News

മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ

"മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ " എന്ന വരിയുള്ള  ഗാനം എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ വരികളെ ജീവിതത്തിലേക്ക് പകർത്തിയ വ്യക്തികൾ കുറവാണ് നമ്മുടെ നാട്ടിൽ. എന്നാൽ അങ്ങു ദൂരെ കടലുകൾക്ക് അപ്പുറം ഈ വരികളെ അർത്ഥവത്താക്കിയ മണ്ണിൻറെ മനസ്സറിഞ്ഞ ഒരാളുണ്ട്. അദ്ദേഹമാണ് സുധീഷ് ഗുരുവായൂർ. അറേബ്യൻ മണ്ണിൽ ദൈവത്തിന്റെ സ്വന്തം നാട് പുനരാവിഷ്കരിച്ച മലയാളികൾക്കെല്ലാം അഭിമാനമായ അദ്ദേഹം ഇന്ന് റെക്കോർഡുകളുടെ സഹ തോഴൻ ആണ്. ഒരു കറിവേപ്പ് ചെടിയിൽനിന്ന് അയ്യായിരം തൈകൾ ഉല്പാദിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഒന്നര ഇഞ്ച് മാത്രം വലുപ്പമുള്ള വെണ്ടയിൽ നാലര ഇഞ്ച് വെണ്ടയ്ക്ക വിരിയിച്ചതിനു  അടക്കം നാല് ലിംക ബുക്ക് ഓഫ് റെക്കോർഡ്സും അദ്ദേഹത്തിൻറെ പേരിൽ ചാർത്തപ്പെട്ടു. മണ്ണിനെ ആത്മാർത്ഥമായി സ്നേഹിച്ച ആ വ്യക്തിത്വത്തിന് ഈ അംഗീകാരം എത്രമാത്രം വിലപ്പെട്ടതായിരിക്കും. ഇതു മാത്രമല്ല കൃഷി സംബന്ധമായ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൃഷിയെ ജീവിത സപര്യയുടെ ഭാഗമാക്കിയ അദ്ദേഹത്തെ സംസ്ഥാന സർക്കാർ മികച്ച പ്രവാസി കർഷകനുള്ള പുരസ്കാരം രണ്ടുതവണ നൽകി ആദരിക്കുകയുണ്ടായി. ജൻമനാട് നൽകുന്ന അംഗീകാരം ഏതൊരു വ്യക്തിക്കും പ്രിയപ്പെട്ടതുപോലെതന്നെ അദ്ദേഹത്തിനും ഏറെ മാധുര്യം ഉള്ളതാണ്. കഠിനാധ്വാനവും കൃഷിയോടുള്ള അർപ്പണബോധവും ആണ് അദ്ദേഹത്തിൻറെ വിജയരഹസ്യം. കൃഷിയുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിക്കും അദ്ദേഹത്തിൻറെ സജീവ സാന്നിധ്യം നമുക്ക് ദർശിക്കാവുന്നതാണ്.

കൃഷിയുമായി കാര്യമായ ബന്ധമൊന്നുമില്ലാതെ തന്നെ അദ്ദേഹം ജൈവകൃഷി കൊണ്ട് പൂങ്കാവനം സൃഷ്ടിച്ചതിന് പിന്നിലുമുണ്ട് ഒരു കഥ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം 1997ൽ യു.എ.യിൽ എത്തി. അതിനു ശേഷം ഷാർജ ഇലക്ട്രിസിറ്റി വകുപ്പിൽ ജോലിക്ക് കയറി.  ആ ഗൾഫ് ദിനങ്ങളിൽ ഒരു ദിവസമാണ് അദ്ദേഹത്തിൻറെ ശ്രദ്ധയിലേക്ക് വിഷമയമായ പച്ചക്കറികളും പഴങ്ങളും കടന്നു വന്നത്. ആ കാഴ്ചയാണ് ജീവിതത്തിലെ പുതു മാറ്റങ്ങളുടെ തുടക്കം. എന്തുകൊണ്ട് ഈ മണലാരണ്യത്തിൽ ജൈവകൃഷി കൊണ്ട് കൂടാരം ഒരിക്കികൂടെ എന്ന നവ ചിന്ത നാമ്പിട്ടു. ആ ചിന്ത ഇന്ന് മണലാരണ്യത്തെ പച്ചപ്പുതപ്പ് അണി യിച്ചിരിക്കുന്നു. അങ്ങനെ ഒരു ദിവസം അറേബ്യൻ മണ്ണിൽ നമ്മുടെ "ജ്യോതിയുടെ" ആയിരം വിത്തുകൾ പിറവി കൊണ്ടു. കതിരിട്ടു നിൽക്കുന്ന പാടങ്ങൾ അവിടത്തെ അറബികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം ആയിരുന്നു. ആ കഠിനാദ്ധ്വാനത്തിന് മുൻപിൽ ജാതിമത ഭാഷാ ഭേദമന്യേ എല്ലാവരും തലകുനിച്ചു നിന്നു. അതിനുശേഷം അദ്ദേഹം ജൈവരീതിയിൽ വിവിധയിനം പച്ചക്കറികൾ കൊണ്ട് സമ്പന്നമായ ഒരു സ്വർഗ്ഗലോകം തീർക്കാനാണ് പോയത്. അതിലും 100% വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് അൽമൺസൂറയിലെ അദ്ദേഹത്തിൻറെ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വിളയാത്തതായി ഒന്നും തന്നെ ഇല്ല. പണ സമ്പാദനം ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭം അല്ല അദ്ദേഹത്തിന് കൃഷി. മണ്ണോടു ചേരുന്ന മനുഷ്യൻ മണ്ണിൻറെ മണം അറിഞ്ഞ് മണ്ണിനെ സ്നേഹിച്ചു ജീവിക്കണം എന്നതാണ് അദ്ദേഹത്തിൻറെ ഒരു പോളിസി. കൃഷി തൽപരരായ എല്ലാവർക്കും എന്തിനും ഏതിനും സുധീഷ് ഗുരുവായൂർ ഒപ്പമുണ്ടാവും. സൗജന്യമായി വിത്തുകൾ നൽകിയും പച്ചക്കറികൾ നൽകിയും ആ വ്യക്തിത്വം മലയാളികൾക്ക് മുൻപിൽ അഭിമാന താരമായി നിലകൊള്ളുന്നു. കൃഷി സംബന്ധമായ അറിവുകൾ പകരുവാൻ അദ്ദേഹത്തിൻറെ യൂട്യൂബ് ചാനൽ സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു. ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിൻറെ സ്വീകാര്യതയുടെ അടയാളമാണിത്. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിനം ഏതെന്നു ചോദിച്ചാൽ അദ്ദേഹം പറയും ആദ്യമായി ആ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ വെച്ച് എൻറെ മിത്രത്തെ കാണാൻ സാധിച്ചത് ആണെന്ന്. അതെ കർഷകൻറെ മിത്രം ആയ മണ്ണിരയെ കണ്ട ദിനം. ആ മിത്രം വന്നതിൽ പിന്നെ അദ്ദേഹത്തിൻറെ മണ്ണിൽ പൊന്നു വിളയാൻ തുടങ്ങി.

വെള്ളവും ജൈവവളവും സംഘടിപ്പിച്ചു ആ മണൽ പറമ്പിൽ ഉഴുതു മറിച്ച് ആദ്യമായി പ്രതീക്ഷയുടെ നെൽവിത്തുകൾ കതിരിട്ടു. അങ്ങനെ ആ വാർത്ത ദുബായ് ഭരണാധികാരിയുടെ ചെവിയിൽ വരെയെത്തി. അതിനുശേഷം അദ്ദേഹം ബസുമതിയെ സ്നേഹിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം  ദുബായ് ഭരണാധികാരിയുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ സന്ദേശം അദ്ദേഹത്തെ തേടിയെത്തി. അവരുടെ ഫാം ഹൗസിന്  കീഴിലുള്ള നാല് ഏക്കറിൽ ബസുമതി കൃഷി ചെയ്യാനുള്ള ഒരു അവസരം.പിന്നിട്ട് അങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങൾ മാത്രം .കൃഷിയുടെ പ്രാധാന്യം  എല്ലാവരും മനസ്സിലാക്കിയതോടുകൂടി അദ്ദേഹത്തിന്റെ ജീവിതം തിരക്ക് പിടിച്ചു തുടങ്ങി. ആ ജീവിതയാത്ര 30 തൊഴിലാളികൾ അടങ്ങുന്ന ഗ്രീൻ ലൈഫ് ഓർഗാനിക് ഫാമിംഗ് എന്ന് കൃഷി സംരംഭം വരെ എത്തി നിൽക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ടുള്ള ഒരു ജീവിതം നയിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷവാനാണ്. അദ്ദേഹത്തിൻറെ ജീവിതയാത്രയിൽ താങ്ങായി സഹധർമ്മിണി രാഖിയും മക്കളായ ശ്രദ്ധയും ശ്രേയസ്സും ഒപ്പമുണ്ട്. ഹൈഡ്രോപോണിക് കൃഷി രീതി വഴി ഓറഞ്ചും സ്ട്രോബറിയും വിളിക്കാനുള്ള ധൃതിയിൽ ആണ് അദ്ദേഹം ഇപ്പോൾ.

ഒത്തിരി പേർക്ക് പ്രചോദനമായ സുധീഷ് ഗുരുവായൂർ അദ്ദേഹത്തിൻറെ കൃഷി വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ കൃഷി ജാഗരൺ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾക്ക് മുൻപിൽ എത്തുന്നു ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്. കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ ഉദ്യമത്തിലേക്ക്  ഹാർദ്ദമായ സ്വാഗതം....

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

നെൽവയലിനു റോയൽറ്റി ലഭ്യമാവാൻ അപേക്ഷിച്ച 3,909 പേർക്ക് ബില്ല് പാസായി

ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..

'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്

റബ്ബർ ബോർഡ് പരിശീലന ക്ളാസ്സിൽ പങ്കെടുക്കാം

ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില

കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു


English Summary: "Sudheesh Guruvayur", the Guinness World Record holder

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine