീപിൽ എന്നതിനാലും തൊണ്ടൊക്കെ ചെടികളുടെ ചുവട്ടിൽ കൂട്ടിയിട്ട് ജലാംശം നിലനിർത്തുന്നു.
ആസിഫിന് കൃഷി പാരമ്പര്യ സ്വത്ത്
ആസിഫിന്‍റെ മുത്തച്ഛനൊക്കെ നല്ല കൃഷിക്കാരായിരുന്നു. ആദ്യം മിനിക്കോയ് ദ്വീപിൽ ജോലി ചെയ്യുമ്പോഴും കൃഷിയോടുള്ള താൽപര്യം മൂലം അവിടേയും ഇത്തരം മാതൃകാ കൃഷിത്തോട്ടങ്ങൾ ഉണ്ടാക്കുകയും ആളുകളെ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ അവിടെ ഇത്ര വ്യാപകമാക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശയിൽ 2 വർഷം ലീവെടുത്ത് സ്വയം കർഷകനായി. അതിലൂടെ കുറച്ചു പേരെ കൃഷിയിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു. രണ്ട് വർഷം കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് അഗത്തിയിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയത്.
മിനിക്കോയില്‍ ജന്മം, അഗത്തി സ്വന്തം
മിനിക്കോയി സ്വദേശിയായ ആസിഫ് പ്രാഥമിക വിദ്യാഭ്യാസങ്ങളെല്ലാം ലക്ഷദ്വീപിൽ നടത്തി. തുടർന്ന് ബിഎസ് സി അഗ്രിക്കൾച്ചർ തൃശൂർ വെളളായണി കാർഷിക കോളേജിൽ നിന്ന് നേടി. കുടുംബം ലക്ഷദ്വീപിൽ തന്നെ. ഡോക്ടറായ ഭാര്യയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഒരു മകനും.കൃഷിയുമായി ബന്ധപ്പെട്ടുള്ള യാത്രകളിൽ കേരളത്തിൽ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ എത്തും. കാർഷിക ഉപകരണങ്ങൾ, ഗുണനിലവാരമുള്ള വിത്തുകൾ, ജൈവവളം ഇവയ്ക്കെല്ലാം കൊച്ചി പനമ്പള്ളി നഗറിലെ ആഞ്ഞിപ്പറമ്പിൽ ട്രേഡേഴ്സിനെയാണ് ആശ്രയിക്കുക. മിക്കവാറും തന്റെ എല്ലാ കൃഷിയന്വേഷണങ്ങൾക്കുമുള്ള ഉത്തരം ആഞ്ഞിപ്പറമ്പിൽ നിന്ന് ലഭിക്കാറുണ്ടെന്ന് ആസിഫ് പറയുന്നു. കഴിഞ്ഞ 15 വർഷമായി ഇത് തുടരുന്നു. ജൈവ സർട്ടിഫിക്കേഷൻ നിർബന്ധമായതിനാൽ സര്‍ട്ടിഫിക്കേഷനുള്ള ഉല്പന്നങ്ങൾ മാത്രമാണ് ആഞ്ഞിപ്പറമ്പിൽ ഉടമ ജീമോൻ പോൾ ദ്വീപിലേക്ക് അയക്കുന്നത്.
ജൈവ വളങ്ങള്‍
ട്രോപ്പിക്കൽ അഗ്രോയുടെ ജൈവ സർട്ടിഫിക്കേഷൻ ഉള്ള ജൈവ വിളവർദ്ധന സഹായിയായ നാസ (NASA) ഇതിനായി ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിച്ചതിനാൽ കൃഷിക്ക് നല്ല വളർച്ച ലഭിച്ചതായി ആസിഫ് പറയുന്നു. മറ്റു വളങ്ങൾക്കു പകരമായുള്ള ന്യൂട്രിയൻറ്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. കടൽ പായലിന്റെ സത്തും കടലിലെ ആൽഗ മുതലായവയെല്ലാം അടങ്ങിയ നാസ ജൈവ സർട്ടിഫിക്കേഷൻ ഉള്ളതിനാലാണ് കൂടുതലായും ഉപയോഗിക്കുന്നത്. കേരളാ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭിച്ച നാസയ്ക്ക് കർഷകരുടെ ഇടയിലും നല്ല സ്വീകരണമാണുള്ളത്. കായ്ഫലം കൂട്ടാനും നല്ല വിളവിനും, ഉണ്ടായ വിളകൾ കൊഴിഞ്ഞു പോകാതിരിക്കാനുമെല്ലാം നാസ നല്ലതാണ്. ട്രോപ്പിക്കലിന്റെ അന്താരാഷ്ട്ര ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ടാഗ് ഫോൾഡർ ( TAG FOLDER) ലക്ഷദ്വീപില്‍ വ്യപകമായി ഉപയോഗിക്കുന്നുണ്ട്. ബാംഗ്ലൂരിലുമെല്ലാം താൻ കൃഷി ആവശ്യങ്ങൾക്കായി യാത്രകൾ നടത്താറുണ്ട്. ഇതെല്ലാം തന്റെ കൃഷിയോടുള്ള താൽപര്യം കൊണ്ട് കൂടിയാണ്, മാത്രമല്ല ദ്വീപിൽ ഇത്തരം ആവശ്യങ്ങൾക്കായി സമീപിക്കാവുന്ന ഒരു സെന്റർ ഇല്ലതാനും, ആസിഫ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്‍റെ സഹായം
ദ്വീപിലെ കൃഷി വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഭാഗികമായി ഉൾപ്പെടുന്നത്. ജില്ലാ പഞ്ചായത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനം തനിക്ക് ലഭിക്കുന്നുണ്ടെന്ന് ആസിഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ചീഫ് കൗൺസിലർ ഹസ്സൻ ബോഡുമുഖ ഗോത്തി സാഗിദ,അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിലെ സാജിത തുടങ്ങിയവര്‍ ഈ കൃഷി പ്രോത്സാഹനത്തിൽ വളരെയേറെ സഹായിക്കുന്നു. അവരുടെയെല്ലാം പ്രത്യേകപരിഗണനയും പിന്തുണയും കൃഷി വ്യാപനത്തിന് തങ്ങൾക്ക് പ്രചോദനമാവുകയാണ് എന്നും ആസിഫ് പറയുന്നു.
ജനകീയനായ കൃഷി ഓഫീസര്‍
അഗത്തിയിൽ നിന്ന് സ്ഥാനക്കയറ്റത്തോടെ കവരത്തി ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് ആസിഫിന് മാറ്റമായെങ്കിലും നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട കൃഷി ഓഫീസറെ സ്നേഹപൂർവ്വം അഗത്തിയിൽത്തന്നെ തുടരണം എന്ന് നിർബന്ധിക്കുകയാണ്. സ്വന്തമായി ചെയ്യുന്ന കൃഷിയുടെ ഗുണമേന്മ പൊതുവേ ദ്വീപിലെ ആളുകൾ മനസിലാക്കിക്കഴിഞ്ഞു. മിക്ക ആളുകളും സ്വന്തമായോ കൃഷി വകുപ്പിന്റെ സഹായത്താലോ മിക്കവിളകളും കൃഷി ചെയ്യുന്നു: ജോലി സമയം മുഴുവൻ കൃഷിക്കു പിന്നാലെ നടക്കുന്നവരാണ് എല്ലാ ഉദ്യോഗസ്ഥരും എന്ന് കരുതരുത്. എങ്കിലും ജനങ്ങൾ ഇത്തരം നന്മ നിറഞ്ഞ ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നു.ഏതൊരു സ്ഥലത്തും ആത്മാർത്ഥമായി സേവനം ചെയ്യുന്നവർ തിരിച്ചറിയപ്പെടും. ഏത് അവാർഡിനെക്കാളും തിളക്കമേറിയ അംഗീകാരമാണ് അതെന്ന തിരിച്ചറിവില്‍ കർമ്മനിരതനാവുകയാണ് ആസിഫ്.
ബൈന്ദ.കെ.ബി,
മൊബൈല്‍- 9995219529
English Summary: Asif's organic farming in Agathi
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments