ഏലം തൊഴിലാളിയിൽ നിന്ന് കർഷക തിലകമായി മാറിയ ബിൻസി ജെയിംസ്
ഇടുക്കിക്കാരായ ബിൻസി-ജെയിംസ് ദമ്പതികളെ കൃഷി ഇഷ്ടപ്പെടുന്ന ആർക്കും തന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അതെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തളരാത്ത മനസ്സുമായി കാർഷികരംഗത്ത് വിജയത്തിൻറെ പടവുകൾ ചവിട്ടിക്കയറിയ ദമ്പതിമാരാണ് ഇരുവരും. അനുഭവത്തിന്റെ തീചൂള്ളയിൽ നിന്ന് നെയ്തെടുത്ത സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ച ഇരുവരും ഇന്ന് കാർഷിക കേരളത്തിന്റെ അഭിമാനങ്ങൾ ആണ്. ഇവരുടെ അധ്വാനത്തിന് കിട്ടിയ അംഗീകാരങ്ങൾ അനവധിയാണ്. അതിലേറ്റവും പ്രാധാന്യമർഹിക്കുന്ന പുരസ്കാരമാണ് ഈ കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻറെ "മികച്ച കർഷക തിലകം" അവാർഡ്. ബിൻസി എന്ന സ്ത്രീരത്നത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ബിൻസിക്ക് കൃഷിയുമായുള്ള ആത്മബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ കൃഷിയെ ഉപജീവനം ആയി എടുത്തിട്ട് അധിക കാലങ്ങൾ ആയിട്ടില്ല. ഈ കുറഞ്ഞ കാലയളവിൽ തന്നെ കാർഷികമേഖലയിൽ തന്റെതായ ഒരു ഇരിപ്പിടം നേടിയെടുക്കാൻ ബിൻസി ക്കും കുടുംബത്തിനും സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. കൃഷി ചെയ്യാൻ മാത്രമല്ല നവമാധ്യമങ്ങളിലൂടെ ഒരു വിപണി കണ്ടെത്തുവാനും അവർക്ക് കഴിഞ്ഞിരിക്കുന്നു. ഇതു മാത്രമല്ല പൂർണ്ണമായും ജൈവ രീതിയിലാണ് ബിൻസി കൃഷിചെയ്യുന്നത്.
എങ്ങനെയാണ് കൃഷിയിലേക്ക് കടന്നു വന്നത് എന്ന് ബിൻസിയുടെ ചോദിച്ചാൽ ബിൻസിക്ക് പറയാനുള്ളത് ഏറെ സങ്കടങ്ങൾ നിറഞ്ഞ ഒരു ജീവിത കഥയാണ്. പരാജയത്തിൽ നിന്ന് വിജയത്തിലേക്കുള്ള ഒരു കഥ. ഏലത്തോട്ടത്തിൽ തൊഴിലാളികളായിരുന്നു ബിൻസിയും ജെയിംസും. എന്നാൽ അതിൽ നിന്ന് ലഭ്യമായ വേതനം അവരുടെ മൂന്ന് മക്കൾ അടങ്ങുന്ന കുടുംബത്തിൻറെ ചെലവുകൾ വഹിക്കാൻ തികയുന്നു ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് കൃഷിയിലേക്ക് തിരിയാനുള്ള കാരണവും. തുടക്കത്തിൽ അവർ തെരഞ്ഞെടുത്ത രണ്ട് കൃഷിരീതികൾ ആയിരുന്നു തേനീച്ച കൃഷി വളർത്തലും ഏലം കൃഷിയും. എന്നാൽ രണ്ടും ബിൻസിക്ക് പകർന്നു നൽകിയത് പരാജയത്തിന്റെ പാഠങ്ങളാണ്. ഏലം കൃഷിയിൽ നിന്ന് കുറച്ചുകാലം മാത്രമേ വിളവ് ലഭ്യം ആയുള്ളൂ. ഇക്കാരണം തന്നെ അവരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി. എന്നാൽ അപ്രതീക്ഷീതമായി വീട്ടിലേക്ക് കടന്നുവന്ന 'ചുരക്ക' എന്ന അതിഥിയാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചുരക്കയുടെ വളർച്ച ഓരോ ഘട്ടത്തിലും നോക്കിക്കണ്ട ആ കുടുംബം പ്രതീക്ഷകളുടെ ഒരു കൂടാരവും അതിനൊപ്പം മെനഞ്ഞു.
ഏലം കൃഷി ചെയ്തിരുന്ന സമയത്ത് രാസവളം ഉപയോഗിച്ചിരുന്നുവെന്ന പറയാൻ ബിൻസിക്ക് ഒരു മടിയുമില്ല. രാസവള ത്തിൻറെ ഉപയോഗമാണ് അവരുടെ പ്രതീക്ഷകളെ തകർത്തത്. തുടക്കത്തിൽ കിട്ടിയ കായ്ഫലം അതിൽനിന്ന് പിന്നീട് ലഭ്യമാവാത്തതിനു കാരണം രാസവളത്തിൻറെ ഉപയോഗമാണെന്ന് ബിൻസി തറപ്പിച്ചു പറയുന്നു. ഈ പാഠം തന്നെയാണ് പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാൻ ബിൻസിയെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ ചുരക്കയിൽ നിന്ന് കിട്ടിയ വിളവു കൂടുതൽ ആവേശത്തോടെ കൃഷിചെയ്യാൻ അവർക്ക് പ്രചോദനം നൽകി. അങ്ങനെ വീടിനോടു ചേർന്നുള്ള 9 സെൻറ് സ്ഥലം വിവിധ തരം പച്ചക്കറികൾ കൊണ്ട് സമ്പന്നമായി. ഇതിനുശേഷമാണ് കുമളി, അട്ടപ്പളം എന്ന സ്ഥലത്ത് കുറച്ചു ഭൂമി അവർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ തുടങ്ങിയത്. വലിയൊരു മുൾക്കാട് ആയിരുന്ന ആ സ്ഥലം ഇന്ന് മനോഹരമായ പച്ചക്കറി തോട്ടം ആണ്. എന്നാൽ തങ്ങളുടെ ഉൽപന്നങ്ങൾക്ക് എങ്ങനെ വിപണി കണ്ടെത്താം എന്ന ചോദ്യം അവരെ അലട്ടി. ഈ സമയത്താണ് നവമാധ്യമങ്ങളിലൂടെ ഉള്ള വിത്തു വിൽപ്പന എന്ന ആശയം അവരിലേക്ക് എത്തുന്നത്. ഇന്ന് ഇവരുടെ ഗുണമേന്മയുള്ള വിത്തുകൾ വാങ്ങുന്ന ഏറെ പേർ നമ്മുടെ ചുറ്റിലുമുണ്ട്. ഈ ആശയം പൂർണ്ണമായും കൃഷിയിലേക്ക് തിരിയാനുള്ള അവരുടെ ആഗ്രഹത്തിന് കരുത്തുപകർന്നു. ഇന്ന് അനേകം പേരാണ് ഇവിടെ കാണുവാനും കൃഷിയെ കുറിച്ച് കൂടുതൽ പഠിക്കുവാനും വരുന്നത്. ഈ സ്ഥലത്തിനോട് ചേർന്നുള്ള പശു തൊഴുത്തിൽ ആണ് ആദ്യം ഈ കുടുംബം താമസിച്ചത്. അതി രാവിലെ തന്നെ ബിൻസിയും കുടുംബവും കാട് വെട്ടി തെളിക്കാൻ ഇവിടെയെത്തും. ആ കുഞ്ഞുങ്ങളുടെ കയ്യിൽ പോലും മുള്ളുകൾ കയറിയത് കണ്ട് ആ അമ്മയുടെ മനസ്സ് ഏറെ വേദനിച്ചിട്ടുണ്ട്. എന്നാൽ അവരുടെ വേദനകൾക്ക് ഫലം ദൈവം പച്ചക്കറികളുടെയും പഴങ്ങളുടെയും രൂപത്തിൽ തിരിച്ചുനൽകി. അങ്ങനെ സന്തോഷത്തിന്റെ നാളുകളിലൂടെ പോകുന്ന സമയത്താണ് വില്ലനായി പ്രളയം കടന്നുവരുന്നത്. അവർക്ക് ദുഃഖങ്ങൾ മാത്രം സമ്മാനിച്ചുകൊണ്ട് ആ പ്രളയം കടന്നുപോയി. സാമ്പത്തികമായി ആ കുടുംബം ആകെ തകർന്നു. വിശപ്പടക്കുവാൻ പോലും ഇല്ലാത്ത ഒരു അവസ്ഥ അവർക്കിടയിൽ വന്നുഭവിച്ചു. എന്നാൽ പ്രതീക്ഷകൾ കൈവിടാതെ ആ കുടുംബം പിന്നെയും കൃഷിയിലേക്ക് തന്നെ തിരിച്ചെത്തി. അങ്ങനെ വീണ്ടും സമൃദ്ധിയുടെ കാലം..
ഈ സമയത്ത് കാക്കനാട് പഞ്ചായത്ത് സ്കൂളിൽ സംഘടിപ്പിച്ച നാട്ടുനന്മ നാട്ടുചന്ത എന്ന പരിപാടി വഴി അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയുണ്ടായി. ഇതിൽനിന്ന് മികച്ച ഒരു വരുമാനം ഉണ്ടാക്കുവാൻ ബിൻസിക്ക് സാധിച്ചു. പിന്നെയും പ്രളയം വന്നുപോയെങ്കിലും ആ കുടുംബത്തിന് താങ്ങായും തണലായും ഒട്ടനവധിപേർ അവർക്ക് ചുറ്റിലും നിന്നു. സോഷ്യൽ മീഡിയയിലെ ബിൻസിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അവർക്ക് സമൂഹത്തിൽ ഉള്ള സ്വാധീനവും സ്ഥാനവും വിളിച്ചോതുന്നതാണ്. പച്ചക്കറികൃഷിയിൽ മാത്രമല്ല ആടുവളർത്തലിലും പശു വളർത്തലിലും, മത്സ്യകൃഷിയിലും, കാട വളർത്തലിലും, തേനീച്ച വളർത്തലിലും, താറാവ് വളർത്തലും, മഴമറ കൃഷിയിലും എല്ലാം തന്നെ മിന്നും വിജയം ബിൻസി കരസ്ഥമാക്കിയിരിക്കുന്നു. കൃഷിയോടുള്ള അളവറ്റ സ്നേഹവും അർപ്പണബോധവും ആണ് ഇവരുടെ വിജയരഹസ്യം. മണ്ണിനെ സ്നേഹിക്കുന്ന കുടുംബത്തിന് സമൂഹത്തോട് ഒന്നേ പറയാനുള്ളൂ തിരികെ കൊണ്ടുവരാം കാർഷിക സംസ്കാരത്തെ....
English Summary: bincy james
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments