<
Features

കൃഷിയിലെ സെലിബ്രിറ്റി വിപ്ലവം ; മണ്ണിലിറങ്ങിയ താരങ്ങളെ അറിയാം

മോഹന്‍ലാലിന് താത്പര്യം ജൈവപച്ചക്കറിയെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രിയം പഴങ്ങളുടെ കൃഷിയിലാണ്
മോഹന്‍ലാലിന് താത്പര്യം ജൈവപച്ചക്കറിയെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രിയം പഴങ്ങളുടെ കൃഷിയിലാണ്

കൃഷി പ്രമേയമാക്കിയ മലയാളസിനിമകള്‍ നിരവധിയുണ്ട്.  കഥാപാത്രങ്ങളിലൂടെ കര്‍ഷകന്റെ ഭാവപ്പകര്‍ച്ചകള്‍ അനശ്വരമാക്കിയ നടന്മാരും കുറവല്ല.  യഥാര്‍ത്ഥ ജീവിതത്തിലും കൃഷിയെ ഗൗരവമായെടുക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

അത്തരത്തില്‍ മണ്ണിലിറങ്ങിയ ചില താരങ്ങളെ പരിചയപ്പെടാം. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ശ്രീനിവാസന്‍, ജോജു ജോര്‍ജ്, അനൂപ് ചന്ദ്രന്‍, കൃഷ്ണപ്രസാദ് അങ്ങനെ പോകുന്നു താരങ്ങളുടെ നിര. വിളവെടുപ്പ് വിശേഷങ്ങള്‍ പങ്കുവച്ച് സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയയിലും നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്.

മോഹന്‍ലാല്‍

സിനിമയുടെ തിരക്കുകള്‍ക്കിടയിലും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ സജീവമായ താരമാണ് മോഹന്‍ലാല്‍. എറണാകുളം എളമക്കരയിലുളള വീടിനോട് ചേര്‍ന്ന അരയേക്കര്‍ സ്ഥലത്താണ് താരത്തിന്റെ പച്ചക്കറിത്തോട്ടം. കൃഷിയിടത്തില്‍ നിന്നും മോഹന്‍ലാല്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് പ്രചോദനമാകാറുണ്ട്. ലോക്ഡൗണ്‍ നാളുകളില്‍ താരം പങ്കുവച്ച വിശേഷങ്ങള്‍ക്ക് സോഷ്യല്‍ലോകത്ത് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

മമ്മൂട്ടി

മോഹന്‍ലാലിന് താത്പര്യം ജൈവപച്ചക്കറിയെങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രിയം പഴങ്ങളുടെ കൃഷിയിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിച്ച വ്യത്യസ്ഥ തരം പഴങ്ങളാണ് അദ്ദേഹം തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. തന്റെ തോട്ടത്തിലെ പഴങ്ങളുടെ വിളവെടുപ്പ് ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ശ്രീനിവാസന്‍

നമ്മുടെ നാട്ടില്‍ ജൈവകൃഷിയ്ക്ക് പ്രചാരമേറുന്നതിന് മുമ്പെ തന്നെ കാര്‍ഷികരംഗത്ത് സജീവമായ വ്യക്തിയാണ് ശ്രീനിവാസന്‍. എറണാകുളം കണ്ടനാട്ടെ തന്റെ സ്ഥലത്ത് സുഭാഷ് പലേക്കര്‍ മാതൃകയിലുളള കൃഷിരീതിയാണ് ശ്രീനിവാസന്‍ പിന്തുടരുന്നത്. വീട്ടിലേക്കാവശ്യമുളളതെല്ലാം കൃഷി ചെയ്യുന്ന താരം ഷൂട്ടിങ് ലൊക്കേഷനുകളിലും പച്ചക്കറികളുമായി എത്താറുണ്ട്. ജൈവകൃഷിയുടെ മാത്രമല്ല ശുദ്ധാഹാരത്തിന്റെയും പ്രചാരകനാണ് അദ്ദേഹം. കാര്‍ഷികകൂട്ടായ്മകളിലും സജീവമായ ഇദ്ദേഹം കാര്‍ഷികമേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് തുറന്നടിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തി ശ്രീനി ഫാംസ് എന്ന പേരില്‍ കമ്പനിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.

ജയറാം

നടന്‍ ജയറാമിന്റെ ചെണ്ടയോടും ആനയോടുമുളള കമ്പങ്ങള്‍ പ്രശസ്തമാണ്. എന്നാലിത് മാത്രമല്ല പശുക്കളോടും താരത്തിന് പ്രിയമാണ്.  തോട്ടുവയിലുളള തന്റെ ഗ്രാമത്തിലെ ആറേക്കര്‍ പറമ്പില്‍ ആനന്ദ് എന്ന പേരില്‍ ഫാം നടത്തുന്നുണ്ട് അദ്ദേഹം. മുന്തിയ ഇനമായ എച്ച്.എഫ് പശുക്കളാണ് ഫാമില്‍ കൂടുതലായുളളത്. വെച്ചൂര്‍, ജഴ്‌സി എന്നിവയും ഇതോടൊപ്പമുണ്ട്. പശുക്കള്‍ക്കുളള തീറ്റപ്പുല്ലും ഇവിടെത്തന്നെ കൃഷി ചെയ്തുവരുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുളള സൗകര്യങ്ങള്‍, പച്ചക്കറിക്കൃഷി എന്നിവയും ഇവിടെയുണ്ട്.  ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുളള വൈദ്യുതിയും ഇവിടെത്തന്നെ ഉത്പാദിപ്പിച്ചുവരുന്നു. അത്യാധുനിക സൗകര്യങ്ങളൊരുക്കി തയ്യാറാക്കിയിട്ടുളള ഈ ഫാമിന് കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ മാതൃക ഫാം എന്ന അംഗീകാരവും കിട്ടിയിട്ടുണ്ട്.

ജോജു ജോര്‍ജ്

ലോക്ഡൗണ്‍ നാളുകളിലാണ് നടന്‍ ജോജു ജോര്‍ജ് കൃഷിയില്‍ സജീവമായത്. ഗ്രോബാഗിലാണ് ഇദ്ദേഹത്തിന്റെ പച്ചക്കറിക്കൃഷി. ഇതോടൊപ്പം വെച്ചൂര്‍ പശുക്കള്‍, ആടുകള്‍, കോഴികള്‍, മത്സ്യങ്ങള്‍ എന്നിവയും അദ്ദേഹം വീട്ടില്‍ വളര്‍ത്തിവരുന്നു. വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണപ്രസാദ്

നടന്‍ കൃഷ്ണപ്രസാദ് നെല്‍ക്കൃഷിയിലാണ് സജീവം. കൃഷിയിലെ ഇടവേളകളാണ് ഇദ്ദേഹം സിനിമയ്ക്കായി മാറ്റിവയ്ക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ മാതൃകാ കര്‍ഷകനുളള പുരസ്‌ക്കാരമടക്കം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അനൂപ് ചന്ദ്രന്‍

ജൈവകൃഷിയുടെ പ്രചാരകന്‍ കൂടിയാണ് നടന്‍ അനൂപ് ചന്ദ്രന്‍. സിനിമയെക്കാള്‍ കൃഷിയ്ക്ക് പ്രാധാന്യം നല്‍കുന്ന നല്ലൊരു കര്‍ഷകനാണ് അദ്ദേഹം. കൃഷിയ്‌ക്കൊപ്പം പശുക്കളെയും വളര്‍ത്തിവരുന്നു.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/karshakashree-krishnaprasad-comes-to-see-you-at-our-krishi-jagaran/


English Summary: celebrities from malayalam film industry who are active in farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds