റബ്ബര്‍ പോലെ ചതിക്കില്ല കശുമാവ്
കശുമാവ് കൃഷിയിലെ പുതിയ പരീക്ഷണങ്ങളിലാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കശുമാവ് ഗവേഷണ കേന്ദ്രം.കൂടുതല്‍ തൂക്കവും മികവുമുള്ള കശുവണ്ടി വിത്തുകള്‍ക്കാണ് മാര്‍ക്കറ്റില്‍ നല്ല മതിപ്പുള്ളത് എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് ,മുഴുപ്പുളള കശുവണ്ടി ബ്രീഡുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്രം. ഗവേഷണ രംഗത്തെ ഊര്‍ജ്ജസ്വലമായ സാന്നിധ്യമാണ് ഡോക്ടര്‍.ജലജ മേനോന്‍. അവരാണിപ്പോള്‍ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ളത്. സഹായത്തിനായി പ്ലാന്റ് ബ്രീഡിംഗ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അസ്‌നയും ഒരു പിടി സഹയാത്രികരും.
കശുമാവ് ഒരുപരിധിവരെ ചതിക്കാത്ത ചന്തുവാണ്. ഭക്ഷ്യവസ്തുവാണ് എന്നതിനാല്‍ ഒരിക്കലും ഉപഭോഗം കുറയാത്ത കശുവണ്ടി, ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ കുറഞ്ഞ ഇടത്ത് കൂടുതല്‍ കൃഷി എന്ന അതിസാന്ദ്രതാ കൃഷി രീതിയിലേക്ക് മാറുകയാണ് കശുമാവും. അതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ ഊര്‍ജ്ജിതമാണ് കാര്‍ഷിക സര്‍വ്വകലാശാലയിലെ തൊണ്ണൂറേക്കര്‍ വരുന്ന കശുമാവ് കൃഷി ഫാമില്‍.സാധാരണ നിലയില്‍ ഏഴര-എട്ടു മീറ്റര്‍ അകലത്തില്‍ മാവുകള്‍ വയ്ക്കുന്നതിന് പകരം രണ്ടര- മൂന്ന് മീറ്റര്‍ അകലത്തില്‍ നട്ട് ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തനം ഫലം കണ്ടു തുടങ്ങിയിരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കേന്ദ്രം. ഒരേക്കറില്‍ 1200 തൈകള്‍ നടാന്‍ ഇതിലൂടെ കഴിയും.പരിപാലനമില്ലാതെ നട്ട്‌വിളവെടുക്കുന്ന കൃഷി എന്ന രീതി മാറി മറ്റു വിളകള്‍പോലെ ശരിയായ കൃഷിപരിപാലന രീതികള്‍ ഉപയോഗിച്ചുള്ള കൃഷിയാണ് ലക്ഷ്യം.
കണ്ണൂരാണ് കശുമാവിന്റെ കേന്ദ്രം. പിന്നെ കാസര്‍ഗോഡും. അവര്‍ വളരെ ഗൗരവമായ കൃഷിതന്നെയാണ് നടത്തുന്നത്. അതവരുടെ ജീവിത മാര്‍ഗ്ഗമാണ് എന്നതുകൊണ്ടുതന്നെ വളവും മരുന്നും പ്രയോഗിക്കുന്നു. മരുന്നു പ്രയോഗത്തിലെ അശാസ്ത്രീയതയാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇടയാക്കിയത്. അഗ്രോ ക്ലൈമാറ്റിക് സിറ്റുവേഷന്‍ അനുസരിച്ച് മലയോര-തീരദേശ-സമതല പ്രദേശങ്ങളെ 23 അഗ്രോ ഇക്കോളജിക്കല്‍ യൂണിറ്റുകളായി വിഭജിച്ചുള്ള ശാസ്ത്രീയ കൃഷി രീതികളിലേക്ക് മാറുകയാണ് കേരളം. ഒരോ യൂണിറ്റിനും പറ്റിയ കൃഷി പരിപാലന മുറകള്‍ കണ്ടെത്താനാണ് സര്‍വ്വകലാശാല ഇപ്പോള്‍ ശ്രമിക്കുന്നത്.ഇത് ഇന്നത്തെ കേരളത്തെ സംബ്ബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ് താനും. കശുമാവിനും ഇത് ബാധകമാണ്. തൃശൂരിലെ കശുമാവിന്റെ രീതിയല്ല കാസര്‍ഗോട്ടും കണ്ണൂരും, അതല്ല ഇടുക്കിയിലേത്. അപ്പോള്‍ ഓരോ കാര്‍ഷിക കാലാവസ്ഥ പരിസ്ഥിതി മേഖലയ്ക്കും അനുയോജ്യമായ കശുമാവാണ് വേണ്ടത്. എന്നാല്‍ അത് സംബ്ബന്ധിച്ച് ഗൗരവമേറിയ പഠനം നടന്നിട്ടില്ല. കേന്ദ്രം ഇത്തരത്തിലൊരു പഠനത്തിനുളള ബൃഹത് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കയാണ്. അത് അനുവദിച്ചാല്‍ ഈ പഠനം നടക്കും.
1973 മെയ് ഒന്നിനാണ് കേന്ദ്രം സ്ഥാപിതമായത്. ഇവിടം കശുവണ്ടിയുടെ ഒരു വലിയ ജനിതക ശേഖരമാണ്. 164 ഇനം കശുവണ്ടിയുടെ ജനിതക ശേഖരം ഇവിടെയുണ്ട്. ബ്രസീല്‍, ഫിലിപ്പീന്‍സ് തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ടുവന്നവയാണ് ഈ ശേഖരം. എല്ലാവര്‍ഷവും കശുവണ്ടി ദിനത്തില്‍ ഗവേഷണ കേന്ദ്രത്തില്‍ കശുവണ്ടി മേള സംഘടിപ്പിക്കാറുണ്ട്. 2019ല്‍ കുട്ടികളുടെ പോഷണത്തിന് കശുവണ്ടി പോഷകസമൃദ്ധം എന്ന ഫോക്കസിലായിരുന്നു മേള. 400-ലേറെ കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ ബുദ്ധിവികാസത്തിന് കശുവണ്ടിയുടെ പ്രാധാന്യം സംബ്ബന്ധിച്ച് ബോധവത്ക്കരണം നടത്താന്‍ കഴിഞ്ഞു. കശുവണ്ടി വിരുന്നുകാര്‍ക്കു വിളമ്പാനുള്ള വിശിഷ്ട ഭക്ഷണമാണ് എന്ന ധാരണ മാറ്റി വീട്ടുകാരുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതാണ് എന്ന സന്ദേശമാണ് കേന്ദ്രം പ്രചരിപ്പിക്കുന്നത്. കപ്പലണ്ടി കഴിക്കുംപോലെ നല്ല അളവില്‍ കുട്ടികളും മുതിര്‍ന്നവരും കശുവണ്ടി കഴിക്കേണ്ടതുണ്ട്. കുറച്ച് കൊഴുപ്പുണ്ടെങ്കിലും കശുവണ്ടി പൂര്‍ണ്ണമായും കൊളസ്‌ട്രോള്‍രഹിതമാണ് എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. പ്രോട്ടീനിന്റെ ഉയര്‍ന്ന അനുപാതവും എടുത്തു പറയേണ്ടതാണ്. സ്ത്രീകളൊക്കെ മധ്യവയസിലെത്തുമ്പോള്‍ നിര്‍ബ്ബന്ധമായും ഡ്രൈഫ്രൂട്ട്‌സൊക്കെ കഴിക്കണം. അതില്‍ നമുക്ക് വേഗം ലഭ്യമാകുന്നതും രുചിയേറിയതുമായ കശുവണ്ടിയുടെ ഉപയോഗം കൂട്ടേണ്ടതുണ്ട്. പഴയ കാലം പോലെയല്ല, പട്ടിണിക്കാരുടെയൊക്കെ എണ്ണം കുറഞ്ഞു.അത്തരത്തിലുളള ഒരു ബോധവത്ക്കരണം നടന്നു കഴിഞ്ഞാല്‍ നമ്മുടെ ആഭ്യന്തര വിപണിക്കാവശ്യമായത്ര കശുവണ്ടിപോലും കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. ആയിരത്തിനടുത്ത് കശുവണ്ടി ഫാക്ടറികള്‍ കൊല്ലത്തുണ്ട്. ആ ഫാക്ടറികള്‍ മുഴുവനും 365 ദിവസം പ്രവര്‍ത്തിപ്പിക്കാനുള്ള പരിപ്പ് ഇപ്പോള്‍ ലഭ്യമല്ല. സീസണില്‍ കേരളത്തിലെ കശുവണ്ടിയും അല്ലാത്തപ്പോള്‍ ആഫ്രിക്കന്‍ കശുവണ്ടിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം കശുമാവുളളത് ആന്ധ്രയിലാണ്. അവിടെ വലിയ ബൂം വരുകയാണ്. സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷക സമിതികളുണ്ടാക്കി വന്‍തോതില്‍ അവര്‍ കൃഷി ഇറക്കുകയാണ്. കശുവണ്ടിക്കു പുറമെ കശുമാങ്ങയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി ഈസ്റ്റ് ഗോദാവരി ,വിജയവാഡ എന്നിവിടങ്ങളില്‍ നിന്നും എത്തിയ രണ്ട് ഗ്രൂപ്പിന് കശുമാങ്ങ ഉത്പ്പന്ന നിര്‍മ്മാണത്തില്‍ ഗവേഷണ കേന്ദ്രം പരിശീലനം നല്‍കി കഴിഞ്ഞു.
കശുമാങ്ങയില്‍ നിന്നും ഉത്പ്പന്നങ്ങളുണ്ടാക്കുന്നതിന്റെ മേല്‍ക്കോയ്മയും സ്ഥാപനത്തിനുണ്ട്. പതിനാറിനം ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും എട്ടെണ്ണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. പരിശീലനം കിട്ടിയ സ്ത്രീകളുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍. താത്പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പുതുതലമുറയെ ലക്ഷ്യമിട്ടാണ് കാഷ്യു ആപ്പിള്‍ സോഡ തയ്യാറാക്കിയിരിക്കുന്നത്. യുവാക്കള്‍ക്ക് ഇതിഷ്ടമാകും.ഇപ്പോള്‍ ഗ്ലാസ് ബോട്ടിലിലാണ് ഇത് തയ്യാറാക്കുന്നത്. അതിനാല്‍ പുറത്തുകൊണ്ടുപോകാന്‍ കഴിയില്ല. ശുദ്ധമായ തണുപ്പിച്ച കശുവണ്ടി ആപ്പിള്‍ ജ്യൂസ് ജാനുവരിയില്‍ സര്‍വ്വകലാശാലയില്‍ വിപണനത്തിന് വയ്ക്കാറുണ്ട്. ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഈ ജ്യൂസ് കേടാകാതെ സൂക്ഷിച്ചു വയ്ക്കാനുള്ള ഗവേഷണം തുടരുകയാണ്. പഞ്ചസാരയും സിറപ്പുമൊക്കെ ചേര്‍ത്ത് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നുമുണ്ട്.കാറമാങ്ങ കൊണ്ടുളള അച്ചാറും ബേക്കറി ഉത്പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന പിഞ്ച് അണ്ടിയുമൊക്കെ ഈയിനത്തില്‍പെടും. വൈന്‍ ഉത്പാദിപ്പിക്കാനുളള സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്.കാര്‍ഷിക സര്‍വ്വകലാശാല സെയില്‍സ് കൗണ്ടറില്‍ കശുമാങ്ങ പിക്കിള്‍,സ്‌ക്വാഷ് ,കാന്‍ഡി,ജാം എന്നിവ ലഭ്യമാണ്. ഇതിനു പുറമെ ടൂട്ടി ഫ്രൂട്ടി, ബാര്‍,ചോക്കലേറ്റ് എന്നിവയും ഉതപ്പാദിപ്പിക്കുന്നുണ്ട്.കശുമാവ് ജൂസിന്റെ കറ നീക്കലാണ് പ്രധാനം.അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. കൊള്ളിപൊടി അഥവാ സാഗോ വെള്ളത്തില്‍ കുറുക്കി കശുമാങ്ങ നീരില്‍ ഇടുക. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കറ ഇതില്‍ ഊറിപിടിക്കും. തെളി എടുത്താല്‍ കറയില്ലാതെ ഉപയോഗിക്കാം. വീടുകളില്‍ ചെറിയ അളവിലാകുമ്പോള്‍ കൊള്ളിപൊടിക്കു പകരം കഞ്ഞിവെളളം ഒഴിച്ചാല്‍ മതിയാകും. സ്റ്റാര്‍ച്ചാണ് അടിസ്ഥാനം.
കശുമാവ് കര്‍ഷകര്‍ക്കുവേണ്ടി മാത്രമുളള സ്ഥാപനം എന്ന നിലയില്‍ കര്‍ഷകരുമായി നല്ല ബന്ധമാണ് സ്ഥാപനത്തിനുള്ളത്. സ്ഥിരമായ ഫീല്‍ഡ് വിസിറ്റുണ്ട്. കോട്ടയത്ത് റബ്ബര്‍ വെട്ടിമാറ്റി കശുമാവ് നടുന്ന അനേകം കര്‍ഷകര്‍ ബന്ധപ്പെടാറുണ്ട്. പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്തിലും കശുവണ്ടി കൃഷി പുരോഗമിക്കുന്നുണ്ട്.ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആന്റ് കൊക്കോ ഡെവലപ്പ്‌മെന്റ് എന്ന കൊച്ചിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സഹകരണത്തോടെ എല്ലാവര്‍ഷവും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. കാഷ്യൂ ആപ്പിള്‍ പ്രോസസിംഗിലും പരിശീലനം നല്‍കുന്നു. പരിശീലനം ആവശ്യമുള്ളവര്‍ക്ക് കേന്ദ്രത്തില്‍ ഫോണ്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. കശുമാങ്ങ പിടിക്കുന്ന സമയത്ത് അവരെ സൗജന്യ പരിശീലനത്തിനായി ക്ഷണിക്കും. നല്ല തിരക്കാണ് പരിശീലനത്തിന്.
ജൈവവളവും രാസവളവും ചേര്‍ന്ന മിക്‌സാണ് കൃഷിക്കായി ഗവേഷണ കേന്ദ്രം ശുപാര്‍ശ ചെയ്യുന്നത്. ജൈവം മാത്രമായി ഉപയോഗിക്കുന്നവരുമുണ്ട്. പത്തു വര്‍ഷത്തെ പഠനത്തില്‍ ബോധ്യപ്പെട്ടത് രണ്ട് രീതിയിലുള്ള കൃഷിയിലും ഉത്പ്പാദനം ഏതാണ്ട് ഒരുപോലെയാണെന്നാണ്. തേയില കൊതുകാണ് കശുമാവ് കര്‍ഷകരുടെ ഭീഷണി. വലിയ പ്രശ്‌നമാണ്. പൂ കരിയുക, തളിരില ഉരുകുക എന്നൊക്കെ കര്‍ഷകര്‍ പറയും . ശരിക്കും തേയില കൗതുകിന്റെ ആക്രമണമാണത്. ചെറുകിട കര്‍ഷകര്‍ മരത്തിലേക്ക് പുളിയുറുമ്പിനെ കയറ്റിവിടും . നീറുണ്ടെങ്കില്‍ പിന്നെ കൊതുക് വരില്ല. കണ്ണൂരുളള വാസവന്‍ ഈ രംഗത്ത് കുറേ പരീക്ഷണങ്ങള്‍ നടത്തി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ്. തളിരിലക്കാലത്ത് മരത്തില്‍ നിറയെ പുളിയുറുമ്പുണ്ടാകും. ഇത് കഴിയുമ്പോള്‍ ഒരു മുരടിപ്പിന്റെ കാലമാണ്. ഈ സമയം ആഹാരം തേടി ഉറുമ്പുകള്‍ മാറിപ്പോകാതിരിക്കാനായി തോട്ടത്തിന് ചുറ്റിലും മട്ടിയും തേക്കുമൊക്കെ വച്ചു പിടിപ്പിച്ച് മരങ്ങളെ പരസ്പ്പരം കോര്‍ത്ത് ഉറുമ്പിനുളള ആകാശ പാത തീര്‍ത്തു കൊടുക്കണം.
കാര്‍ഷിക സര്‍വ്വകലാശാല മൂന്ന കോമ്പിനേഷനുള്ള മരുന്ന് ചെറിയ അളവില്‍ മൂന്നു റൗണ്ട് അടിക്കാനാണ് കര്‍ഷകരെ ഉപദേശിക്കുക.പക്ഷേ കര്‍ഷകര്‍ അളവില്‍ കൂടുതലായി അടിക്കും . അതാണ് പ്രശ്‌നം. കര്‍ഷകര്‍ക്ക് കൊതുക് ചത്തു വീഴുന്നത് കാണണം.ഈ സമീപനം മാറണം.ഇത്തരത്തില്‍ മരുന്നിനെ മനസിലാക്കി അത് ഉപയോഗിക്കാന്‍ കഷകര്‍ ബോധമുള്ളവരായാലേ കശുമാവ് കൃഷി വാണിജ്യാടിസ്ഥാനത്തില്‍, വരുമാനം ലഭിക്കുന്ന വിധമുള്ള കൃഷിയാക്കാന്‍ കഴിയൂ.
കശുവണ്ടിയുടെ മറ്റൊരു പ്രത്യേകത അവ ആറുമാസത്തിലേറെ സൂക്ഷിച്ചുവയ്ക്കാം എന്നതാണ്. നന്നായി വെയിലത്തുണക്കണമെന്നേയുള്ളു. വില കൂടുമ്പോള്‍ വില്‍ക്കാം. മികച്ച പ്രവര്‍ത്തനത്തിലൂടെ കശുമാവ് കൃഷിയെ വലിയ തോതില്‍ തിരികെ കൊണ്ടുവരാനും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമാണ് കേന്ദ്രം ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. കൂടുതല്‍ വിളവ്, കൂടുതല്‍ വരുമാനം , തൊഴില്‍ സാധ്യതാ വര്‍ദ്ധനവ് എന്ന നേട്ടത്തിലേക്ക് കേരളം എത്താന്‍ ഈ പരിശ്രമങ്ങള്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല.
ബന്ധപ്പെടേണ്ട നമ്പര്‍-- 0487- 2370339.
ഇമെയില്‍- crsmadakkathara@kau.in
English Summary: Cashew research institute
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments