Features
തൊട്ടതെല്ലാം പൊന്നാക്കി ബീന
സമയം ഉച്ചയ്ക്ക് മൂന്നു മണിയോടടുക്കുന്നു. ബീന ഫാമില്‍ കറവയിലാണ്. കറവയന്ത്രമുണ്ട്! പക്ഷെ- കറന്റില്ല. യന്ത്രത്തിന്റെ പരിചിത ശബ്ദം കേള്‍ക്കാത്തതു കൊണ്ടാവാം പശുക്കള്‍ ചുരത്തുന്നുമില്ല.''ഇന്നേതായാലും സൊസൈറ്റിയില്‍ പാലെത്തിക്കാനാവില്ല'' ബീനയുടെ വാക്കുകള്‍.
അപ്പോള്‍ ഇനിയെന്തു ചെയ്യുമെന്നുളള ചോദ്യത്തിന് ബീനയുടെ മറുപടി! ''പേടിക്കാനെന്താ? കുറച്ചുകഴിയട്ടെ, ഇന്നത്തെ പാല്‍ മുഴുവന്‍ തൈരാക്കാം! അമ്പലത്തില്‍ ഏകാദശി ഉത്സവമല്ലേ, അവിടെ ചെലവാക്കാം''! ആത്മവിശ്വാസത്തിന്റെ സ്വരം.
ബീന ബാബുരാജ്- മലപ്പുറം മങ്കടബ്ലോക്കിലെ രാമപുരം സ്വദേശിനി, ഊര്‍ജ്ജസ്വലയായ യുവ ക്ഷീര കര്‍ഷക! ഭര്‍ത്താവ് ബാബുരാജിനും അച്ഛന്‍ രാമനും അമ്മ രുഗ്മിണിയ്ക്കുമൊപ്പം പത്ത് പശുക്കളുളള ഡയറി ഫാം അക്ഷീണ പരിശ്രമത്തിലൂടെ തികഞ്ഞ ആത്മ വിശ്വാസത്തോടെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
ബീനയുടെ അച്ഛനും ക്ഷീരകര്‍ഷകനാണ്. അച്ഛന്‍ സമ്മാനിച്ച അരുമപ്പശു ബീനയുടെ തൊഴുത്തിലെ ഐശ്വര്യമാണ്. ഇരു കൈകളിലും പാല്‍ നിറച്ച അതേ ബാല്യം തന്നെയാണ് ബീനയ്ക്ക് യുവത്വത്തിലും. ഇന്ന് ബീനയുടെ തൊഴുത്തില്‍ കറവയുളള അഞ്ചു പശുക്കളും ചെനയുളള മൂന്നു പശുക്കളും കുത്തി വയ്ക്കാറായ രണ്ടു കിടാരികളുമുണ്ട്. മൂന്നു സുന്ദരി കിടാരികള്‍ വേറെയും.
യൂറിയ കലര്‍ത്തിയ കാലിത്തീറ്റകളോട് ബീനയ്ക്ക് പ്രിയമില്ല. തന്റെ അരുമകള്‍ക്ക് നല്‍കാന്‍, ഉഴുന്നു തൊലി, ചെറുപയര്‍തൊലി, സോയ തവിട്, ചോളപ്പൊടി, ഗോതമ്പ് തവിട് തുടങ്ങിയവ പൊളളാച്ചിയില്‍ നിന്ന് വരുത്തുന്നു. ഓരോന്നും ഓരോ പശുവും നല്‍കുന്ന പാലിന്റെ തോതനുസരിച്ച് പ്രത്യേക അളവില്‍ കൂട്ടിച്ചേര്‍ത്ത് നല്‍കുന്നു.രാവിലെ 14 ലിറ്ററും ഉച്ചയ്ക്ക് 8 ലിറ്ററും നല്‍കുന്ന അച്ചുവിനാണ് ഏറ്റവും കൂടുതല്‍ തീറ്റ! അവള്‍ക്ക് രാവിലെ ഏഴരകിലോയും ഉച്ചയ്ക്ക് നാലരകിലോയുമാണ് നല്‍കുക. ഏറ്റവും കുറച്ച് പാല്‍ തരുന്നത് ചുവന്ന പശുവാണ്. രാവിലെ 8 ലിറ്ററും ഉച്ചയ്ക്ക് 4 ലിറ്ററും തരും. അവള്‍ക്കും രാവിലെ 4 കിലോയും വൈകുന്നേരം രണ്ടു കിലോയും നല്‍കാറുണ്ട്.
പെരിന്തല്‍മണ്ണയിലെ ഒരു ഏജന്‍സി രാവിലെ 40 ലിറ്റര്‍ പാല്‍ വീട്ടില്‍ വന്നെടുക്കും. ബക്കി വരുന്നത് കുപ്പികളിലാക്കി പ്രാദേശിക വില്‍പനയ്ക്ക് ഉച്ചയ്ക്കുളള പാലില്‍ പത്ത് ലിറ്റര്‍ പുഴക്കാട്ടിരി ക്ഷീരസംഘത്തിനാണ്. ബാക്കിയുളളത് ഉല്‍പന്ന നിര്‍മ്മാണത്തിനും വീട്ടാവശ്യത്തിനും.
മികച്ച പാലായതിനാല്‍ സംഘത്തില്‍ നിന്ന് മോശമല്ലാത്ത വിലയും കിട്ടുന്നു. ആര്‍.കെ ഡയറീ ഫാമിനു പുറമെ നല്ല ഒരു കുടുംബശ്രീ പ്രവര്‍ത്തക കൂടിയാണ് ബീന. ബീനയുള്‍പ്പെടുന്ന 'ലക്ഷ്മി ജെ.എല്‍.ജി ഗ്രൂപ്പ് ഒരു ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റും നടത്തുന്നു. കോഴിക്കോട് ക്ഷീര പരിപാലന കേന്ദ്രത്തില്‍ ഉല്‍പന്ന നിര്‍മ്മാണത്തില്‍ ഫരിശീലനവും നേടിയിരുന്നു ബീന.
മലപ്പുറം ജില്ലാ ക്ഷീരോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്റ്റാളിലൂടെ പായസവില്പനയായിട്ടായിരുന്നു അരങ്ങേറ്റം. 'തുടക്കം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും ഇവിടെയും ബീന പിന്മാറിയില്ല. മില്‍ക്ക് ചോക്ലേറ്റ്, പാല്‍ ഹല്‍വ, പനീര്‍, പനീര്‍ വിഭവങ്ങളുമായി ലക്ഷ്മി ജെ. എല്‍. ജി വിപണിയില്‍ മാറ്റുരയ്ക്കുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തെ പുല്‍കൃഷിക്ക് സ്ലറിയായും പറമ്പിലെ മറ്റു വിളകള്‍ക്കും പച്ചക്കറികള്‍ക്കും വളമായും ഉപയോഗിച്ചതിനു ശേഷം മിച്ചമുളള ചാണകം ഉണക്കിപ്പൊടിച്ച് ബാഗുകളിലാക്കി കുടുംബശ്രീയിലൂടെ വില്‍ക്കുന്നു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന ബാബു രാജ് ആ ജോലി വേണ്ടെന്നുവച്ചു. നൂറു ശതമാനം പ്രോത്സാഹനവുമായി ഭാര്യയ്‌ക്കൊപ്പം ചേര്‍ന്നു. മരുമകളുടെ ഊര്‍ജ്ജത്തില്‍ നിന്നും പ്രസരിപ്പാര്‍ജ്ജിച്ച് അച്ഛന്‍ രാമനും അമ്മ രുഗ്മിണിയും ഒപ്പമുണ്ട്.
തിരിഞ്ഞു നോക്കുമ്പോള്‍ ബീന നന്ദി പറയുന്നുണ്ട്, മിനി ഡയറി യൂണിറ്റിന് സഹായം തന്ന ക്ഷീരവികസന വകുപ്പിനോട് ഡെമോണ്‍സ്‌ട്രേഷന്‍ പ്ലോട്ടിനും മിക്‌സഡ് ഫാമിങിനും സഹായം തന്ന ആത്മയോട്, പുല്‍കൃഷി തോട്ടത്തിന് സഹായിച്ച കെ.എല്‍.ഡി ബോര്‍ഡിനോട്, സാങ്കേതിക സഹായങ്ങളോടെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരോട്. ബീന ഇനിയും ഉയരങ്ങളിലെത്താനാഗ്രഹിക്കുന്നു. ഇതിന് പ്രോത്സാഹനങ്ങളേറെ വേണം.
നസീമ. കെ
English Summary: beena diary farmer
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments