കശുമാങ്ങക്കാലം - പുതുതലമുറയ്ക്ക് അന്യമാകുന്ന കാലം....
പണ്ട് കാലങ്ങളിൽ രാവിലെ ഉണർന്നാൽ ഞാൻ ഉൾപ്പെടെയുള്ള കുട്ടികൾ ആദ്യം ഓടിയിരുന്നത് പറമ്പിലെ കപ്പലുമാവിന്റെ ചുവട്ടിലേക്കാണ്. ചുവട്ടിൽ വീഴുന്ന കപ്പലുമാങ്ങ പെരുക്കാൻ പിന്നെ മത്സരമാണ്. കപ്പലണ്ടി ആദ്യമേ തന്നെ മാങ്ങയിൽ നിന്നും വേർപെടുത്തും. മാങ്ങകേടില്ലാത്തതാണെങ്കിൽ കഴുകാനൊന്നും നിൽക്കില്ല കൂട്ടുകാർക്കും പാതി കൊടുത്ത് അപ്പോൾ തന്നെ അകത്താക്കും. അല്പം മുന്നോട്ട് ആഞ്ഞ് തല കുനിച്ചു പിടിച്ചു കടിച്ചു തിന്നുമ്പോൾ ''ഉടുപ്പിൽ വീഴിക്കല്ലേ കറയാകും'' എന്ന് കൂട്ടത്തിലുള്ള ചേച്ചിയുടെ മുന്നറിയിപ്പ്. പല വിളിപ്പേരുള്ള കശുമാവിന്റെ വിശേഷങ്ങൾ അറിഞ്ഞാലോ!
കശുമാവ്, കപ്പല്മാവ്,പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഒരു വൃക്ഷമാണ് Anacardium occidentale എന്ന ശാസ്ത്രീയ നാമവുള്ള കശുമാവ്. പോർച്ചുഗീസുകാർ (പറങ്കികൾ) കൊണ്ടുവന്ന മാവ് എന്നർത്ഥത്തിലാണ് പറങ്കിമാവ് എന്ന് വിളിക്കുന്നത്. കപ്പൽ കയറി വന്ന വിത്തായതുകൊണ്ട് കപ്പലണ്ടി എന്നും വിളിക്കുന്നു.
ഔഷധ ഗുണം ഏറെയുള്ളതാണ് കശുമാങ്ങ. കശുമാങ്ങയിൽ വിറ്റാമിൻ സി ഏറെ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കശുമാങ്ങയിൽ 261 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. കൂടാതെ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ്, തയ്യാമിൻ തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കാറൽ അഥവാ ചവർപ്പാണ് കശുമാങ്ങയെ വേറിട്ടതാക്കുന്നത്. കശുമാങ്ങയിൽ അടങ്ങിയിരിക്കുന്ന ടാനിന്റെ സാന്നിദ്ധ്യമാണ് ഈ ചവർപ്പിന് കാരണം.
ചെമ്പ്, ഓട്, അലുമിനിയം, പിച്ചള തുടങ്ങിയ കൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ ഇവ സൂക്ഷിക്കാനും പാടില്ല. ചവർപ്പ് ഇല്ലാതാക്കിയാൽ ഏറെ സ്വാദിഷ്ഠമാണ്. പ്ലാസ്റ്റിക്ക് ബക്കറ്റിൽ വൃത്തിയായി കഴുകിയ കശുമാങ്ങ ശേഖരിച്ച് കറിയുപ്പ് ലായനിയിൽ ഇട്ടാൽ (ഓരോ ദിവസവും ലായനി മാറ്റണം) ആറാം ദിവസം കഴുകി ഉപയോഗിക്കാം. ശേഷം ഈ കശുമാങ്ങ കൊണ്ട് ജാമോ അച്ചാറോ, സ്ക്വാഷോ എന്ത് വേണമെങ്കിലും ഉണ്ടാക്കാം. കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.
15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയുടെ പൂക്കൾക്ക് റോസ് നിറവും ഇലകൾക്ക് ഓവൽ ആകൃതിയും കശുവണ്ടിയുടെ തോടിലെ കറ പൊള്ളലുണ്ടാക്കുന്നതുമാണ്.കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്. പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു.
കശുമാവിൽ ഉണ്ടാകുന്ന കശുവണ്ടി എന്ന് വിളിക്കുന്ന, പഴത്തോട് ചേർന്ന് കാണുന്ന, വിത്താണ് സാധാരണ തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വ്യാപകമായി കൃഷി ചെയ്യുന്നതിനായി ബഡ്തൈകൾ ഉപയോഗിച്ചു വരുന്നു.അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.കണ്ണൂർ, കാസർകോഡ്, കൊല്ലം ഭാഗങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു.
CN Remya Chittettu
9447780702
English Summary: cashewmango
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments