'രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലേക്കുള്ള എന്റെ സ്ഥാനാരോഹണം, അത് ഇന്ത്യയിലെ പാവപ്പെട്ടവർക്ക് സ്വപ്നം കാണാനും, ആ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നതിന്റെയും തെളിവാണ്. ഒഡീഷയിലെ വളരെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര… പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് എനിക്കും ഒരു സ്വപ്നമായിരുന്നു. പക്ഷേ ഒട്ടനവധി പ്രതിസന്ധികളുണ്ടായിട്ടും ഞാൻ തീരുമാനിച്ചു. അങ്ങനെ എന്റെ ഗ്രാമത്തിൽ നിന്ന് കോളേജിൽ പോകുന്ന ആദ്യത്തെ വ്യക്തി ഞാനായി.'
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചടങ്ങിൽ പറഞ്ഞ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വാക്കുകൾ.
രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നിരവധി തവണ കരഘോഷം മുഴങ്ങി.
'ഞാൻ ആദിവാസി സമൂഹത്തിനെ പ്രതിനിധീകരിക്കുന്നയാളാണ്. വാർഡ് കൗൺസിലറിൽ നിന്നാണ് ഇന്ത്യയുടെ രാഷ്ട്രപതിയാകാനുള്ള അവസരം ലഭിച്ചത്. ഇതാണ് ജനാധിപത്യ ഇന്ത്യയുടെ മഹത്വം. ഒരു നിർധനരായ കുടുംബത്തിൽ നിന്നുള്ള, ആദിവാസി പുത്രിയ്ക്ക് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിൽ എത്താൻ കഴിയുമെന്നത് ജനാധിപത്യത്തിന്റെ ശക്തിയാണ്. രാഷ്ട്രപതി സ്ഥാനത്തെത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല.' മറിച്ച് ഇത് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും വിജയമാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
രാജ്യത്തിന്റെ പ്രഥമ വനിതയായി സ്ഥാനമേറ്റ സവിശേഷ നിമിഷങ്ങൾക്കൊപ്പം, ദ്രൗപതി മുർമു കൂട്ടിച്ചേർത്തത് അഭിമാനത്തിന്റെ മറ്റൊരു ഘടകം കൂടിയാണ്. രാജ്യം,
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സുപ്രധാന സമയത്താണ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് അവർ വ്യക്തമാക്കി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുമ്പോഴായിരുന്നു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്നും ദ്രൗപതി മുർമു വിവരിച്ചു. അതിനാൽ തന്നെ രാഷ്ട്രപതിയായുള്ള ഈ ഉത്തരവാദിത്തം തികച്ചും യാദൃശ്ചികമാണെന്നും, ഈ ചുമതല നിർവഹിക്കുക എന്നത് ഭാഗ്യമാണെന്നും അവർ വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളി വനിതകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങാൻ അവസരം
ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി, പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിത, സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ രാഷ്ട്രപതി… വിശേഷണങ്ങളും സവിശേഷതകളും നിറഞ്ഞതിനാൽ തന്നെ ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാചടങ്ങ് ജനാധിപത്യ ഇന്ത്യയുടെ ചരിത്രനിമിഷങ്ങളായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി പോലുള്ള വിശിഷ്ട വ്യക്തിത്വങ്ങളെയും, രാജ്യത്തിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഡോ. രാജേന്ദ്ര പ്രസാദ് മുതൽ രാംനാഥ് കോവിന്ദിനെയും ആദരപൂർവം ദ്രൗപതി മുർമു സ്മരിച്ചു.
വനവും വെള്ളവും
ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയുമായി ഇണങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോയ ഗോത്ര പാരമ്പര്യത്തിലാണ് താൻ ജനിച്ചതെന്ന് മുർമു പറഞ്ഞു. തന്റെ ജീവിതത്തിൽ വനങ്ങളുടെയും ജലാശയങ്ങളുടെയും പ്രാധാന്യം തനിക്കറിയാമെന്നും, പ്രകൃതിയിൽ നിന്ന് ആവശ്യമായ വിഭവങ്ങൾ എടുക്കുകയും പ്രകൃതിയെ തുല്യ ബഹുമാനത്തോടെ സേവിക്കുകയും ചെയ്യുന്നതാണ് തന്റെ പാരമ്പര്യമെന്നും ദ്രൗപതി മുർമു വിവരിച്ചു.
എന്റെ ഇതുവരെയുള്ള ജീവിതത്തിൽ, പൊതുസേവനത്തിലൂടെയുള്ള ജീവിതത്തിന്റെ അർഥം ഞാൻ അനുഭവിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിന്റെ നേട്ടങ്ങളേക്കാൾ സാമൂഹിക സേവനത്തിനായി പ്രവർത്തിക്കണമെന്നാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. നൂറ്റാണ്ടുകളായി അവശത അനുഭവിക്കുന്ന, വികസനത്തിന്റെ വേഗതയിൽ നിന്ന് മാറി നിൽക്കുന്ന, ദരിദ്രരും, താഴെത്തട്ടിലുള്ളവരും, പിന്നാക്കക്കാരും, ആദിവാസികളും… തന്നിൽ അവരുടെ പ്രതിഫലനം കാണാൻ കഴിയുന്നത് തനിക്ക് സംതൃപ്തി നൽകുന്നുവെന്നും ദ്രൗപതി മുർമു പറഞ്ഞു.
കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments