ലോക കമ്പോളത്തില്‍ നാളികേര ഉല്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കും
ബാങ്കോക്കിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പെയനൂട്ട് നാക്കയുമായി കൃഷിജാഗ്‌രണ്‍ നടത്തിയ അഭിമുഖം
?. തായ്‌ലന്റിലെ പ്രധാന കാര്‍ഷികവിളകള്‍ ഏതെല്ലാമാണ്
മാങ്ങ, വാഴപ്പഴം, തേങ്ങ, പപ്പായ എന്നിവയാണ് പ്രധാന വിളകള്‍. തേങ്ങയില്‍ അരോമാറ്റിക് തേങ്ങയ്ക്കാണ് വിപണിമൂല്യമുളളത്. 50-60 വര്‍ഷങ്ങള്‍ക്കുമുന്‍പ് കര്‍ഷകര്‍ കരിക്കിനായി പ്രത്യേകം വളര്‍ത്താന്‍ തുടങ്ങിയ ഇനമാണ് അരോമാറ്റിക് തേങ്ങ. ഇതിന് നല്ല രുചിയും മണവുമാണുളളത്. തായ് ഭാഷയില്‍ ഇതിന് നാം ഹോം എന്നാണ് പറയുക. ലോക കമ്പോളം ഇപ്പോള്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ഉല്പന്നമാണ് നാളികേരം.
?. തേങ്ങയുടെ ആഭ്യന്തര വിപണി സജീവമാണോ
തായ് ജനതയെ സംബന്ധിച്ചിടത്തോളം ഇത് ജീവന്റെ വൃക്ഷമാണ്. മനുഷ്യന് ഇത്രയും ഉപകാരം ചെയ്യുന്ന മറ്റൊരു വൃക്ഷമില്ല. കൊപ്ര, വെളിച്ചെണ്ണ, കൊപ്ര മീല്‍, ഡെഡിക്കേറ്റഡ് കോക്കനട്ട്, തേങ്ങാപ്പാല്‍, ക്രീം, ചാര്‍ക്കോള്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍, കയര്‍, കൊക്കോ പിറ്റ്, വിനിഗര്‍, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, സോപ്പ്, സ്‌കിന്‍ കെയര്‍ ഉല്പന്നങ്ങള്‍, അരോമ തെറാപ്പി, മസ്സാജ് ഓയില്‍, ഭക്ഷണമെന്ന നിലയില്‍ കോക്കനട്ട് ഫ്‌ളോര്‍, കോക്കനട്ട് സാപ്പ്, സിറപ്പ്, പഞ്ചസാര, തേങ്ങാവെള്ളം കൊണ്ടുളള പാനീയങ്ങള്‍, കരിക്ക്, കോക്കനട്ട് റം എന്നിങ്ങനെ ആഭ്യന്തര വിപണിയില്‍ സജീവമായ ഉപയോഗമാണ് തേങ്ങയ്ക്കുളളത്. ഇത് വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഉല്പ്പന്നങ്ങളാണ്. നേരത്തെ പാഴായിപ്പോയിരുന്ന തേങ്ങവെളളം ഇപ്പോള്‍ മികച്ച പാനീയമായി വില്‍ക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ഥാപന ഉടമയ്ക്ക് അധികവരുമാനവുമായി.
?. കയറ്റുമതി സംബന്ധിച്ച്
തേങ്ങ ഉല്പാദനത്തില്‍ ലോകത്തില്‍ ആറാംസ്ഥാനത്താണ് തായ്‌ലന്റ്. ഒരുവര്‍ഷം 17,21,640 ടണ്ണാണ് ഉല്പാദനം. 2,16,000 ഹെക്ടറില്‍ കൃഷി നടക്കുന്നു. 845 ദശലക്ഷം തേങ്ങകള്‍ സംഭരിക്കുന്നു. ഇതില്‍ അരോമാറ്റിക് കോക്കനട്ടിനാണ് വിദേശ വിപണിയില്‍ പ്രിയം. ചൈന, ജപ്പാന്‍, അമേരിക്ക, കാനഡ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ, നെതര്‍ലാന്റ് എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. ഓരോ വര്‍ഷവും കയറ്റുമതിയില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇപ്പോള്‍ അമേരിക്കയിലുളള അരോമാറ്റിക് കോക്കനട്ട് കയറ്റുമതി 2,25,11,925 കിലോയാണ്. ഇതിലൂടെ 1,36,67,000 ഡോളര്‍ നേടാന്‍ കഴിഞ്ഞു. നാളികേരത്തിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞതോടെ ഉപഭോഗ അളവിനനുസരിച്ച് സപ്ലൈ ചെയ്യാന്‍ കഴിയുമോ എന്ന സംശയമാണ് നിലവിലുളളത്.
?. കര്‍ഷകസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ
തായ്‌ലന്റില്‍ വലിയ കര്‍ഷകര്‍ തീരെയില്ലെന്നു പറയാം. 0.8 ഹെക്ടറാണ് ശരാശരി ഭൂമി. അതുകൊണ്ടുതന്നെ കര്‍ഷകക്കൂട്ടായ്മയിലൂടെയാണ് വിപണികള്‍ ശക്തമാക്കുന്നത്. ഈ കൂട്ടായ്മയുളളതിനാല്‍ മാര്‍ക്കറ്റില്‍ ഉല്പന്നത്തിന് കുറവു വരാതെ സപ്ലൈ ചെയ്യാന്‍ കഴിയും. അറിവുകള്‍ പങ്കുവെയ്ക്കുക, ഗുണമേന്മ ഉയര്‍ത്തുക എന്നിവയിലൂടെ അവര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. മാര്‍ക്കറ്റ് കണ്ടെത്താനും പുതിയ സാങ്കേതികവിദ്യ കൊണ്ടുവരാനും സര്‍ക്കാര്‍ സഹായിക്കുന്നു. മാവില്‍ പഴപ്പക്കിയുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ ആവി ചികിത്സ നടത്തിയത് ഇത്തരമൊരു കണ്ടുപിടുത്തമായിരുന്നു. അതോടെ ലക്ഷക്കണക്കിന് ടണ്‍ മാങ്ങ ജപ്പാനിലേക്ക് കയറ്റി അയക്കാന്‍ കഴിഞ്ഞു. തായ് സര്‍ക്കാരിന്റെ ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്ടീസസ് പദ്ധതിയില്‍ കര്‍ഷകര്‍ പങ്കെടുക്കുന്നത് ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇതില്‍ പങ്കാളിയാവുന്ന കര്‍ഷകര്‍ക്ക് ഇളവുകളും നല്‍കിവരുന്നുണ്ട്. കീടനാശിനി പ്രയോഗം പരമാവധി കുറയ്ക്കാനും ജൈവകീട നിയന്ത്രണത്തിനും ശ്രം നടന്നുവരുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ പരാദകീടങ്ങളെ വളര്‍ത്തുന്ന രീതിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുഴുവിനെയും പ്യൂപ്പയെയും നശിപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു. ഇപ്പോള്‍ തായ്‌ലന്റ് തേങ്ങാകൃഷിയിലെ പ്രതിസന്ധി തൊഴിലാളിക്ഷാമമാണ്.
English Summary: coconut
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments